ദാസ് ദ്വീപിൽ പുതുതായി തുറക്കുന്ന ഹോസ്പിറ്റൽ സംബന്ധിച്ച കരാറിൽ അഡ്നോക്കും ബുർജീൽ ഹോൾഡിങ്സും ഒപ്പുവെക്കുന്നു
അബൂദബി: അബൂദബി നാഷനൽ ഓയിൽ കമ്പനി(അഡ്നോക്ക്) അൽ ദഫ്റയിലെ ദാസ് ദ്വീപിൽ പുതുതായി തുറക്കുന്ന ദാസ് ഹോസ്പിറ്റലിന്റെ നടത്തിപ്പ് ഡോ. ഷംഷീർ വയലിൽ ചെയർമാനായ ബുർജീൽ ഹോൾഡിങ്സിന്. ആശുപത്രിയുടെ ക്ലിനിക്കൽ, അഡ്മിനിസ്ട്രേറ്റീവ് പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനായുള്ള കരാറിൽ അഡ്നോക്കും ബുർജീൽ ഹോൾഡിങ്സും ഒപ്പുവച്ചു.ദ്വീപ് നിവാസികൾ, അഡ്നോക്ക് തൊഴിലാളികൾ എന്നിവർക്ക് പ്രാഥമിക ആരോഗ്യ സംരക്ഷണവും അടിയന്തര ചികിത്സയും നൽകുന്നതിനുള്ള കേന്ദ്രമായി രൂപകൽപന ചെയ്തിട്ടുള്ള ആശുപത്രി 24 മണിക്കൂറും സേവനങ്ങൾ നൽകും.
ഔട്ട്പേഷ്യന്റ് സേവനങ്ങൾ, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ക്വാറന്റൈൻ, ക്രിട്ടിക്കൽ കെയർ യൂനിറ്റുകൾ ഉൾപ്പെടെ കിടത്തി ചികിത്സക്കായി 23 കിടക്കകൾ സജ്ജീകരിച്ചിട്ടുണ്ട്. ഓപറേഷൻ റൂം, ഫാർമസികൾ, രക്തബാങ്ക് തുടങ്ങി എല്ലാവിധ സജ്ജീകരങ്ങളുമുള്ള അടിയന്തര വിഭാഗവും ഉണ്ട്. ഇതോടൊപ്പം, എക്സ്-റേ, സി.ടി സ്കാൻ, അൾട്രാസൗണ്ട് ഇമേജിങ്, ഫിസിയോതെറപ്പി, പുനരധിവാസം, ടെലി-കൺസൾട്ടേഷൻ, ടെലി-കൗൺസലിങ്, വാക്സിനേഷൻ എന്നിവയും ലഭ്യമാണ്.
ദാസ് ദ്വീപിൽ നിന്നും കൂടുതൽ ചികിത്സക്കായി രോഗികളെ കൊണ്ട് പോകുന്നതിനുള്ള ഹെലിപാഡും ആശുപത്രിയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഉയർന്ന നിലവാരമുള്ള ആരോഗ്യ പരിചരണം വിദൂര സ്ഥലങ്ങളിൽ പ്രാപ്യമാക്കുന്നതിനുള്ള ബുർജീലിന്റെ പ്രതിബദ്ധതയുടെ തുടർച്ചയാണ് പങ്കാളിത്തമെന്ന് ബുർജീൽ ഹോൾഡിങ്സ് ഗ്രൂപ് സി.ഇ.ഒ ജോൺ സുനിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.