ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവനും പ്രതിനിധി സംഘവും ഷാർജ ചേംബർ ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഉവൈസ് കൂടിക്കാഴ്ച നടത്തിയപ്പോൾ
ഷാർജ: ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള സാമ്പത്തിക-വ്യാവസായിക സഹകരണം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (എസ്.സി.സി.ഐ). വാണിജ്യ, നിക്ഷേപ, സുസ്ഥിര സാമ്പത്തിക വളർച്ചാ മേഖലകളിൽ ലോകോത്തര കേന്ദ്രമെന്ന ഷാർജയുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കുന്നതിന്റെ ഭാഗമായാണിത്.
നയതന്ത്ര കാലാവധി പൂർത്തിയാക്കുന്ന ദുബൈയിലെയും വടക്കൻ എമിറേറ്റുകളിലെയും ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവനുമായി ഷാർജ ചേംബർ ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഉവൈസ് കൂടിക്കാഴ്ച നടത്തി. ഷാർജയിലെ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷനൽ കൗൺസിൽ (ഐ.ബി.പി.സി) ചെയർമാൻ ലാലു സാമുവൽ, എസ്.സി.സി.ഐ അസി. ഡയറക്ടർ ജനറൽ അബ്ദുൽ അസീസ് അൽ ശംസി എന്നിവരും പങ്കെടുത്തു.
ലക്ഷ്യം 10,000 കോടി ഡോളറിന്‍റെ വ്യാപാരം
ഷാർജയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക-നിക്ഷേപ സഹകരണം ശക്തമാക്കാൻ കോൺസുൽ ജനറൽ നടത്തിയ സേവനങ്ങളെ അൽ ഉവൈസ് പ്രശംസിച്ചു. ഷാർജയിൽ നിക്ഷേപം നടത്തുന്ന ഇന്ത്യൻ കമ്പനികൾക്കും വ്യവസായികൾക്കും ചേംബറിന്റെ പൂർണ പിന്തുണ വാഗ്ദാനം ചെയ്ത അദ്ദേഹം, ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 10,000 കോടി ഡോളറിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കി.
യു.എ.ഇയിൽ നിന്നുള്ള എണ്ണയിതര കയറ്റുമതിയിൽ 75.2 ശതമാനത്തിന്റെ വളർച്ചയാണ് ഇന്ത്യയിലേക്കുണ്ടായത്. യു.എ.ഇയുടെ എണ്ണയിതര ഉൽപന്നങ്ങളുടെ ഏറ്റവും വലിയ ആഗോള വിപണിയായി ഇന്ത്യ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺസുൽ ജനറലിന് ആദരം
ഷാർജയിലെ ഇന്ത്യൻ വ്യവസായികൾക്കും നിക്ഷേപകർക്കും ഷാർജ ചേംബർ നൽകുന്ന പിന്തുണക്ക് ഇന്ത്യൻ പ്രതിനിധിസംഘം നന്ദി അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധം മെച്ചപ്പെടുത്തുന്നതിൽ വഹിച്ച പങ്ക് മുൻനിർത്തി കോൺസുൽ ജനറൽ സതീഷ് കുമാർ ശിവന് അബ്ദുല്ല സുൽത്താൻ അൽ ഉവൈസ് ഉപഹാരം നൽകി ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.