ഷാർജ: എമിറേറ്റിലെ പ്രകൃതി സുന്ദരമായ ഖോർഫക്കാനിൽ പുതിയ സാഹസിക പാർക്ക് നിർമിക്കുന്നു. ഷാർജ നിക്ഷേപ, വികസന അതോറിറ്റി(ഷുറൂഖ്) നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് പാർക്ക് നിർമിക്കുന്നത്. സിപ്ലൈൻ, ഹൈക്കിങ് പാതകൾ എന്നിവയടക്കമുള്ള സംവിധാനങ്ങൾ അടക്കം വിവിധ വിനോദസഞ്ചാര സജ്ജീകരണങ്ങൾ പാർക്കിലുണ്ടാകും.
‘ഷുറൂഖ്’ സി.ഇ.ഒ അഹമ്മദ് ഉബൈദ് അൽ ഖസീറാണ് ഖലീജ് ടൈംസിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. അൽ ജബൽ അഡ്വഞ്ചേഴ്സ് എന്ന പേരിൽ സജ്ജീകരിക്കുന്ന പാർക്ക് ഈ വർഷം അവസാനത്തോടെ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹോസ്പിറ്റാലിറ്റി, വിനോദസഞ്ചാരം, കല, സംസ്കാരം, റിയൽ എസ്റ്റേറ്റ് എന്നിങ്ങനെ വിവിധ മേഖലകളിൽ ‘ഷുറൂഖ്’ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്.
നിലവിൽ മൂൺ റിട്രീറ്റ്, അൽ ബദായിർ റിട്രീറ്റ്, നജദ് അൽ മിഖ്സാർ, അൽ മജാസ് വാട്ടർഫ്രണ്ട്, അൽ ഖസ്ബ, മലീഹ നാഷനൽ പാർക്ക്, അൽ നൂർ ദ്വീപ് എന്നിവയടക്കം നിരവധി പദ്ധതി പൂർത്തിയാക്കിയിട്ടുമുണ്ട്. അഞ്ച് ഹോട്ടലുകളും അതോറിറ്റിക്ക് കീഴിൽ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഇത് വർധിപ്പിക്കാനുള്ള ആസൂത്രണത്തിലാണ് അധികൃതർ.
ഷാർജയിലെ തന്നെ മലീഹ പ്രദേശത്തെ പ്രമുഖ വിനോദസഞ്ചാര, സാംസ്കാരിക കേന്ദ്രമാക്കാനുള്ള പദ്ധതിയും ‘ഷുറൂഖ്’ നടപ്പിലാക്കിവരുകയാണ്. രണ്ടു ലക്ഷം വർഷം നീളുന്ന പ്രദേശത്തെ മനുഷ്യകുടിയേറ്റത്തിന്റ ചരിത്രപശ്ചാത്തലം അടുത്തറിയാനുള്ള അവസരമാണ് മലീഹയിൽ ഒരുക്കുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള കച്ചവടപാതകളും സാംസ്കാരികവിനിമയങ്ങളും കൊട്ടാരങ്ങളുമെല്ലാം ഖനനം ചെയ്തു കണ്ടെത്തിയിട്ടുള്ള മലീഹ, അപൂർവയിനം പക്ഷികളും സസ്യങ്ങളും കാണപ്പെടുന്ന ഇടംകൂടിയാണ്.
പ്രദേശത്തിന്റെ ചരിത്രപൈതൃകം സംരക്ഷിക്കാനും സുസ്ഥിരമാതൃകയിലൂന്നിയ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനുമായി കഴിഞ്ഞ വർഷം മേയ് മാസമാണ് ഷാർജ ഭരണാധികാരി പ്രത്യേക ഉത്തരവിലൂടെ മലീഹ നാഷനൽ പാർക്ക് പ്രഖ്യാപിച്ചത്. ‘ഷുറൂഖി’ന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ദേശീയോദ്യാനത്തിന്റെ സംരക്ഷണവേലി ഷാർജ പബ്ലിക് വർക്ക് ഡിപ്പാർട്മെന്റിന്റെ പങ്കാളിത്തത്തിൽ നേരത്തെ പൂർത്തീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.