രാജ്യത്ത് ബിസിനസ് രംഗം സജീവം

ദുബൈ: മേഖലയിലെ സംഘർഷാന്തരീക്ഷം രാജ്യത്തെ ബിസിനസ് മേഖലയെ ബാധിച്ചിട്ടില്ലെന്നും എല്ലാ പ്രധാന രംഗങ്ങളിലും സാമ്പത്തിക പ്രവർത്തനങ്ങൾ സാധാരണപോലെ തുടരുകയാണെന്നും യു.എ.ഇ മാനവവിഭവ ശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം.

വ്യാപാര സ്ഥാപനങ്ങൾ സാധാരണ പ്രവർത്തനങ്ങൾ തുടരുകയും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്ക് സ്വകാര്യ മേഖല ശക്തമായ പിന്തുണ നൽകുകയും ചെയ്യുന്നുവെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. കമ്പനികൾ സേവനങ്ങളും പദ്ധതികളും നിർമാണ പ്രവർത്തനങ്ങളും തുടരുകയും, സപ്ലൈ ചെയിനുകൾ സാധാരണ നിലയിൽ പ്രവർത്തിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

അതേസമയം സേവനങ്ങളുടെ തുടർച്ച ഉറപ്പാക്കാൻ പല കമ്പനികളും ഫ്ലെക്സിബിൾ വർക്ക് സംവിധാനങ്ങൾ ഉപയോഗിക്കുന്നതായി മന്ത്രാലയം അറിയിച്ചു. കൂടാതെ സേവനങ്ങൾ ലഭ്യമാക്കുന്നത് മികച്ച രീതിയിലാക്കാൻ ഡിജിറ്റൽ, സാങ്കേതിക സംവിധാനങ്ങളും വ്യാപകമായി സ്വീകരിക്കുന്നുണ്ട്.

നിലവിലെ പ്രാദേശിക സാഹചര്യങ്ങളിലും യു.എ.ഇ തൊഴിൽ വിപണി സ്ഥിരതയും ശക്തിയും പ്രകടിപ്പിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.അതേസമയം രാജ്യത്തുടനീളം തൊഴിൽ സ്ഥലങ്ങളും തൊഴിലാളികളുടെ താമസ സൗകര്യങ്ങളും മന്ത്രാലയം ഉദ്യോഗസ്ഥർ പരിശോധിച്ച് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുന്ന ഫീൽഡ് സന്ദർശനങ്ങളും സജീവമാണ്.

സുരക്ഷാ മുന്നറിയിപ്പുകൾ ലഭിക്കുമ്പോൾ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സൈറ്റ് സൂപ്പർവൈസർമാർക്കും തൊഴിലാളികൾക്കും ബോധവൽക്കരണവും സന്ദർശനത്തിൽ നൽകുന്നുണ്ട്.അതിനിടെ, നിലവിലെ സാമ്പത്തിക സാഹചര്യങ്ങൾ വിലയിരുത്തുകയും വിവിധ മേഖലകളിലെ സ്ഥാപനങ്ങൾക്ക് പിന്തുണ നൽകുന്നതിനുള്ള മാർഗങ്ങൾ അന്വേഷിക്കുകയും ചെയ്യുന്നതിനായി ബിസിനസ് ഗ്രൂപ്പുകളെയും ബിസിനസ് കൗൺസിലുകളെയും ഉൾപ്പെടുത്തി ദുബൈ ചേംബർ ഓഫ് കൊമേഴ്സ് 35 യോഗങ്ങൾ സംഘടിപ്പിച്ചു. ദുബൈയുടെ സാമ്പത്തിക വ്യവസ്ഥയുടെ ശക്തിയിലും സാധ്യതകളിലും യോഗത്തിൽ പങ്കെടുത്ത ബിസിനസ് പ്രതിനിധികൾ വിശ്വാസം പ്രകടിപ്പിച്ചു. സർക്കാരിന്റെ പിന്തുണയും പൊതുമേഖല–സ്വകാര്യ മേഖല കൂട്ടായ്മയും ദുബൈയെ ആഗോള വ്യാപാര-നിക്ഷേപ കേന്ദ്രമായി കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അവർ അഭിപ്രായപ്പെട്ടു.

Tags:    
News Summary - The business scene in the country is vibrant.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.