ദുബൈ: യു.എ.ഇയുടെ 54ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി അക്കാഫ് അസോസിയേഷൻ ദേശീയ പതാക ഉയർത്തി. ദുബൈ ഓഫിസിൽ രാവിലെ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനനാണ് പതാക ഉയർത്തിയത്. യു.എ.ഇ ദേശീയ ഗാനത്തോടെയായിരുന്നു ചടങ്ങുകൾക്ക് തുടക്കമായത്.
തുടർന്ന് യു.എ.ഇയുടെ വികസന യാത്ര, നേതൃത്വത്തിന്റെ ദീർഘദർശനം, സഹിഷ്ണുതയും ഐക്യവും നിറഞ്ഞ സാമൂഹിക മൂല്യങ്ങൾ എന്നിവയെക്കുറിച്ചുള്ള സന്ദേശം ജനറൽ സെക്രട്ടറി പങ്കുവെച്ചു. ദേശീയ ദിനം രാജ്യത്തിനോടുള്ള ആത്മാർഥതയും ഐക്യവും പുതുക്കി ഉറപ്പിക്കുന്ന ദിനമാണെന്നും ഇവിടെ താമസിക്കുന്ന പ്രവാസി സമൂഹത്തിന് വലിയ അഭിമാന നിമിഷമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അക്കാഫ് ഡയറക്ടർ ബോർഡ് മെംബർ വിൻസന്റ് വലിയ വീട്ടിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അക്കാഫ് മുൻ പ്രസിഡന്റ് റഫീക് പട്ടേൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബോർഡ് മെംബർ ഗിരീഷ് മേനോൻ, അക്കാഫ് മുൻ പ്രസിഡന്റ് മച്ചിങ്ങൽ രാധാകൃഷ്ണൻ, മുൻ ട്രഷറർ നൗഷാദ് മുഹമ്മദ്, വിവിധ കോളജ് അലുമ്നി ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യൻ ദേശീയ ഗാനാലാപനത്തോടെ ചടങ്ങ് അവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.