വേനല്‍ അവസാന ഘട്ടത്തില്‍ ‘അല്‍ മിര്‍സം’ ഇന്ന് ദൃശ്യമാവും

അബൂദബി: വേനല്‍ക്കാലത്തിന്റെ അവസാന ഘട്ടത്തിന് തുടക്കംകുറിച്ചുകൊണ്ട് പ്രമുഖ നക്ഷത്രമായ ‘അല്‍ മിര്‍സം’ ബുധനാഴ്ച കിഴക്കന്‍ ചക്രവാളത്തില്‍ ദൃശ്യമാകുമെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റി ചെയര്‍മാന്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍ വ്യക്തമാക്കി. ആഗസ്റ്റ്​, സെപ്റ്റംബര്‍ മാസങ്ങളില്‍ വായുവില്‍ ഈര്‍പ്പത്തിന്റെ അളവ് 80 മുതല്‍ 90 ശതമാനം വരെ ഉയരുന്നത് സാധാരണയാണ്​. ഇത് ഹജര്‍ പര്‍വതനിരകള്‍ക്ക് മുകളില്‍ പ്രാദേശിക മഴമേഘങ്ങള്‍ രൂപപ്പെടാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അൽ മിർസമിന്‍റെ ഉദയം ചൂട്​ പൊടുന്നനെ കുറക്കില്ല. അൽ മിർസത്തിന് ശേഷമാണ്​ 'സുഹൈൽ' നക്ഷത്രമെത്തുക. സുഹൈൽ ഉദിച്ചുയരുമ്പോൾ ചൂടിന്റെ തീവ്രത കുറഞ്ഞുതുടങ്ങുമെങ്കിലും പെട്ടെന്ന് കാലാവസ്ഥ തണുക്കില്ലെന്ന് അൽ ജർവാൻ ഓർമിപ്പിച്ചു. അടുപ്പിലെ തീ അണച്ചാലും പാത്രം കുറച്ചുനേരം ചൂടോടെ ഇരിക്കുന്നതുപോലെ, സുഹൈൽ നക്ഷത്രം ഉദിച്ചാലും -ചൂടിന്റെ കാഠിന്യം കുറയുമെങ്കിലും- അന്തരീക്ഷത്തിൽ ഉഷ്ണം നിലനിൽക്കും. നവംബർ മാസത്തോടെ മാത്രമേ മേഖലയിൽ പൂർണമായ തണുപ്പ് അനുഭവപ്പെട്ടു തുടങ്ങുകയുള്ളൂ.

കഴിഞ്ഞ ശനിയാഴ്ച അബൂദബി ഷവാമഖില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ രേഖപ്പെടുത്തിയിരുന്നു. കനത്ത ചൂട് കണക്കിലെടുത്ത് ഉച്ചവിശ്രമ നിയമം സജീവമായി നടപ്പാക്കുന്നുണ്ട്. ഇതിനിടെ, നടപ്പുവര്‍ഷം രാജ്യത്ത് ഇതുവരെ 110 തവണ കൃത്രിമ മഴ ലഭിക്കുന്നതിനുള്ള 'ക്ലൗഡ് സീഡിങ്' ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

മണിക്കൂറില്‍ 50 കി.മീ വേഗതയില്‍ കാറ്റ്; ജാഗ്രത വേണം

യു.എ.ഇയില്‍ കനത്ത മഴക്കും ആലിപ്പഴ വീഴ്ചക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. അബൂദബി, അല്‍ ഐന്‍, അല്‍ ദഫ്‌റ പ്രദേശങ്ങളില്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് അബൂദബി മീഡിയ ഓഫിസ് ആഹ്വാനം ചെയ്തു. വെള്ളിയാഴ്ച വരെ നീളുന്ന പ്രതികൂല കാലാവസ്ഥയില്‍ ചില പ്രദേശങ്ങളില്‍ ചെറിയ തോതില്‍ ആലിപ്പഴ വീഴ്ചക്കും സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Tags:    
News Summary - വേനല്‍ അവസാന ഘട്ടത്തില്‍ ‘അല്‍ മിര്‍സം’ ഇന്ന് ദൃശ്യമാവും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.