ദുബൈ: തൊഴിലാളികൾക്ക് സുരക്ഷിതമായ താമസ സൗകര്യമൊരുക്കുന്നതിന് ഓൺലൈൻ സംവിധാനവുമായി യു.എ.ഇ ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം. ആരോഗ്യ-സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പുതിയ സംവിധാനം കെട്ടിട ഉടമകളെ തൊഴിലുടമകളുമായി ബന്ധിപ്പിക്കുമെന്ന് ഒക്യുപേഷനൽ ഹെൽത്ത് ആൻഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഇബ്രാഹീം അബ്ദുറഹ്മാൻ അൽ അമ്മാരി അറിയിച്ചു. മന്ത്രാലയം തുടർച്ചയായി തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ പരിശോധനകൾ നടത്തിവരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ വെബ്സൈറ്റായ www.mohre.gov.aeൽ താമസസൗകര്യം രജിസ്റ്റർ ചെയ്യുകയും അതുപയോഗിച്ച് തൊഴിലുടമകൾക്ക് യോജിച്ച സ്ഥലങ്ങൾ കണ്ടെത്താൻ സൗകര്യമൊരുക്കുന്നതുമാണ് സംവിധാനം. തൊഴിലുടമകൾക്ക് വാടകക്ക് നൽകിയ താമസസ്ഥലം രജിസ്റ്റർ ചെയ്യാനും പോർട്ടൽ വഴി തൊഴിലാളികളെ ഇതിൽ ചേർക്കാനും കഴിയുമെന്നും അധികൃതർ വ്യക്തമാക്കി.
മന്ത്രാലയത്തിന്റെ മാർഗനിദേശപ്രകാരം ഓരോ വ്യക്തിക്കും കുറഞ്ഞത് മൂന്ന് ചതുരശ്ര മീറ്റർ സ്ഥലമെങ്കിലും താമസ സ്ഥലത്തുണ്ടാകണം. നല്ല വെളിച്ചമുള്ളതും എയർകണ്ടീഷൻ ചെയ്തതും നന്നായി വായുസഞ്ചാരമുള്ളതുമായിരിക്കണം താമസസൗകര്യം. അലക്കാനും പാചകം ചെയ്യാനും ഭക്ഷണം കഴിക്കാനും ഇത്തരം മുറികൾ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. തീപിടിത്തത്തെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളുണ്ടാകണം. തൊഴിലാളികൾക്ക് ഡൈനിങ് ഹാളും വൃത്തിയുള്ള അടുക്കളയും കുടിവെള്ളത്തിനായി ഫിൽട്ടർ ചെയ്ത കൂളറുകളും ഉണ്ടായിരിക്കണം. ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിക്കുന്നതിന് സുരക്ഷിതമായ ഇടമുണ്ടാകണമെന്നും നിർദേശമുണ്ട്. മെഡിക്കൽ സർവിസ് റൂം, പ്രാർഥന മുറി, ലോൻഡ്രി റൂം എന്നിവയും കെട്ടിടത്തിൽ ഒരുക്കണമെന്ന് നിർദേശമുണ്ട്. എല്ലാ തൊഴിലാളികൾക്കും ബെഡ് നൽകണമെന്നും ഓരോ എട്ടുപേർക്കും ഒരു ബാത്ത്റൂം എന്ന നിലയിലെങ്കിലും സൗകര്യമുണ്ടാകണമെന്നും മന്ത്രാലയത്തിന്റെ നിർദേശമാണ്. ഈ നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് പുതിയ സംവിധാനം ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.