ദുബൈ: വികസനവിഷയങ്ങളിൽ രാഷ്ട്രീയം കാണുന്നില്ലെന്ന് കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. ടി.ഒ. മോഹനൻ. യു.എ.ഇയിലെ കണ്ണൂർ ജില്ലക്കാരായ പ്രവാസികളുടെ കൂട്ടായ്മയായ വെൽഫെയർ അസോസിയേഷൻ ഓഫ് കണ്ണൂർ എക്സ്പാട്രിയേറ്റ്സ് (വെയ്ക്) ഖിസൈസ് ക്രസന്റ് സ്കൂളിൽ സംഘടിപ്പിച്ച 'കണ്ണൂരോണം' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മേയർക്കൊപ്പം അതിഥികളായെത്തിയ കോർപറേഷൻ ഡെപ്യൂട്ടി മേയർ സബീന ടീച്ചർ, മുൻ ഡെപ്യൂട്ടി ചെയർമാൻ സി. സമീർ, നോർക്ക റൂട്ട്സ് ഡയറക്ടർ ഒ.വി. മുസ്തഫ എന്നിവരെ പങ്കെടുപ്പിച്ച് 'കണ്ണൂരിന്റെ വികസനം: സാധ്യതകളും ആശങ്കകളും' വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. വികസന പ്രവർത്തനങ്ങളിൽ കക്ഷിരാഷ്ട്രീയം കലർത്തില്ലെന്നും വിഭാവനചെയ്തകാര്യങ്ങൾ സമയബന്ധിതമായി നടപ്പാക്കാനുള്ള എല്ലാ ശ്രമവും കോർപറേഷന്റെ ഭാഗത്തുന്ന് ഉണ്ടാകുമെന്നും മേയർ ഉറപ്പുൽകി.
അനൂപ് കീച്ചേരി മോഡറേറ്ററായിരുന്നു. ഓണസദ്യ, സാംസ്കാരിക ഘോഷയാത്ര, തിരുവാതിരക്കളി, മഹാബലിയുടെ എഴുന്നള്ളത്ത്, തായമ്പക, വനിതകളുടെ ശിങ്കാരിമേളം, ഒപ്പന, സിനിമ പിന്നണിഗായകൻ ദേവനാദ് അടക്കമുള്ളവരുടെ ഗാനമേള ഉൾപ്പെടെ കലാപരിപാടികളും നടന്നു. വെയ്ക് സെക്രട്ടറി കെ.പി. മഷൂദ്, എം.പി. മുരളി, നജീബ് കാദിരി, അഡ്വ. ഹാഷിക് തൈക്കണ്ടി, കെ.പി. അൻസാരി, എം.കെ. ഹരിദാസ്, ബാലനായർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.