അബൂദബി: രാജ്യത്ത് ഈൗത്തപ്പഴ വിളവെടുപ്പ് കാലം ആരംഭിച്ച പശ്ചാത്തലത്തില്‍ ഈത്തപ്പഴ സകാത്തിന്റെ നിസാബും (നിര്‍ണിത പരിധി അല്ലെങ്കില്‍ കുറഞ്ഞ അളവ്) നിര്‍ബന്ധമായ മാനദണ്ഡങ്ങളും വ്യക്തമാക്കി യു.എ.ഇ ഫത്വ കൗണ്‍സില്‍. ഉണക്കിയ ശേഷം ആകെ വിളവ് അഞ്ച് ‘ഔസഖ്’ അഥവാ 541 കിലോഗ്രാമില്‍ എത്തുമ്പോഴാണ് ഈത്തപ്പഴത്തിന് സകാത്ത് നിര്‍ബന്ധമാവുന്നത്.
പ്രാദേശിക ഫാമുകളില്‍ ഉൽപാദിപ്പിക്കുന്ന പ്രധാന ഈത്തപ്പഴ ഇനങ്ങള്‍ കേന്ദ്രീകരിച്ച് കൗണ്‍സില്‍ നടത്തിയ ഫീല്‍ഡ് പഠനത്തിന് ശേഷമാണ് സകാത്തിന്റെ പരിധിയായ ‘നിസാബ്’ നിശ്ചയിച്ചത്. പ്രവാചകചര്യയിലെ അളവുപാത്രത്തിന് സമാനമായ അളവുകളും വ്യവസായ, അത്യാധുനിക സാങ്കേതിക മന്ത്രാലയത്തിലെ സ്റ്റാന്‍ഡേര്‍ഡ്‌സ് ആന്‍ഡ് ലെജിസ്ലേഷന്‍ വിഭാഗം അംഗീകരിച്ച ത്രാസുകളും ഉപയോഗിച്ചായിരുന്നു പരിശോധന.
വീടുകളിലോ ഫാമുകളിലോ മറ്റ് ഭൂമികളിലോ ഉള്ള ഈന്തപ്പനകളുടെ ആകെ ഉൽപാദനം നിശ്ചിത അളവില്‍ എത്തുമ്പോള്‍ സകാത്ത് നല്‍കാന്‍ ഉടമ ബാധ്യസ്ഥനാണ്. കച്ചവടത്തിനായോ, സ്വന്തം ആവശ്യത്തിനോ, ഉപഹാരമായോ, ദാനമായോ നല്‍കാന്‍ ഉദ്ദേശിച്ചുള്ളതാണെങ്കിലും ഇത് ബാധകമാണ്.
സകാത്ത് എത്ര നല്‍കണം?
മഴവെള്ളമോ സ്വാഭാവിക ജലസ്രോതസുകളോ ഉപയോഗിച്ച് പണമോ ചെലവോ ഇല്ലാതെ നനയ്ക്കുന്ന ഈന്തപ്പനകളുടെ ആകെ വിളവിന്റെ 10 ശതമാനമാണ് സകാത്തായി നല്‍കേണ്ടത്. എന്നാല്‍, കിണറുകളോ മറ്റ് കൃത്രിമ ജലസേചന മാര്‍ഗങ്ങളോ ഉപയോഗിച്ച് പണം ചെലവഴിച്ച് നനയ്ക്കുന്നവക്ക് അഞ്ച് ശതമാനമാണ് സകാത്ത്.
ഈത്തപ്പഴമായോ അതിന് തുല്യമായ തുകയായോ സകാത്ത് നല്‍കാം. പഴുത്ത് പാകമാകുന്നതിന് മുമ്പ് ഈത്തപ്പഴമായി സകാത്ത് നല്‍കാന്‍ പാടില്ല. എന്നാല്‍ പഴുക്കാത്ത പഴങ്ങള്‍ (റുതബ്) ഉടമ വിൽപന നടത്തുന്ന പക്ഷം, ആ തുകയില്‍ നിന്ന് സകാത്ത് നല്‍കാന്‍ അനുമതിയുണ്ട്.
കമ്പനികള്‍ക്കുള്ള മാനദണ്ഡം
ഈത്തപ്പഴ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെ രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് ഫത്വയിലെ മാര്‍ഗനിര്‍ദേശങ്ങള്‍.സ്വന്തമായി ഫാമുകളുള്ള കമ്പനികള്‍: ഈന്തപ്പന ഫാമുകള്‍ സ്വന്തമായുള്ളതോ വിളവെടുപ്പിന് മുമ്പ് ഈന്തപ്പനകള്‍ വാങ്ങി പരിപാലിക്കുന്നതോ ആയ കമ്പനികള്‍ ജലസേചന രീതി അനുസരിച്ച് (അഞ്ചുശതമാനം അല്ലെങ്കില്‍ പത്തുശതമാനം) വിളവിന് സകാത്ത് നല്‍കണം. ഈ വിളവ് വിൽപന നടത്തുമ്പോള്‍ ലഭിക്കുന്ന തുക കമ്പനിയുടെ മറ്റ് പണത്തോടും കച്ചവടച്ചരക്കുകളോടും ഒപ്പം ചേര്‍ത്ത് നിശ്ചിത സകാത്ത് കണക്കാക്കേണ്ടതുണ്ട്.
ഈത്തപ്പഴം വാങ്ങി കച്ചവടം നടത്തുന്ന കമ്പനികള്‍: ഫാമുകള്‍ സ്വന്തമായില്ലാത്തതും എന്നാല്‍, വിളവെടുത്ത ശേഷമോ പഴുത്ത ശേഷമോ ഈത്തപ്പഴം വാങ്ങി കച്ചവടം നടത്തുന്നതുമായ കമ്പനികള്‍ക്ക് വിളവിന്റെ സകാത്ത് ബാധകമല്ല. ഇത് കച്ചവടച്ചരക്കായി കണക്കാക്കി വിപണി വില നിശ്ചയിച്ച്, വര്‍ഷം തികയുമ്പോള്‍ മറ്റ് ധനത്തോടൊപ്പം 2.5 ശതമാനം നിരക്കില്‍ സകാത്ത് നല്‍കിയാല്‍ മതിയാകും.
2026ലെ പൊതു ഫത്വ നമ്പര്‍ (11) ലൂടെയാണ് കൗണ്‍സില്‍ വിശദീകരണം നല്‍കിയത്. ഫാം ഉടമകളും സകാത്ത് നല്‍കാന്‍ ബാധ്യസ്ഥരായവരും അംഗീകൃത നിസാബ് പാലിക്കണമെന്നും ഔദ്യോഗിക ചാനലുകള്‍ വഴി മാത്രം സകാത്ത് കൈമാറണമെന്നും ഫത്വ കൗണ്‍സില്‍ അഭ്യര്‍ഥിച്ചു. ജനറല്‍ അതോറിറ്റി ഫോര്‍ ഇസ്ലാമിക് അഫയേഴ്സ്, എന്‍ഡോവ്മെന്റ്സ് ആന്‍ഡ് സകാത്തിന്റെ (ഔഖാഫ്) സ്മാര്‍ട്ട് ആപ്ലിക്കേഷനുകളും മറ്റ് അംഗീകൃത സംവിധാനങ്ങളും ഇതിനായി ഉപയോഗപ്പെടുത്താം. സകാത്തുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് കൗണ്‍സിലിന്റെ വെബ്സൈറ്റും ആപ്പും വഴി 24 മണിക്കൂറും സേവനം ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.