ഹമദ് ബിൻ ഇസ ആൽ ഖലീഫ
മനാമ: രാജ്യത്തെ നിക്ഷേപ മേഖലയ്ക്ക് സുരക്ഷയേകാനും ഉപഭോക്തൃ സംരക്ഷണം ശക്തമാക്കാനും ലക്ഷ്യമിട്ടുള്ള പുതിയ നിയമങ്ങൾക്കും നിയമഭേദഗതികൾക്കും രാജാവ് ഹമദ് ബിൻ ഇസ ആൽ ഖലീഫ അംഗീകാരം നൽകി. പാർലമെന്റും ശൂറ കൗൺസിലും പാസാക്കിയ നിയമങ്ങൾ നീതിന്യായം, വ്യവസായം, ആരോഗ്യം, സർക്കാർ ടെൻഡറുകൾ തുടങ്ങി വിവിധ മേഖലകളെ ഉൾക്കൊള്ളുന്നതാണ്. കൂടാതെ, നിരവധി പ്രാദേശിക, അന്തർദേശീയ കരാറുകൾക്കും രാജ്യം അംഗീകാരം നൽകി. ഈ നിയമ പാക്കേജിലെ പ്രധാനപ്പെട്ട ഒന്നാണ് പുതിയ ലീഗൽ പ്രൊഫഷൻ ലോ. 1980ലെ നിയമത്തിന് പകരമായി കൊണ്ടുവന്ന പുതിയ നിയമം, നിയമ-ന്യായാധിപ രംഗത്തെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും അഭിഭാഷകരുടെയും നിയമസ്ഥാപനങ്ങളുടെയും പ്രവർത്തനം മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നതാണ്. പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തനം ക്രമീകരിക്കുന്നതിന് അഭിഭാഷകർക്കും നിയമസ്ഥാപനങ്ങൾക്കും പ്രത്യേക സാവകാശം നൽകും.
വ്യവസായ മേഖലയിലെ നിക്ഷേപ അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിനായി ‘എസ്റ്റാബ്ലിഷ്മെന്റ് ആൻഡ് ഓർഗനൈസേഷൻ ഓഫ് ഇൻഡസ്ട്രിയൽ ഏരിയാസ് ലോ’യിൽ നിർണ്ണായകമായ ഭേദഗതികൾ വരുത്തി. വ്യവസായ പ്ലോട്ടുകളുടെ മാനേജ്‌മെന്റ് മെച്ചപ്പെടുത്തുന്നതിനും വ്യാവസായിക ഭൂമിയും സൗകര്യങ്ങളും കൂടുതൽ ഫലപ്രദമായി ഉപയോഗിക്കുന്നതിനും ഈ മാറ്റങ്ങൾ സഹായിക്കും. ആരോഗ്യ രംഗത്ത് ചികിത്സാ സേവനങ്ങളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുന്നതിനായി മെഡിക്കൽ, ഡെന്റൽ പ്രാക്ടീസ് നിയമങ്ങളിലും ഭേദഗതികൾ കൊണ്ടുവന്നു. ലൈസൻസില്ലാതെ ഈ തൊഴിലുകളിൽ ഏർപ്പെടുന്നവർക്കും തെറ്റായ യോഗ്യതകൾ അവകാശപ്പെടുന്നവർക്കും എതിരെ കർശനമായ പിഴകളും നടപടികളും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഇത് സഹായിക്കും.
ഉപഭോക്തൃ സംരക്ഷണ നിയമങ്ങളിൽ വരുത്തിയ ഭേദഗതികൾ പ്രകാരം, അധികൃതർക്ക് നിയമലംഘകർക്കെതിരെ ഭരണപരമായ പിഴകളും നടപടികളും സ്വീകരിക്കാൻ കൂടുതൽ അധികാരം ലഭിക്കും. വാണിജ്യ ഡിസ്കൗണ്ട് ഓഫറുകളും പ്രൊമോഷണൽ കാമ്പെയ്‌നുകളും നിയന്ത്രിക്കുന്നതിലൂടെ ഉപഭോക്താക്കളെ കൂടുതൽ മികച്ച രീതിയിൽ സംരക്ഷിക്കാൻ സാധിക്കും. സർക്കാർ ടെൻഡർ നിയമം, സിവിൽ ആൻഡ് കൊമേഴ്സ്യൽ പ്രൊസീജ്യർ ആക്ട് എന്നിവയിലും ഭേദഗതികൾ വരുത്തിയിട്ടുണ്ട്. ഇതിനുപുറമെ, ഇരട്ട നികുതി ഒഴിവാക്കുന്നതിനായി സൗദി അറേബ്യയുമായി ധാരണയിലെത്തുകയും, സമുദ്ര പരിസ്ഥിതി സംരക്ഷണം, സാമ്പത്തിക വിവര കൈമാറ്റം, ശിക്ഷിക്കപ്പെട്ടവരുടെ കൈമാറ്റം തുടങ്ങിയ അന്തർദേശീയ കൺവെൻഷനുകളിൽ ബഹ്‌റൈൻ ഭാഗമാവുകയും ചെയ്തു. ആഗോള വികസനങ്ങൾക്ക് അനുസൃതമായി നിയമ-നിയന്ത്രണ ചട്ടക്കൂടുകൾ ആധുനികവൽക്കരിക്കാനുള്ള ബഹ്‌റൈന്റെ പ്രതിബദ്ധതയാണ് ഈ സമഗ്ര നിയമപരിഷ്കരണം വ്യക്തമാക്കുന്നത്. നിക്ഷേപ സൗഹൃദ അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിനും, സുസ്ഥിര വികസനത്തിനായുള്ള ഒരു പ്രാദേശിക കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ പദവി ഉയർത്തുന്നതിനും ഈ പരിഷ്കാരങ്ങൾ വഴിയൊരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.