പുതിയ നിയമം: ലഹരിമരുന്നുമായി പിടിയിലായയാളെ വിട്ടയച്ചു

ദുബൈ: ലഹരിമരുന്നുമായി പിടിയിലായയാളെ കോടതി വിട്ടയച്ചു. യു.എ.ഇയിൽ നിലവിൽ വന്ന പുതിയ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് വിട്ടയച്ചത്. ഫെബ്രുവരി 11നാണ് ചൈനയിൽ നിന്നെത്തിയ 25കാരനിൽനിന്ന് ദുബൈ വിമാനത്താവളത്തിൽവെച്ച് ലഹരിമരുന്ന് പിടികൂടിയത്. നാല് ബാർ ചോക്‍ലറ്റുകളും 20 ഇ-സിഗരറ്റുകളുമാണ് ലഗേജിൽനിന്ന് കണ്ടെടുത്തത്. തുടർന്ന് നടത്തിയ പരിശോധനയിൽ യാത്രക്കുമുമ്പ് ഇയാൾ ഹാഷിഷ് കഴിച്ചിരുന്നതായി സ്ഥിരീകരിച്ചു. ഇയാളെ കസ്റ്റഡിയിലെടുക്കുകയും വ്യക്തിപരമായ ആവശ്യങ്ങൾക്ക് ലഹരി മരുന്ന് ഉപയോഗിച്ചതിന് കേസ് ചുമത്തുകയും ചെയ്തു. വിചാരണ വൈകിയതോടെ രണ്ടുമാസം തടവിൽ കഴിയേണ്ടിവന്നു. എന്നാൽ, പുതിയ നിയമം അനുസരിച്ച് ഇദ്ദേഹത്തെ തടവിൽ പാർപ്പിക്കാനോ ക്രിമിനൽ കേസെടുക്കാനോ കഴിയില്ലെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു. പുതിയ നിയമം അനുസരിച്ച് വ്യക്തിപരമായും ചികിത്സപരമായുമുള്ള ആവശ്യങ്ങൾക്ക് ചില ലഹരിമരുന്ന് കൈവശം വെക്കുന്നത് ക്രിമിനൽ കുറ്റത്തിന്‍റെ പരിധിയിൽ വരില്ല. എന്നാൽ, ഇത്തരം വസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിക്കാം. ആദ്യമായി പിടിക്കപ്പെടുന്നവർക്കാണ് ഈ ആനുകൂല്യമുള്ളത്. ഇത് മുൻനിർത്തിയാണ് കോടതി ഇയാളെ വെറുതെ വിട്ടത്.

വളർത്തുമൃഗ വിൽപനയുടെ പേരിൽ തട്ടിപ്പ്; മൂന്നുപേർക്ക് തടവ്

ദുബൈ: വളർത്തു മൃഗങ്ങളുടെ വിൽപനയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ് നടത്തിയ മൂന്ന് ഏഷ്യക്കാർക്ക് മൂന്നുമാസം തടവും 4000 ദിർഹം പിഴയും. തടവ് കാലത്തിനുശേഷം ഇവരെ നാടുകടത്താനും ഉത്തരവിട്ടിട്ടുണ്ട്. 2021 ജൂണിലാണ് കേസിനാസ്പദമായ സംഭവം. വെബ്സൈറ്റിൽ പരസ്യം ചെയ്താണ് പരാതിക്കാരനെ ഇവർ വഞ്ചിച്ചത്. പരസ്യം കണ്ട് ബന്ധപ്പെട്ടപ്പോൾ നായുടെ ഫോട്ടോയും വിഡിയോകളും ഇവർ അയച്ചുനൽകി. തുടർന്ന് പരസ്പരം ബന്ധപ്പെട്ട് 2500 ദിർഹത്തിന് വിൽപന ഉറപ്പിക്കുകയും ഓൺലൈനിൽ പണമടക്കുകയും ചെയ്തു.

പണമടച്ച ദിവസം തന്നെ നായെ എത്തിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ലഭിച്ചില്ല. തുടർന്ന് അന്വേഷിച്ചപ്പോൾ നായെ കയറ്റിയയക്കാനുള്ള ഷിപ്പിങ് കമ്പനിക്ക് റീഫണ്ടബിൾ ഡെപ്പോസിറ്റായി 8000 ദിർഹം നൽകാൻ ആവശ്യപ്പെട്ടു. ഇത്രയും പണമില്ലെന്ന് അറിയിച്ചതോടെ മറ്റൊരു അക്കൗണ്ടിലേക്ക് 1500 ദിർഹം അയക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, ഈ പണവും അയച്ചതിനുശേഷവും നായെ ലഭിക്കാതായതോടെയാണ് തട്ടിപ്പിനിരയായത് പരാതിക്കാരൻ അറിയുന്നത്.

Tags:    
News Summary - New law: Man caught with drugs released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.