ദുബൈ: നാദൽ ഷിബ 3ൽ രണ്ട് കിലോമീറ്റർ നീളത്തിൽ റോഡ് വികസനം പൂർത്തിയാക്കി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). റോഡുകളുടെ മാർക്കിങ്, പാർക്കിങ് സ്ഥലങ്ങളുടെ നിർമാണം, 50 ലൈറ്റിങ് യൂനിറ്റുകൾ, ട്രാഫിക് സൈൻ ബോർഡുകൾ എന്നിവ സ്ഥാപിക്കൽ തുടങ്ങിയവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. പരിസരത്തെ സ്കൂളുകളിലേക്കുള്ള പ്രവേശന സൗകര്യം ഒരുക്കുന്നതിനും ഗതാഗതം കൂടുതൽ സുഗമമാകുന്നതിനും പദ്ധതി സഹായകമാവും.
ഇതു വഴി മേഖലയിലെ താമസക്കാർക്കും എമിറേറ്റിറ്റിലുടനീളവും ഗതാഗത ഗുണനിലവാരം മെച്ചപ്പെടുമെന്ന് ആർ.ടി.എ പ്രസ്താവനയിൽ അറിയിച്ചു. നാദൽ ഷിബ 3, 4 ഭാഗങ്ങളിലെ ഉൾറോഡുകൾ നിർമിക്കുന്നതിനായി പ്രഖ്യാപിച്ച സമഗ്ര പദ്ധതികളുടെ ഭാഗമാണ് നാദൽ ഷിബ 3 വികസന പദ്ധതി. റോഡുകളുടെയും ട്രാഫിക് ലിങ്കുകളുടെയും നിർമാണം, സൈക്ലിങ്, കാൽനട പാതകൾ, താമസക്കാർക്ക് അധിക പാർക്കിങ് സ്ഥലങ്ങളുടെ വികസനം എന്നിവയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുന്നത്. 2027ലെ ആദ്യ പാദത്തിൽ പദ്ധതി പൂർത്തിയാവുമെന്നാണ് പ്രതീക്ഷ. പദ്ധതിയിലൂടെ കിങ് സ്കൂളിന് ചുറ്റും സ്ട്രീറ്റ് 60, സ്ട്രീറ്റ് 62, സ്ട്രീറ്റ് 65 എന്നീ പേരുകളിൽ ഉൾറോഡുകൾ നിർമിക്കും.
നഗര വികസനത്തിനും താമസക്കാരുടെ ധ്രുതഗതിയിലുള്ള വളർച്ചക്കും അനുസരിച്ച് നാദൽ ഷിബ മേഖയിൽ സുസ്ഥിരമായ അടിസ്ഥാന സൗകര്യ വികസനങ്ങളാണ് ആർ.ടി.എ നടത്തിവരുന്നത്. മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 30,000ത്തിലധികം വരുന്ന താമസക്കാർക്കും ഇത് പ്രയോജനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.