കായിക, വിനോദ ബിസിനസിന് ദുബൈയിൽ പുതിയ ഫ്രീസോൺ

ദുബൈ: കായിക, വിനോദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ബിസിനസുകൾക്ക് ദുബൈയിൽ പുതിയ ഫ്രീ സോൺ പ്രഖ്യാപിച്ചു. ഇന്‍റർനാഷനൽ സ്പോർട്സ് ആൻഡ് എന്‍റർടൈൻമെന്‍റ് സോൺ (ഇസേസ) വേൾഡ് ട്രേഡ് സെന്‍റർ ഫ്രീസോണിലാണ് തുടക്കം കുറിക്കുന്നത്.

കായിക, വിനോദ മേഖലയിൽ പ്രവർത്തിക്കുന്ന ബിസിനസ് പ്രവർത്തനങ്ങൾക്കാണ് ഫ്രീസോണിൽ ലൈസൻസ് അനുവദിക്കുക. ഇത്തരത്തിൽ ആദ്യമായാണ് ആഗോള തലത്തിലും യു.എ.ഇയിലും ഈ മേഖലക്ക് മാത്രമായി ഫ്രീസോൺ ആരംഭിക്കുന്നത്. സ്‌പോർട്‌സ് മാനേജ്‌മെന്റ് ആൻഡ് മാർക്കറ്റിങ്, ഇവന്റ് മാനേജ്‌മെന്റ്, ടാലന്റ് റെപ്രസന്‍റേഷൻ, മീഡിയ ആൻഡ് ബ്രോഡ്‌കാസ്റ്റിങ് തുടങ്ങിയ മേഖലകളിലുള്ള ബിസിനസുകൾക്ക് ലൈസൻസ് നൽകുന്നതിനുള്ള വേദിയായി ഇത് മാറും.

അതോടൊപ്പം ഇ-സ്‌പോർട്‌സ്, എ.ഐ അടിസ്ഥാനമാക്കിയുള്ള സ്‌പോർട്‌സ് ടെക്, ഫാൻ ടോക്കൺസ് (ബ്ലോക്ചെയിൻ ടെക്നോളജി ഉൽപന്നം) തുടങ്ങി വളർന്നുവരുന്ന മേഖലകളെ സഹായിക്കുന്നതാണിത്. ആഗോള ബ്രാൻഡുകൾ, സ്‌പോർട്‌സ് ലീഗുകളും ഫ്രാഞ്ചൈസികളും, റൈറ്റ്സ് ഉടമകളും നിക്ഷേപകരും, കായിക- ടാലന്റ് ഏജൻസികൾ, കലാകാരന്മാർ, സ്‌പോർട്‌സ് മാധ്യമ വ്യക്തികൾ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ, ക്രിയേറ്റീവ് ഇൻഡസ്ട്രി പ്രഫഷനലുകൾ എന്നിവരുൾപ്പെടെ വൈവിധ്യമാർന്ന മേഖലകളിലുള്ളവർക്ക് സോൺ കേന്ദ്രമായി മാറും. സ്പോർട്സ് ഫെഡറേഷനുകൾ, അസോസിയേഷനുകൾ, ലീഗുകൾ തുടങ്ങിയ അന്താരാഷ്ട്ര, പ്രാദേശിക കായിക സംഘടനകളെ ആകർഷിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

യു.എ.ഇ കായിക മന്ത്രാലയം, ദുബൈ സ്പോർട്സ് കൗൺസിൽ, യു.എ.ഇ നാഷനൽ ഒളിമ്പിക് കമ്യൂണിറ്റി തുടങ്ങിയ പ്രധാന അതോറിറ്റികളുമായി ചേർന്ന് പ്രവർത്തിച്ച്, അംഗങ്ങൾക്ക് അനുയോജ്യമായ സമഗ്രമായ കോർപ്പറേറ്റ്, നിയമ പിന്തുണ നൽകുമെന്ന് ഫ്രീസോൺ അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്. കായിക മേഖലയിലെ പ്രദർശനങ്ങൾ, മ്യൂസിയങ്ങൾ, അക്കാദമിക് പരിപാടികൾ, സാമൂഹിക പദ്ധതികൾ എന്നിവ ദുബൈ വേൾഡ് ട്രേഡ് സെന്‍ററിലും ദുബൈ എക്സ്പോയിലും എത്തിക്കാനും പുതിയ ഫ്രീസോൺ സഹായിക്കും.

കായിക മേഖല ദുബൈയുടെ സമ്പദ്‌വ്യവസ്ഥയിലേക്ക് പ്രതിവർഷം ഏകദേശം 250കോടി ഡോളർ സംഭാവന ചെയ്യുന്നുണ്ട്. നിലവിൽ യു.എ.ഇയിലുടനീളം വിവിധ വ്യവസായങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 40ലധികം ഫ്രീ സോണുകളാണുള്ളത്.

Tags:    
News Summary - New free zone in Dubai for sports and entertainment business

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.