ആർ.ടി.എ ഡയറക്ടർ ജനറലും എക്സിക്യൂട്ടിവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ
മതാർ അൽ തായർ പുതിയ സേവനങ്ങൾ പരിശോധിക്കുന്നു
ദുബൈ: ഡ്രൈവിങ് ലൈസൻസ് നേടുന്നത് കൂടുതൽ എളുപ്പമാക്കുന്ന സേവനങ്ങൾ അവതരിപ്പിച്ച് റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ). 'ക്ലിക് ആൻഡ് ഡ്രൈവ്'എന്നപേരിൽ കേന്ദ്രീകൃത ഡിജിറ്റൽ സംവിധാനത്തിലൂടെ ഡ്രൈവർ ലൈസൻസ് കരസ്ഥമാക്കാം.
ഇതിനു പുറമെ മൊബൈൽ കണ്ണ് പരിശോധന സേവനവും ആരംഭിച്ചു. 'ക്ലിക് ആൻഡ് ഡ്രൈവ്'സംരംഭം ശരാശരി സേവന ഡെലിവറി സമയം 75 ശതമാനം കുറക്കുന്നതിന് സഹായിക്കുമെന്നും സേവന നടപടിക്രമങ്ങൾ 12ൽനിന്ന് ഏഴ് ഘട്ടങ്ങളാക്കി ഉപഭോക്താക്കളുടെ സമയവും പ്രയത്നവും ലാഭിക്കുമെന്നും ആർ.ടി.എ ഡയറക്ടർ ജനറലും എക്സിക്യൂട്ടിവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മതാർ അൽ തായർ പ്രസ്താവിച്ചു. ഡ്രൈവിങ് സ്ഥാപനങ്ങളിലേക്ക് ഉപഭോക്തൃ സന്ദർശനം 53 ശതമാനം കുറക്കുകയും ഉപഭോക്തൃ സംതൃപ്തി 93 ശതമാനത്തിൽ നിന്ന് 97 ശതമാനമായി വർധിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേഖലയിലെ ആദ്യത്തെ മൊബൈൽ കാഴ്ച പരിശോധന സേവനവും അൽ തായർ അനാച്ഛാദനം ചെയ്തു. ഡ്രൈവിങ് ലൈസൻസ് ഉടൻ പുതുക്കാൻ കഴിയുന്ന തരത്തിൽ, അധിക ഫീസ് ഈടാക്കി ഉപഭോക്താവ് തിരഞ്ഞെടുത്ത സമയത്തും സ്ഥലത്തും വാഹനത്തിൽ മൊബൈൽ കാഴ്ച പരിശോധന നടത്തിക്കൊടുക്കുന്ന സേവനമാണിത്. മുൻകൂർ ബുക്കിങ് മുഖേന ഈ സേവനം ലഭ്യമാകുന്നതാണ്. ഫീസ് അടക്കാനും അപ്പോയിൻമെന്റ് തീയതികൾ തിരഞ്ഞെടുക്കാനും പരിശോധനക്ക് ശേഷം ലൈസൻസ് പുതുക്കാനും കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.