ഷാർജ ഡ്രെയിനേജ്​​ പദ്ധതി അധിവേഗം പുരോഗമിക്കുന്നു

ഷാർജ: ഭൂഗർഭ ജല സംരക്ഷണത്തിനും മഴവെള്ളം മൂലമുണ്ടാകുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിനുമായി ഷാർജയിൽ പ്രഖ്യാപിച്ച സമഗ്ര ​ഡ്രെയിനേജ്​​​ പദ്ധതി അതിവേഗം പുരോഗമിക്കുന്നു. പദ്ധതിയുടെ ആദ്യ ഘട്ടം പിന്നിട്ടതായും നൂതനമായ നടപ്പാക്കൽ ഘട്ടത്തിലേക്കെത്തിയതായും ഷാർജ പൊതുമരാമത്ത്​ വകുപ്പ്​ ചെയർമാൻ അലി ബിൻ ഷഹീൻ അൽ സുവൈദി അറിയിച്ചു.

13 മുതൽ 20 മീറ്ററിലധികം ആഴത്തിലാണ്​ ഓവുചാൽ ലൈനുകൾ വ്യാപിപ്പിച്ചിരിക്കുന്നത്. ആദ്യ ഘട്ടം പൂർത്തിയാകുന്നതോടെ നഗരത്തിലുടനീളമുള്ള 22 സുപ്രധാന മേഖലകൾക്ക്​ പ്രയോജനം ലഭിക്കും. തുടർന്ന്​ മുവൈല ജില്ല വരെ 42 മേഖലകളിലേക്ക്​ വ്യാപിപ്പിക്കാനാണ്​ പദ്ധതി.

2027 ഫെബ്രുവരിയിൽ പദ്ധതി പൂർത്തിയാവുമെന്നും അദ്ദേഹം വ്യക്​തമാക്കി. 2024ൽ ആണ്​ 50 കോടി ദിർഹം ചെലവ്​ വരുന്ന ‘മിഡിൽ ലൈൻ പ്രൊജക്ട്​’ യു.എ.ഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ്​ അൽ ഖാസിമി പ്രഖ്യാപിച്ചത്​. പദ്ധതി പൂർത്തിയാകുന്നതോടെ കിങ്​ അബ്​ദുൽ അസീസ്​ സ്​ട്രീറ്റ്​, കൾച്ചറൽ സ്ക്വയർ വരെ നീളുന്ന അൽ വഹ്​ദ റോഡ്​, അൽ മജാസ്​ 2 ഉൾപ്പെടുന്ന കിങ്​ ഫൈസൽ സ്​ട്രീറ്റ്​, കോർണിഷ്​ മേഖല, ചുറ്റുമുള്ള അനുബന്ധ റോഡുകൾ എന്നിവക്ക്​ പ്രയോജനപ്പെടും.

എമിറേറ്റിൽ മഴവെള്ള നിയന്ത്രണവും പ്രളയ സാധ്യതകൾ കുറക്കാനും ലക്ഷ്യമിടുന്ന പദ്ധതിയുടെ ആകെ നീളം16 കിലോമീറ്ററാണ്. അൽ ഗുബൈ, അൽ സോർ എന്നിവിടങ്ങളിൽ രണ്ട്​ പ്രധാന പമ്പിങ്​ സ്​റ്റേഷനുകളുടെ നിർമാണമാണ്​ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുക​. സെക്കൻഡിൽ 6.2 ക്യുബിക്​ മീറ്റർ ജലം ഉൾകൊള്ളാൻ അൽ ഗുബൈബ സ്​റ്റേഷന്​ ശേഷിയുണ്ട്​.

അൽ ഗുബൈബ, അൽ തല, അൽ റിഫ, അൽ ഷബ, അൽ ദറാറി, അൽ തർഫ, ദസ്മാൻ, സംനാൻ, ഇൻഡസ്​ട്രിയൽ ഏരിയ 4ലെ വിവിധ ഭാഗങ്ങൾ, അൽ വഹ്​ദ സ്​ട്രീറ്റ്​, വാസിത്​ സ്​ട്രീറ്റ്​, അബു ഷഗാര ടണൽ എന്നിവിടങ്ങളിൽ​ സേവനം ലഭിക്കും. സെക്കൻഡിൽ 5.7 ക്യുബിക്​ മീറ്ററാണ്​ അൽ സോർ സ്​റ്റേഷന്‍റെ ശേഷി.

അൽ സുവൈഹീൻ, അൽ ഗുവൈർ, അൽ മുസല്ല, അൽ മനാക, അൽ യർമൂക്​, അൽ മുറൈജ, ഉമ്മുൽ തരറ, അൽ മഹത്ത, അൽ ജുബൈ, അൽ സോർ, അൽ നാദ്​, അൽ മജാസ്​, അബു ഷഗാര, കിങ്​ ഫൈസൽ റോഡിന്‍റെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇതു വഴി സേവനം ലഭിക്കും.

രണ്ട്​ ഘട്ടമായി നടപ്പിലാക്കുന്ന​ പദ്ധതിയുടെ ആദ്യ ഘട്ടം ഈ വർഷം അവസാനത്തോടെ പൂർത്തിയാകും. 2027ന്‍റെ ആദ്യ പാദത്തിൽ രണ്ടാം ഘട്ടവും പൂർത്തിയാകും. 651 തൊഴിലാളികളാണ്​ പദ്ധതിക്കാണ്​ പ്രവർത്തിച്ചുവരുന്നത്​. 

Tags:    
News Summary - Sharjah drainage project progressing at high speed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.