ദുബൈ: സസ്യജന്തുജാലങ്ങളുടെ സംരക്ഷണവും അന്താരാഷ്ട്ര വ്യാപാരവും സംബന്ധിച്ച നിയമങ്ങൾ പുതുക്കി യു.എ.ഇ. പുതിയ സസ്യ ഇനങ്ങളുടെ സംരക്ഷണം, വംശനാശഭീഷണി നേരിടുന്ന ജീവികളുടെ വ്യാപാരം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘകർക്ക് 20 ലക്ഷം ദിർഹം വരെ പിഴ ലഭിക്കുന്നതടക്കമുള്ള കാര്യങ്ങൾ നിയമത്തിലുണ്ട്.
യു.എ.ഇയുടെ ആവാസവ്യവസ്ഥയുടെ സംരക്ഷണം ഉറപ്പാക്കുകയും രാജ്യത്തിന്റെ അതിർത്തികളിലൂടെയുള്ള സസ്യജന്തുജാലങ്ങളുടെ കൊണ്ടുപോകൽ നിയന്ത്രിക്കുന്നതുമാണിത്.
വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെയും സസ്യജാലങ്ങളുടെയും അന്താരാഷ്ട്ര വ്യാപാരം നിയന്ത്രിക്കുന്ന 2002 ലെ ഫെഡറൽ നിയമത്തിന് പകരമാണ് പുതിയ നിയമം. ഭേദഗതികളില്ലാതെ 22 വർഷത്തിലേറെയായി ഈ നിയമമാണ് പ്രാബല്യത്തിലുണ്ടായിരുന്നത്.വംശനാശഭീഷണി നേരിടുന്ന ജീവികളുടെ അന്താരാഷ്ട്ര വ്യാപാരം നിയന്ത്രിക്കുന്ന പുതിയ നിയമപ്രകാരം, കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രാലയത്തിന് ചരക്കുകൾ പിടിച്ചെടുക്കാനും നശിപ്പിക്കാനും വിപുലമായ അധികാരങ്ങൾ നൽകിയിട്ടുണ്ട്.
വ്യാപാര നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കുള്ള പിഴ 30,000 ദിർഹം മുതൽ 20ലക്ഷം ദിർഹം വരെയായി ഉയർത്തി. മാത്രമല്ല നാല് വർഷം വരെ തടവും ലഭിക്കും. കൂടാതെ ആവർത്തിച്ചുള്ള കുറ്റവാളികളാണെന്ന് കണ്ടെത്തിയ വിദേശ പൗരന്മാരെ നാടുകടത്തുമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
മൃഗങ്ങളെ കൊണ്ടുവരുന്നവർ പ്രത്യേകമായ അതിർത്തി പോയിന്റുകൾ വഴി യു.എ.ഇയിൽ പ്രവേശിക്കണമെന്നും ആധുനിക പരിശോധനക്കും അപകടസാധ്യത വിലയിരുത്തൽ പ്രക്രിയക്ക് വിധേയമാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.