ഹത്ത മലനിരകളിൽ കുടുങ്ങിയ പർവതാരോഹകനെ രക്ഷപ്പെടുത്തി ദുബൈ പൊലീസ്

ദുബൈ: ഹത്ത പർവതനിരകളിൽ വഴിതെറ്റി കുടുങ്ങിപ്പോയ അറബ് സ്വദേശിയെ ഹത്ത പൊലീസ് സ്റ്റേഷന്‍റെ നേതൃത്വത്തിൽ വിജയകരമായി രക്ഷപ്പെടുത്തി ദുബൈ പൊലീസ്. പ്രത്യേക രക്ഷാപ്രവർത്തന സംഘവും എമർജൻസി റെസ്ക്യൂ ടീമും പങ്കെടുത്ത വിപുലമായ തിരച്ചിലിനൊടുവിൽ എയർലിഫ്റ്റ് ചെയ്താണ് ഇയാളെ രക്ഷിച്ചത്. രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിലാണ് ഇയാളെ കണ്ടെത്തി രക്ഷപ്പെടുത്തിയത്. ഹത്ത പർവതനിരകളിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നതായും സഹായം വേണമെന്നുമുള്ള റിപ്പോർട്ട് ജനറൽ ഡിപാർട്മെന്‍റ് ഓഫ് ഓപറേഷൻസിലെ കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററിന് ലഭിച്ചത് കഴിഞ്ഞ ശനിയാഴ്ചയാണെന്ന് ഹത്ത പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ മുബാറക് അൽ കെത്ബി പറഞ്ഞു. റിപ്പോർട്ട് ലഭിച്ച ഉടൻ തന്നെ നിരീക്ഷണ-രക്ഷാപ്രവർത്തന യൂനിറ്റുകൾ ഉൾപ്പെടുന്ന ‘ബ്രേവ് ടീമിനെ’ രക്ഷാ ദൗത്യമേൽപിച്ചു. ഒപ്പം, ഹത്ത പൊലീസ് പട്രോളിങ് സംഘം, നാഷനൽ ആംബുലൻസ് എയർ യൂനിറ്റ്, ദുബൈ പൊലീസ് എയർ വിങ് ജനറൽ ഡിപാർട്മെന്‍റ് ഓഫ് ട്രാൻസ്പോർട് ആൻഡ് റെസ്ക്യൂവിലെ ഡിഫിക്കൽറ്റ് മിഷൻസ് ടീം, നാഷനൽ ഗാർഡ് പട്രോളിങ് സംഘം, ദുബൈ കോർപറേഷൻ കോർപ്പറേഷൻ ഫോർ ആംബുലൻസ് സർവീസസിലെ പാരാമെഡിക്കൽ ജീവനക്കാർ എന്നിവരെയും നിയോഗിച്ചു.

റിപ്പോർട്ടിൽ നൽകിയ ലൊക്കേഷൻ കൃത്യമല്ലായിരുന്നു. ദുർഘടമായ ഭൂപ്രകൃതിയും കുത്തനെയുള്ള മലനിരകളും കാണാതായ ആളുടെ അടുത്തേക്ക് എത്തിപ്പെടുകയെന്നതിന് രക്ഷാപ്രവർത്തകർക്കുമുന്നിൽ വലിയ വെല്ലുവിളികൾ സൃഷ്ടിച്ചു. ഈ പ്രതിസന്ധികൾക്കിടയിലും തങ്ങളുടെ അനുഭവ സമ്പത്തും വൈദഗ്ധ്യവും ഉപയോഗിച്ച് ഉയർന്ന പ്രൊഫഷണലിസത്തോടെ സംഘം ദൗത്യം കൈകാര്യം ചെയ്തു. ഒടുവിൽ രണ്ട് ദിവസത്തെ തിരച്ചിനുശേഷം ഇയാളെ കണ്ടെത്തി. അവശനായിരുന്നയാൾക്ക് ആവശ്യമായ വൈദ്യസഹായം നൽകുകയും ചെയ്തു. മലനിരകളും അരുവികളും അണക്കെട്ടുകളും കാണാൻ വലിയതോതിൽ ഹത്ത മേഖലയിലെ മലയോര പ്രദേശങ്ങളിലേക്കും താഴ്വരകളിലേക്കുമൊക്ക വൻതോതിൽ സന്ദർശകരും വിനോദസഞ്ചാരികളും എത്തുന്നുണ്ട്. ഇവിടങ്ങളിലെ അടിയന്തിര സാഹചര്യങ്ങളോട് പ്രതികരിക്കാൻ ഹത്ത പോലീസ് സ്റ്റേഷൻ എപ്പോഴും സജ്ജമാണെന്ന് ബ്രിഗേഡിയർ അൽ കെത്ബി ഉറപ്പുനൽകി. ദുർഘട പ്രദേശത്തുകൂടെ സഞ്ചരിക്കാൻ പ്രത്യേകം രൂപകൽപന ചെയ്ത പട്രോളിങ്വാഹനങ്ങളാണ് ഹത്ത പൊലീസ് ഉപയോഗിക്കുന്നത്. പ്രത്യേക ടയറുകൾ, നൂതന സ്മാർട്ട് സാങ്കേതികവിദ്യകൾ, കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററുമായി ബന്ധിപ്പിച്ചിട്ടുള്ള ആധുനിക ആശയവിനിമയ സംവിധാനങ്ങൾ, രക്ഷാപ്രവർത്തനത്തിനുള്ള സമ്പൂർണ ഉപകരണങ്ങൾ എന്നിവ ഈ വാഹനങ്ങളുടെ സവിശേഷതകളാണ്. ഈ പട്രോളിങ് സംഘങ്ങളിലെ ഉദ്യോഗസ്ഥർക്ക് അടിയന്തര സാഹചര്യങ്ങളിൽ കൃത്യമായി ഇടപെടുന്നതിന് 24 മണിക്കൂറും പ്രത്യേക പരിശീലനം നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടിയന്തര സാഹചര്യങ്ങളോട് പ്രതികരിക്കാൻ എപ്പോഴും സജ്ജരായിരിക്കുന്നവരാണ് ബ്രേവ് ടീം. സംഘം രക്ഷാപ്രവർത്തനങ്ങൾ നിരന്തരം നടത്താറുണ്ടെന്നും പരിപാടികൾക്ക് സുരക്ഷ ഉറപ്പാക്കാറുണ്ടെന്നും ബ്രിഗേഡിയർ അൽ കെത്ബി പറഞ്ഞു. മലയോര മേഖലകളിലോ താഴ്‌വരകളിലോ അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ ഉടൻ 999 എന്ന അടിയന്തര നമ്പറിലോ ദുബൈ പോലീസ് സ്മാർട്ട് ആപ്ലിക്കേഷനിൽ ലഭ്യമായ എസ്.ഒ.എസ് ഫീച്ചർ വഴിയോ ബന്ധപ്പെടാൻ അദ്ദേഹം നിർദേശം നൽകി. 

Tags:    
News Summary - Dubai Police rescue hiker trapped in Hatta mountains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.