ആർ.ടി.എ ഉദ്യോഗസ്ഥർ ആശുപത്രിയിൽ ചൈൽഡ് സീറ്റുകൾ വിതരണം ചെയ്യുന്നു
ദുബൈ: 54ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് കൊച്ചുകുട്ടികൾക്കായുള്ള കാർ സീറ്റുകൾ സമ്മാനിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ഡിസംബർ ഒന്ന് മുതൽ അഞ്ചു വരെയുള്ള തീയതികളിലായി 26 ആശുപത്രികളിലെ 500 നവജാത ശിശുക്കൾക്കാണ് സീറ്റുകളാണ് വിതരണം ചെയ്തത്. ‘ആദ്യ യാത്രയിലെ സുരക്ഷ’ എന്ന പേരിൽ നടത്തുന്ന വാർഷിക ക്യാമ്പയ്നിന്റെ ആറാമത് എഡിഷനിൽ ദുബൈ പൊലീസ് ആസ്ഥാനം, യൂനിസെഫ്, ദുബൈ ഹെൽത്ത് അതോറിറ്റി, മറ്റ് സ്വകാര്യ പങ്കാളികൾ എന്നിവരും ഭാഗമായിരുന്നു.
ഗുണപരമായ ഇത്തരം സംരംഭങ്ങൾ തുടരുന്നത് വളരെ അത്യാവശ്യമാണെന്ന് ആർ.ടി.എയുടെ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി ഡയറക്ടർ അഹമ്മദ് അൽ സൈമി പറഞ്ഞു. ദുബൈയുടെ ഗതാഗത സുരക്ഷ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംഭാവന ചെയ്യുന്നതിനും തടസ്സമില്ലാത്തതും സുസ്ഥിരവുമായ ഗതാഗത സംവിധാനങ്ങളിൽ മുൻനിര നഗരമെന്ന് കാഴ്ചപ്പാടിനെ പിന്തുണക്കുന്നതുമാണ് ഇത്തരം സംരംഭങ്ങൾ. സ്വകാര്യ മേഖലകളും അന്താരാഷ്ട്ര സംഘടനകളും ദുബൈ സർക്കാറും തമ്മിലുള്ള സുസ്ഥിരമായ സഹകരണത്തിന്‍റെ മുൻനിര മാതകൃയെ പ്രതിനിധീകരിക്കുന്നതാണ് ‘ആദ്യ യാത്രയിലെ സുരക്ഷ’ എന്ന ക്യാമ്പയ്ൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും ഗതാഗത അവബോധം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആർ.ടി.എയുടെ സാമൂഹിക ഉത്തരവാദിത്തത്തോടുള്ള പ്രതിബദ്ധതയും ക്യാമ്പയ്ൻ പ്രതിഫലിപ്പിക്കുന്നു. വാഹനങ്ങളിൽ ചൈൽഡ് സീറ്റുകൾ ഉപയോഗിക്കാൻ രക്ഷിതാക്കളെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് അഞ്ചു വർഷം മുമ്പാണ് ക്യാമ്പയ്ന് ആർ.ടി.എ തുടക്കമിട്ടത്. ആദ്യ വർഷം 200 കാർ സീറ്റുകൾ വിതരണം ചെയ്തിരുന്നു. ഈ വഷം 5,00 ആയി ഉയർത്താൻ സാധിച്ചു. ആദ്യ വർഷം 17 ആശുപത്രികളായിരുന്നു ക്യാമ്പയ്നിൽ പങ്കെടുത്തത്. ഈ വർഷം അത് 26ലെത്തിക്കാനും കഴിഞ്ഞതായി അഹമ്മദ് അൽ സൈമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.