ദുബൈ: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി യു.എ.ഇയിലെ തൊഴിലാളികൾക്കായി ഒരു ദശലക്ഷം ദിർഹത്തിലധികം മൂല്യമുള്ള സമ്മാനങ്ങളുമായി മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം. രാജ്യത്ത് പത്ത് കേന്ദ്രങ്ങളിലാണ് വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നത്. രണ്ട് ദിവസങ്ങളിലായാണ് ആഘോഷങ്ങൾ നടക്കുക.
യു.എ.ഇയുടെ വികസനക്കുതിപ്പിൽ നിർണായക പങ്ക് വഹിക്കുന്ന തൊഴിലാളി സമൂഹത്തോടുള്ള ആദരസൂചകമായാണ് മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം എല്ലാവർഷവും പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ഡിസംബർ 31ന് വൈകുന്നേരം നാലിന് ആരംഭിക്കുന്ന ആഘോഷങ്ങൾ ജനുവരി ഒന്നിന് രാത്രി ഒമ്പതുവരെ നീളും. കാർ, വിമാന ടിക്കറ്റുകൾ, മൊബൈൽ ഫോണുകൾ തുടങ്ങി പത്ത് ലക്ഷത്തിലധികം ദിർഹത്തിന്റെ സമ്മാനങ്ങളും റാഫിൾ ഡ്രോയിലൂടെ വിതരണം ചെയ്യും. കായികമത്സരങ്ങളും കലാപരിപാടികളുമാണ് ഓരോ കേന്ദ്രങ്ങളിലും ഒരുക്കിയിരിക്കുന്നത്. വടംവലി, കാരംസ് മത്സരങ്ങൾക്കൊപ്പം തത്സമയ സംഗീത നിശകൾ, കോമഡി ഷോകൾ, ഡാൻസ് പ്രകടനങ്ങൾ, കരിമരുന്ന് പ്രയോഗങ്ങൾ, ഫൺ ഗെയിമുകൾ എന്നിവയും അരങ്ങേറും. പുതുവർഷത്തെ വരവേൽക്കാൻ വർണാഭമായ വെടിക്കെട്ടുമുണ്ടാകും. ദുബൈയിലെ ജബൽ അലി, മുഹൈസിന, അബൂദബിയിലെ ഹമീം, മഫ്റഖ്, ഷാർജയിലെ അൽ സജ്ജ തുടങ്ങി രാജ്യമൊട്ടാകെ പത്ത് കേന്ദ്രങ്ങളിലാണ് ആഘോഷങ്ങൾ. ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ചാവും എല്ലാ ആഘോഷങ്ങളും. മുഴുവൻ തൊഴിലാളികളെയും പരിപാടിയിൽ പങ്കെടുപ്പിക്കുന്ന രീതിയിലാണ് ആഘോഷപരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.