ദുബൈ: ദേശീയ പതാകദിനമായ നവംബർ മൂന്നിന് ദുബൈ ഗ്ലോബൽ വില്ലേജിൽ പ്രത്യേക ഡ്രോൺ ഷോ സംഘടിപ്പിക്കും. രാത്രി ഒമ്പതിനാണ് പരിപാടി. രാജ്യത്തിന് ആദരസൂചകമായി നൂറുകണക്കിന് ഡ്രോണുകൾ ഗ്ലോബൽ വില്ലേജിന്റെ ആകാശത്ത് ദേശീയപതാകയുടെ ചതുർവർണ വെളിച്ചം വിതറും. ബുർജുൽ അറബിന് സമീപം ഉമ്മുൽ സുഖെം ബീച്ചിൽ പതാകകളുടെ പൂന്തോട്ടവും ഒരുക്കുന്നുണ്ട്. രാഷ്ട്രശിൽപികളായ ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ, ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂം എന്നിവരുടെ ഛായാചിത്രങ്ങളുമായി ആയിരക്കണക്കിന് പതാകകൾ ബീച്ചിൽ അണിനിരത്തും. ഒക്ടോബർ 31 മുതൽ ജനുവരി 10 വരെ സന്ദർശകർക്ക് പതാക പൂന്തോട്ടം കാണാനാവും.
യു.എ.ഇയിൽ ദേശീയ പതാകദിനത്തിന് പൊതുഅവധി പ്രഖ്യാപിക്കാറില്ലെങ്കിലും ഈദുൽ ഇത്തിഹാദ് ആഘോഷങ്ങളുടെ തുടക്കമെന്നനിലയിലാണ് കാണുന്നത്. ദേശീയ പതാകദിനം മുതൽ ഈദുൽ ഇത്തിഹാദ് ദിനമായ ഡിസംബർ രണ്ടുവരെ രാജ്യത്തുടനീളം ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിനായി ദുബൈ ‘ദേശീയ മാസം’ സംരംഭവും പ്രഖ്യാപിച്ചിരുന്നു. അതോടൊപ്പം മുഴുവൻ ജനങ്ങളോടും ദേശീയ പതാകദിനത്തിൽ പതാക ഉയർത്താനും യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആഹ്വാനം ചെയ്തിരുന്നു. നവംബർ മുന്നിന് രാവിലെ 11ന് ആണ് പതാക ഉയർത്തേണ്ടത്. തുടർന്ന് ദേശീയഗാനം ആലപിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.