അബൂദബി കേരള സോഷ്യല്‍ സെന്‍ററിന്‍റെ 2026 - 2027 പ്രവര്‍ത്തന വര്‍ഷം സംവിധായകന്‍ ലാല്‍ ജോസ് ഉദ്ഘാടനം ചെയ്യുന്നു
അബൂദബി: ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായി മനുഷ്യരെല്ലാം ഒരുമിച്ചുകൂടുന്ന ഇടങ്ങള്‍ കൂടുതല്‍ രൂപപ്പെടുത്തേണ്ട കാലമാണിതെന്ന് സംവിധായകന്‍ ലാല്‍ ജോസ്. അബൂദബി കേരള സോഷ്യല്‍ സെന്‍ററിന്‍റെ 2026 - 2027 പ്രവര്‍ത്തനവര്‍ഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരസ്പരം സഹായിക്കാന്‍ കഴിയുന്ന ആളുകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടിയിരിക്കുന്നു. അവനവന്‍റെ സമയം മറ്റുള്ളവര്‍ക്ക് നല്‍കുന്നതാണ് നമുക്ക് അവര്‍ക്കായി നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനമെന്നും അത്തരം കൂട്ടായ്മകളാണ് കാലഘട്ടത്തിന്‍റെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെന്‍റര്‍ പ്രസിഡന്‍റ ടി.കെ. മനോജ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ റാക്കോ മാനേജിങ്ങ് ഡയറക്ടര്‍ ജയപ്രകാശന്‍ ബാഹുലേയന്‍ മുഖ്യാതിഥിയായിരുന്നു.
ശക്തി തിയറ്റേഴ്‌സ് പ്രസിഡന്‍റ് വി.പി. കൃഷ്ണകുമാര്‍, യുവകലാസാഹിതി ആക്ടിങ്ങ് പ്രസിഡന്‍റ് മനു കൈനകരി, ഫ്രെണ്ട്സ് എ.ഡി.എം.എസ് പ്രസിഡന്‍റ് ഗഫൂര്‍ എടപ്പാള്‍, മലയാളം മിഷന്‍ അബൂദബി ചാപ്റ്റര്‍ പ്രസിഡന്‍റ് സഫറുള്ള പാലപ്പെട്ടി, വനിതാ വിഭാഗം കണ്‍വീനര്‍ റീന നൗഷാദ്, സെന്‍റര്‍ ബാലവേദി പ്രസിഡന്‍റ് നയനിക ശ്രീജിഷ് എന്നിവര്‍ സംസാരിച്ചു. ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്‍റര്‍ പ്രസിഡന്റ് ബിജി തോമസ്, അബൂദബി മലയാളി സമാജം പ്രസിഡന്‍റ് സലിം ചിറക്കല്‍, ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ വൈസ് പ്രസിഡന്‍റ് വി.പി.കെ. അബ്ദുല്ല, അഹല്യ മെഡിക്കല്‍ ഗ്രൂപ് സീനിയര്‍ ഓപറേഷന്‍സ് മാനേജര്‍ സൂരജ് പ്രഭാകര്‍ എന്നിവര്‍ പങ്കെടുത്തു. സി.ബി.എസ്.ഇ, പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ നികേത് വിനീഷിനെ ആദരിച്ചു. ജനറല്‍ സെക്രട്ടറി സജീഷ് നായര്‍ സ്വാഗതവും ജോ. സെക്രട്ടറി പുന്നൂസ് ചാക്കോ നന്ദിയും പറഞ്ഞു. അഞ്ജു സമീര്‍ ആയിരുന്നു ചടങ്ങിന്‍റെ അവതാരക. ലാല്‍ ജോസുമായുള്ള ‘സിനിമാ വര്‍ത്തമാനം’ സംവാദ പരിപാടി ശ്രദ്ധേയമായി. ജയേഷ് വട്ടക്കാട്ടില്‍, അനീഷ് ശ്രീദേവി എന്നിവര്‍ സംവാദത്തിന് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.