ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവള നിർമാണം പുരോഗമിക്കുന്നു

ദുബൈ: ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന ഹബായി മാറാനൊരുങ്ങുന്ന ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവള വികസന പദ്ധതിയുടെ ഒന്നാം ഘട്ടം നിശ്ചയിച്ച സമയപരിധിക്കുള്ളിൽ അതിവേഗം പുരോഗമിക്കുകയാണെന്ന് ദുബൈ സർക്കാർ അറിയിച്ചു. 2032ഓടെ വിമാന സർവിസുകൾ ആരംഭിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയുടെ എനേബ്ലിങ് ജോലികൾ, റൺവേ നിർമാണം, ടെർമിനലുകളുടെയും ഗേറ്റുകളുടെയും പ്രാഥമിക അടിത്തറയിടൽ എന്നിവ പൂർത്തിയായി. നിലവിൽ 1,300 കോടി ദിർഹത്തിന്‍റെ നിർമാണ കരാറുകളാണ് പുരോഗമിന്നത്. അടുത്ത ഘട്ടത്തിനായി 5,500 കോടിയിലധികം ദിർഹത്തിന്‍റെ സുപ്രധാന കരാറുകൾ നൽകാനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. നിർമാണം പൂർണമാകുന്നതോടെ പ്രതിവർഷം 26 കോടിയിലധികം യാത്രക്കാരെയും 1.2 കോടി ടൺ ചരക്കുകളും കൈകാര്യം ചെയ്യാൻ വിമാനത്താവളത്തിന് ശേഷിയുണ്ടാകും.



 


ദുബൈയുടെ സാമ്പത്തിക അജണ്ടയായ 'ഡി 33' ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും എമിറേറ്റിന്‍റെ ഗതാഗത-ലോജിസ്റ്റിക്സ് മേഖലകളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിലും പുതിയ വിമാനത്താവളം നിർണ്ണായക പങ്ക് വഹിക്കുമെന്ന് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം വ്യക്തമാക്കി. ദുബൈ ഇന്‍റനാഷനൽ എയർപോർട്ടിൽ (ഡി.എക്സ്.ബി) യാത്രാത്തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ, കൂടുതൽ വലിയ വ്യോമയാന പ്ലാറ്റ്‌ഫോമായ ദുബൈ വേൾഡ് സെൻട്രലിലേക്ക് (ഡി.ഡബ്ല്യു.സി) ഘട്ടംഘട്ടമായി മാറാൻ ഈ പദ്ധതി വഴിയൊരുക്കും. വരും ദശകങ്ങളിൽ ദുബൈയുടെ വികസനത്തിന് ഈ മെഗാ പ്രോജക്ട് വലിയ കരുത്തുപകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പദ്ധതി ഇപ്പോൾ വൻതോതിലുള്ള നിർമാണ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്ന് ദുബൈ എയർപോർട്സ് ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂം പറഞ്ഞു. പടിഞ്ഞാറൻ പാസഞ്ചർ ടെർമിനൽ, നാലാമത്തെ എയർക്രാഫ്റ്റ് കോൺകോഴ്‌സ് മന്ദിരം, ഓട്ടമേറ്റഡ് പീപ്പിൾ മൂവർ സിസ്റ്റം, അത്യാധുനിക ബാഗേജ് ഹാൻഡ്‌ലിങ് സംവിധാനം, ഡിസ്ട്രിക്റ്റ് കൂളിങ് പ്ലാന്‍റുകൾ എന്നിവയുൾപ്പെടെയുള്ള വലിയ നിർമാണ പാക്കേജുകളാണ് അടുത്ത ഘട്ടത്തിൽ അനുവദിക്കുന്നത്. അഞ്ച് സമാന്തര റൺവേകൾ, രണ്ട് പാസഞ്ചർ ടെർമിനലുകൾ, ഏഴ് കോൺകോഴ്‌സുകൾ, 430ലധികം എയർക്രാഫ്റ്റ് സ്റ്റാൻഡുകൾ എന്നിവയടങ്ങുന്ന വിപുലമായ സജ്ജീകരണങ്ങളാണ് വിമാനത്താവളം പൂർണസജ്ജമാകുമ്പോൾ യാത്രക്കാരെ കാത്തിരിക്കുന്നത്.

കഴിഞ്ഞ 15 മാസത്തിനിടെ ഒരു കോടിയിലധികം തൊഴിൽ മണിക്കൂറുകളാണ് നിർമാണ സൈറ്റിൽ പൂർത്തിയായത്. 17,000ത്തിലധികം കോൺക്രീറ്റ് പൈലുകൾ സ്ഥാപിച്ചു. 4.5 കോടി ഘനമീറ്ററിലധികം മണ്ണ് മാറ്റി. ഇതിനൊപ്പം 45 ലക്ഷം ഘനമീറ്റർ കോൺക്രീറ്റ് ജോലികളും ഒന്നാം ഘട്ടത്തിന്‍റെ ഭാഗമായുള്ള രണ്ടാമത്തെ റൺവേയുടെ നിർമാണവും പൂർത്തിയായിട്ടുണ്ട്. നിലവിൽ 9,000 ഉള്ള തൊഴിലാളികളുടെ എണ്ണം നിർമാണം നിർണായക ഘട്ടത്തിലെത്തുമ്പോൾ ഏകദേശം 120,000 ആയി ഉയരും. ഇതിനൊപ്പം ദുബൈ ഇന്‍റർനാഷനൽ എയർപോർട്ടിലെയും ദുബൈ വേൾഡ് സെൻട്രലിലെയും നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനായി 1,600 കോടി ദിർഹത്തിന്‍റെ മറ്റ് പദ്ധതികളും പുരോഗമിക്കുകയാണ്. ഇതിൽ ബോയിങ് 787 വൈഡ് ബോഡി വിമാനങ്ങൾ ഉൾപ്പെടെ അവതരിപ്പിച്ച് തങ്ങളുടെ സർവീസുകളും വിമാനശേഖരവും വിപുലീകരിക്കാൻ ഒരുങ്ങുന്ന ഫ്ലൈ ദുബൈയുടെ ഭാവി പ്രവർത്തനങ്ങൾക്കായി ഡി.ഡബ്ല്യു.സിയിലെ ടെർമിനൽ വികസിപ്പിക്കുന്നതും ഡി.എക്സ്.ബിയിലെ ടെർമിനൽ റോഡുകൾ നവീകരിക്കുന്നതും ഉൾപ്പെടുന്നു.

Tags:    
News Summary - Al Maktoum International Airport construction progressing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.