അൽഐൻ ഒയാസിസ് ഇന്റർനാഷനൽ സ്കൂളിൽ സംഘടിപ്പിച്ച ദേശീയ ദിനാഘോഷ പരിപാടി
അൽഐൻ: യു.എ.ഇയുടെ 51ാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് അൽഐൻ ഒയാസിസ് ഇന്റർനാഷനൽ സ്കൂളിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ അങ്കണവും മറ്റും യു.എ.ഇ പതാകയുടെ നിറങ്ങളാൽ അലങ്കരിച്ചിരുന്നു. യു.എ.ഇ പതാകയുടെ നിറങ്ങൾ അണിഞ്ഞ വിദ്യാർഥികളും അധ്യാപകരും പച്ച, കറുപ്പ്, ചുവപ്പ്, വെളുപ്പ് എന്നീ നിറങ്ങളിൽ കാമ്പസിനെ വർണാഭമാക്കി.
കലാപരിപാടികൾ അടക്കമുള്ള ദൃശ്യവിരുന്നുകളോടെയാണ് ദേശീയ ദിനം ആഘോഷിച്ചത്. സ്കൂളിലെ 29 രാഷ്ട്രങ്ങളിലെ വിദ്യാർഥികൾ ഒരേ സ്വരത്തിൽ യു.എ.ഇ ദേശീയഗാനം ആലപിച്ചു. ഇമാറാത്തി ഭക്ഷണ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്ന ഭക്ഷ്യമേള, യു.എ.ഇ സംസ്കാരവും വ്യക്തിത്വവും ഉയർത്തിക്കാട്ടുന്ന മജ്ലിസുകൾ, വിവിധ സ്റ്റേജ് പരിപാടികൾ, അറബ് നൃത്തങ്ങൾ, പാട്ടുകൾ, ഹെന്ന ഡിസൈനുകൾ, യു.എ.ഇ സാംസ്കാരികത്തനിമയുണർത്തുന്ന വിസ്മയിപ്പിക്കുന്ന ക്ലാസ് റൂം അലങ്കാരങ്ങൾ എന്നിവയും ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുണ്ടായി.
യു.എ.ഇ പതാകനിറമണിഞ്ഞുവന്ന കുട്ടികളെ നിരത്തി 'ഐ ലവ് യു.എ.ഇ' എന്ന് അറബി കാലിഗ്രഫിയിൽ ഒരുക്കിയ ദൃശ്യം ഏറെ ആകർഷണീയമായിരുന്നു. അഡെക് അൽഐൻ ഓഫിസിലെ മുതിർന്ന ഉദ്യോഗസ്ഥനായ ഡോ. മുഅമ്മർ അലി അഹമ്മദ്, സ്കൂൾ പ്രിൻസിപ്പൽ സി.കെ.എ. മനാഫ് എന്നിവർ സംസാരിച്ചു. അധ്യാപകൻ അബ്ദുൽ ജലീലിന്റെ നേതൃത്വത്തിൽ പ്രശ്നോത്തരി സംഘടിപ്പിച്ചു. താഴെ ക്ലാസുകളിൽ മൈലാഞ്ചി ഡിസൈനിങ്, ഫേസ് പെയിന്റിങ്, അറബിക് ഗ്രൂപ് ഗാനങ്ങൾ തുടങ്ങിയ പരിപാടികളും കോക് ടെയിൽ കൗണ്ടർ, ഫ്രൂട്ട് കർവിങ് ഭക്ഷണവിതരണം തുടങ്ങിയവയും സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.