‘സുഹൈൽ’അല്ല, ഈ ഉദിച്ചത് ‘മിർസം’; ഗൾഫിൽ വേനൽചൂട് അവസാനഘട്ടത്തിൽ, തണുപ്പ് ഉടൻ എത്തില്ല

കാശത്തിലെ ഏറ്റവും പ്രകാശമേറിയ നക്ഷത്രമായ സിറിയസ് അഥവാ ‘അൽ മിർസം’ വീണ്ടും ഉദിച്ചതോടെ അറേബ്യൻ മേഖലയിൽ അതിതീവ്ര വേനൽച്ചൂടിന്റെ അവസാനഘട്ടം ആരംഭിച്ചതായി ജ്യോതിശാസ്ത്ര വിദഗ്ധർ. വേനലിന്റെ ഏറ്റവും കഠിനമായ കാലത്തിന്റെ അവസാനത്തിലേക്ക് കടക്കുന്നതിന്റെ സൂചനയായാണ് ‘അൽ മിർസം’ നക്ഷത്രോദയത്തെ പരമ്പരാഗതമായി കണക്കാക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ച യു.എ.ഇയിൽ ഈ വർഷത്തെ ഉയർന്ന താപനിലകളിലൊന്നായ 50 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം അബൂദബിയിലെ അൽ ശവാമിഖിൽ ഉച്ച 2.30ഓടെയാണ് ഈ താപനില രേഖപ്പെടുത്തിയത്.

അറേബ്യൻ ഉപദ്വീപിലെ ജനങ്ങളുടെ ജീവിതരീതികളിൽ ഏറെ സ്വാധീനം ചെലുത്തിയിരുന്ന പ്രധാന ജ്യോതിശാസ്ത്ര സംഭവമാണ് അൽ മിർസം നക്ഷത്രോദയമെന്ന് എമിറേറ്റ്സ് ആസ്ട്രോണമി സൊസൈറ്റി ചെയർമാനും അറബ് യൂണിയൻ ഫോർ ആസ്ട്രോണമി ആൻഡ് സ്പേസ് സയൻസസിന്റെ അംഗവുമായ ഇബ്രാഹിം അൽ ജർവാൻ പറയുന്നു. ‘അൽ മിർസം’ ഏകദേശം നാല് ആഴ്ചയാളം ദൃശ്യമല്ലാതിരുന്ന ശേഷം ഇപ്പോൾ സൂര്യോദയത്തിന് 40 മുതൽ 50 മിനിറ്റ് മുമ്പ് കിഴക്കൻ ആകാശത്ത് പ്രത്യക്ഷപ്പെടുന്നുണ്ട് -അദ്ദേഹം പറഞ്ഞു.

അൽ മിർസം ഉദിക്കുന്നത് വർഷത്തിലെ ഏറ്റവും കടുത്ത ചൂടുമായി ബന്ധപ്പെട്ടതാണെങ്കിലും ഇതോടൊപ്പം കാലാവസ്ഥയിൽ മാറ്റങ്ങളും ആരംഭിക്കുമെന്ന് വിദഗ്ധർ പറയുന്നു.

വരും ദിവസങ്ങളിൽ ഉയർന്ന ഈർപ്പം അനുഭവപ്പെടുമെന്നും അതിലൂടെ ‘അൽ റുവയ്യ’ എന്നറിയപ്പെടുന്ന പ്രാദേശിക വേനൽമേഘങ്ങളുടെ രൂപീകരണം വർധിക്കുമെന്നും ഇവർ വ്യക്തമാക്കുന്നു. ‘അൽ മിർസമി’നുശേഷം വരണ്ട കാലാവസ്ഥ ക്രമേണ ഉയർന്ന ഈർപ്പത്തിന് വഴിമാറുമെന്നും ഇതിന്റെ ഫലമായി മേഘരൂപീകരണവും വർധിക്കുമെന്നും വിദഗ്ദർ അഭിപ്രായപ്പെടുന്നു.

പരമ്പരാഗതമായി അൽ മിർസം നക്ഷത്രോദയം യു.എ.ഇയിലെ മുത്തുവാരൽ സീസണുമായി ബന്ധപ്പെട്ടതാണ്. ഇന്നത് ചരിത്രത്തിന്റെ ഭാഗമായെങ്കിലും കർഷകർക്കിടയിൽ ഇപ്പോഴും ഈ നക്ഷത്രത്തിന് വലിയ പ്രാധാന്യമുണ്ട്. അൽ മിർസം ഉദിക്കുന്ന കാലഘട്ടം മികച്ച ഇനം ഈന്തപ്പഴങ്ങളുടെ വിളവെടുപ്പുമായി ബന്ധപ്പെട്ടതുമാണ്. ‘അൽ മിർസം ഉദിച്ചാൽ വിളവെടുപ്പ് കൊട്ടകൾ ഈന്തപ്പഴങ്ങളാൽ നിറയും’ എന്ന അറബ് പഴമൊഴി ഇതുമായി ബന്ധപ്പെട്ടാണ് രൂപപ്പെട്ടത്. എന്നാൽ അൽ മിർസം ഉദിച്ചതോടെ ചൂട് ഉടൻ കുറഞ്ഞുതുടങ്ങുമെന്ന് കരുതരുതെന്ന് വിദഗ്ദർ പറയുന്നു.

അൽ മിർസമിനുശേഷം ഉദിക്കുന്ന സുഹൈൽ നക്ഷത്രം പിറക്കുന്നതോടെ ചൂടിന്റെ തീവ്രത കുറയുന്നെങ്കിലും താപനില ഉയർന്ന നിലയിൽ തുടരുന്ന ഒരു പരിവർത്തനഘട്ടമാണത്. യഥാർഥ തണുപ്പ് സാധാരണയായി നവംബർ മാസത്തോടെയാണ് മേഖലയിൽ അനുഭവപ്പെടാറുള്ളത്.

സുഹൈൽ നക്ഷത്രോദയം മുതൽ നവംബർ വരെ താപനിലയിൽ ഏറ്റക്കുറച്ചിലുകൾ കാണപ്പെടുന്ന ഇടക്കാലഘട്ടമായിരിക്കും. അതേസമയം എൽ നിനോ പ്രതിഭാസവുമായി ബന്ധപ്പെട്ട ചില സൂചനകൾ പരിഗണിക്കുമ്പോൾ ഈ വർഷം അറേബ്യൻ ഉപദ്വീപിൽ നല്ല മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും വിദഗ്ദർ പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്.

Tags:    
News Summary - ഗൾഫിൽ ‘മിർസം’ ഉദിച്ചു, ചൂട് കുറയാൻ ഇനിയും സമയം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.