വൈദ്യുതിയില്ലാത്തതി​നെ തുടർന്ന്​ ലേബർ ക്യാമ്പിൽ പുറത്തിറങ്ങി നിൽക്കുന്ന തൊഴിലാളികൾ

വെള്ളവും വൈദ്യുതിയുമില്ല; പൂട്ടിപ്പോയ കമ്പനിയിലെ തൊഴിലാളികൾക്ക് ദുരിതം

ദുബൈ: വെള്ളവും വൈദ്യുതിയും നിലച്ചതോടെ മലയാളികളടക്കമുള്ള തൊഴിലാളികൾ ദുരിതത്തിൽ. ദുബൈ ഇൻവെസ്റ്റ്മെന്‍റ് പാർക്കിലെ പൂട്ടിപ്പോയ സ്ഥാപനത്തിലെ തൊഴിലാളികളാണ് ഇരട്ടി ദുരിതംപേറുന്നത്. കോടതിവിധി പ്രകാരമുള്ള നഷ്ടപരിഹാരം പ്രതീക്ഷിച്ച് 35 പേരാണ് ഡി.ഐ.പിയിലെ ലേബർ ക്യാമ്പിൽ തങ്ങുന്നത്. മാസങ്ങളായി കമ്പനി ബിൽ അടക്കാത്തതിനെ തുടർന്നാണ് വെള്ളവും വൈദ്യുതിയും നിലച്ചത്.

സിറിയക്കാരുടെ ഉടമസ്ഥതയിലുള്ള ഗ്ലാസ് ഫാക്ടറി അലംകോ എന്ന കമ്പനി ഒന്നരവർഷം മുമ്പാണ് കോവിഡിന്‍റെ പേരിൽ പൂട്ടിയത്. 200ഓളം തൊഴിലാളികൾ ഇവിടെയുണ്ടായിരുന്നു. സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ ഇവർ ലേബർ കോടതിയെ സമീപിച്ചതോടെ നഷ്ടപരിഹാരം നൽകാൻ ഉത്തരവായി. കമ്പനിയുടെ വാഹനങ്ങൾ വിറ്റ് 150ഓളം പേർക്ക് നഷ്ടപരിഹാരം നൽകി. 35 പേർ കൂടി നഷ്ടപരിഹാരം പ്രതീക്ഷിച്ച് ലേബർ ക്യാമ്പിൽ കഴിയുന്നുണ്ട്. ഇതിൽ പകുതിയും മലയാളികളാണ്. പഞ്ചാബ്, യു.പി, ഫിലിപ്പീൻസ്, ബംഗ്ലാദേശ് തുടങ്ങിയ സ്ഥലങ്ങളിലെ തൊഴിലാളികളുമുണ്ട്.

ഒന്നരലക്ഷം ദിർഹം (30 ലക്ഷം രൂപ) മുതൽ ശമ്പളയിനത്തിൽ ലഭിക്കാനുള്ളവർ ഇക്കൂട്ടത്തിലുണ്ട്. കമ്പനിയുടെ ആസ്തികൾ ഇനിയും അവിടെ ബാക്കിയുണ്ട്. പലരുടെയും വിസ കാലാവധി അവസാനിച്ചു. അഞ്ച് വർഷമായി നാട്ടിൽ പോകാത്തവരുമുണ്ട്. കേസിനെ തുടർന്ന് കഴിഞ്ഞ ദിവസം കമ്പനി സീൽ ചെയ്തതോടെയാണ് വെള്ളവും മുടങ്ങിയത്. ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ട് നഷ്ടപരിഹാരം എത്രയും വേഗം വാങ്ങിത്തരണമെന്നാണ് ഇവരുടെ ആവശ്യം. വെള്ളവും ഭക്ഷണവും അടക്കമുള്ള സംവിധാനം ഏർപ്പെടുത്താൻ സാമൂഹിക പ്രവർത്തകർ ഇടപെടുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.

Tags:    
News Summary - No water and electricity; Woe to the workers of the closed company

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.