ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ
അബൂദബി: ദേശീയ മയക്കുമരുന്ന് വിരുദ്ധ വകുപ്പ് രൂപീകരിച്ച് നിയമം പുറപ്പെടുവിച്ച് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ മയക്കുമരുന്ന് വിരുദ്ധ വകുപ്പിന് പകരമായാണ് പുതിയ അതോറിറ്റി രൂപീകരിച്ചിരിക്കുന്നത്. ശൈഖ് സായിദ് ബിൻ ഹമദ് ബിൻ ഹംദാൻ ആൽ നഹ്യാനെ ചെയർമാനായും പ്രസിഡന്‍റ് നിയമിച്ചിട്ടുണ്ട്. മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കുറ്റകൃത്യങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള കേന്ദ്ര സംവിധാനമായി അതോറിറ്റി പ്രവർത്തിക്കും.
മയക്കുമരുന്ന് ഭീഷണി നേരിടുന്നതിന് ആവശ്യമായ നയങ്ങൾ, തന്ത്രങ്ങൾ, നിയമങ്ങൾ എന്നിവ രൂപപ്പെടുത്തുകയും വിപുലീകരിക്കുകയും ചെയ്യുകയെന്നതാണ് വകുപ്പിന്‍റെ പ്രധാന ചുമതല. മയക്കുമരുന്ന് കള്ളക്കടത്ത്, വിതരണം എന്നിവയുടെ ശൃംഖലകളെ കണ്ടെത്തി ഇല്ലാതാക്കാൻ ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് വകുപ്പ് പ്രവർത്തിക്കും. ലഹരിക്ക് അടിമകളായവരുടെ ചികിത്സയുടെയും പുനരധിവാസത്തിന്‍റെയും മേൽനോട്ടം, ലഹരി ആസക്തിയെക്കുറിച്ചുള്ള പഠനങ്ങൾ നടത്തൽ, ഗവേഷണഫലങ്ങൾ പ്രചരിപ്പിക്കുക എന്നിവയും അതോറിറ്റിയുടെ ചുമതലകളിൽ ഉൾപ്പെടും. ആരോഗ്യപരമല്ലാത്ത ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിനുള്ള നിയന്ത്രണം നിർദേശിക്കുകയും സ്ഥാപിക്കുകയും ചെയ്യുന്നതും അതോറിറ്റിയായിരിക്കും. രാസവസ്തുക്കൾ നിയമാനുസൃതമായി മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കാൻ ലൈസൻസിങ് പ്രോട്ടോക്കോളുകൾ, വ്യാപാര, സംഭരണ നിയമങ്ങൾ, കസ്റ്റംസ് നടപടിക്രമങ്ങൾ എന്നിവ അതോറിറ്റി സ്ഥാപിക്കും.
അതിർത്തികളിലൂടെ മയക്കുമരുന്നിന്റെ വരവ് തടയുന്നതിന്, എല്ലാ കര, കടൽ, വ്യോമ പ്രവേശന കേന്ദ്രങ്ങളിലും അതോറിറ്റി പരിശോധനകളും നിരീക്ഷണങ്ങളും ഏകോപിപ്പിക്കും. മറ്റ് ദേശീയ സ്ഥാപനങ്ങളുമായി സഹകരിച്ച് വ്യക്തികളെയും ചരക്ക്, ഗതാഗത സംവിധാനങ്ങളെയും നിരീക്ഷിക്കുകയും നിയമവിരുദ്ധ വസ്തുക്കൾ പൊതുജനങ്ങളിൽ എത്തുന്നതിനുമുമ്പ് തടയുകയും ചെയ്യും. മയക്കുമരുന്ന് തടയലിൽ ഫെഡറൽ, തദ്ദേശ സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനം വർധിപ്പിക്കുന്നതിന്, അതോറിറ്റി ഒരു കേന്ദ്രീകൃത ദേശീയ ഡാറ്റാബേസ് വികസിപ്പിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യും. ദേശീയ തലത്തിൽ മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളെ ഏറ്റവും മികച്ച രീതിയിൽ ഏകോപിപ്പിക്കാൻ സംവിധാനം പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.