ദുബൈ- ഷാർജ ഡബിൾ ഡക്കർ ബസ്
ദുബൈ: ദുബൈ- ഷാർജ പുതിയ ബസ് സർവിസ് പ്രഖ്യാപിച്ചു. ദുബൈ യൂനിയൻ മെട്രോ സ്റ്റേഷനിൽനിന്ന് ഷാർജയിലെ ജുബൈൽ സ്റ്റേഷനിലേക്കാണ് ആർ.ടി.എയുടെ പുതിയ സർവിസ് തുടങ്ങുന്നത്. ഈ മാസം 25 മുതൽ ബസ് ഓടിത്തുടങ്ങും. കോവിഡ് മൂലം നിർത്തിവെച്ചിരുന്ന നാല് ബസ് സർവിസുകൾ കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു.
ഇതിന് പിന്നാലെയാണ് പുതിയ ബസ് ഏർപ്പെടുത്തിയത്. ദുബൈക്കും ഷാർജക്കുമിടയിൽ ഗതാഗതക്കുരുക്ക് അനുഭവിക്കുന്ന സമയത്ത് യാത്രാദൈർഘ്യം 15 മിനിറ്റ് വരെ കുറക്കാൻ പുതിയ റൂട്ടിന് കഴിയുമെന്നാണ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ വിലയിരുത്തൽ. ദുബൈയിലെ യൂനിയൻ മെട്രോ സ്റ്റേഷനിൽനിന്ന് ഷാർജയിലെ അൽഖാൻ, മംസാർ മേഖലകൾ വഴി ഷാർജ ജുബൈൽ ബസ് സ്റ്റേഷനിലേക്കാണ് E 303 നമ്പർ സർവിസ്. ബസുകൾക്കായി മാത്രമുള്ള ലൈനിലൂടെയാണ് സർവിസ് നടത്തുന്നത് എന്നതിനാൽ സുഗമമായ യാത്ര ഉറപ്പാക്കാം.
പത്ത് ഡബ്ൾ ഡക്കർ ബസുകളാണ് ഇതിനായി വിന്യസിക്കുന്നത്. രാവിലെ അഞ്ച് മുതൽ സർവിസ് തുടങ്ങും. അൽനഹ്ദ മെട്രോ സ്റ്റേഷനിൽനിന്ന് ഖിസൈസ് ഇൻഡസ്ട്രിയൽ ഏരിയയിലേക്കും പുതിയ സർവിസ് (F 81) ആർ.ടി.എ പ്രഖ്യാപിച്ചു. 15 മിനിറ്റ് ഇടവിട്ട് ഈ ഫീഡർ സർവിസുണ്ടാകും. ഇതോടൊപ്പം റൂട്ട് 77 ബസ് സർവിസ് മെട്രോ സ്റ്റേഷൻ വഴി ആർ.ടി.എ ആസ്ഥാനത്തേക്ക് നീട്ടും. C 19 എന്ന സർവിസ് റദ്ദാക്കും. X94, X02, DPR1, 367,97, 64 A, 7 എന്നീ സർവിസുകളുടെ സമയത്തിലും മാറ്റം വരും.
സമയം
ദുബൈ - ഷാർജ ബസ് വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ പുലർച്ച അഞ്ചിന് സർവിസ് തുടങ്ങും. വെള്ളിയാഴ്ച രാവിലെ 9.30നാണ് സർവിസ് ആരംഭിക്കുക. 15, 20, 25 മിനിറ്റുകളുടെ ഇടവേളകളിൽ ബസുണ്ടാവും. സാധാരണ ദിവസങ്ങളിൽ രാത്രി 12നാണ് അവസാന ബസ്. വ്യാഴാഴ്ച 12.50നും വെള്ളിയാഴ്ച ഒരു മണിക്കും അവസാന ബസ് സർവിസ് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.