മലയോളം ദുരിതവും പേറി നാടണയാനാകാതെ അലി

അജ്മാന്‍: ചതിയില്‍ അകപ്പെട്ട് നാടണയാന്‍ കഴിയാതെ ദുരിതവും പേറി കഴിഞ്ഞു കൂടുകയാണ് കോഴിക്കോട് അത്തോളി സ്വദേശി അലി ​െമായ്​തീന്‍. സ്വന്തമായി വിസ സംഘടിപ്പിച്ച് അല്ലറചില്ലറ ജോലികള്‍ ചെയ്ത് വരികെയാണ് അലി മൊയ്തീന്​ ഷാര്‍ജയി ല്‍ തമിഴ്നാട് സ്വദേശിയായ പ്രകാശിന്‍റെ ഫുഡ്‌ സ്റ്റഫ് ട്രേഡിംഗില്‍ പാര്‍ട്ട് ടൈം ജോലി ലഭിക്കുന്നത്. അതുവരെ ചെയ ്ത് വന്നിരുന്ന ജോലിയുടെ വരുമാനം കൊണ്ട്​ പ്രാരാബ്ദങ്ങള്‍ തീരാതെ വന്നപ്പോഴാണ് അലി പാര്‍ട്ട് ടൈം ജോലി തേടി എത് തുന്നത്. വലിയ കുഴപ്പങ്ങളില്ലാതെ രണ്ട് ജോലിയും പുരോഗമിക്കുന്നതിനിടയിലാണ് ജീവിതം മാറ്റി മറിച്ച സംഭവം ആരംഭിക്കുന്നത്. പ്രകാശിന്‍റെ കമ്പനിക്കു ഇറാഖ്​ സ്വദേശികളുടെ കമ്പനി കുറേ ഭക്ഷണ സാധനങ്ങള്‍ കച്ചവടം ചെയ്തു. അതിന്‍റെ തുകയായി നല്‍കേണ്ട ചെക്ക് മുതലാളി സ്ഥലത്തില്ലാത്ത സമയത്ത് അദ്ദേഹത്തി​​​െൻറ തന്നെ നിര്‍ദേശ പ്രകാരം അലി ഇറാക്കികള്‍ക്ക് എടുത്ത് നല്‍കി.


അന്‍പതിനായിരം ദിര്‍ഹത്തിനുള്ള രണ്ട് ചെക്കുകള്‍. ചെക്കുമായി പോയവര്‍ ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ചെക്ക് മടങ്ങി എന്ന പരാതിയുമായി തിരിച്ചു വന്നു. തൊഴിലുടമയുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും അവർ പറഞ്ഞു. ആയതിനാല്‍ പണം അലി മൊയ്തീന്‍ നല്‍കണമെന്നും അവരാവശ്യപ്പെട്ടു. അപ്പോഴാണ്‌ തന്‍റെ തൊഴിലുടമ മുങ്ങിയ വിവരം അലി മൊയ്​തീന്‍ അറിയുന്നത്. ചതി പറ്റിയതറിഞ്ഞ ഷോക്കിൽ ഹൃദയാഘാതം സംഭവിച്ച അലി ഷാര്‍ജ അല്‍ ഖാസ്മിയ ആശുപത്രിയിലായി. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം അലിയെ തേടി ഇറാഖികള്‍ വീട്ടിലെത്തി. തങ്ങളുടെ പണം തരണമെന്നും അല്ലെങ്കില്‍ തൊഴിലുടമ എവിടെയുണ്ടെന്ന് പറഞ്ഞു തരണമെന്നും ആവശ്യപ്പെട്ടു. പിന്നീട്​ കാറില്‍ കയറ്റി അജ്മാനിലെ ഒഴിഞ്ഞ സ്ഥലത്ത് കൊണ്ട് പോയി മുതലാളി തങ്ങള്‍ക്ക് പണം തരാനുണ്ടെന്നുള്ളതിനു സാക്ഷിയാണെന്നു ഒപ്പിട്ടു നൽകാൻ ആവശ്യപ്പെട്ടു.

വെള്ള കടലാസില്‍ നിര്‍ബന്ധ പൂര്‍വ്വം വിരലടയാളം പതിപ്പിക്കുകയും ഒപ്പിടീക്കുകയും ചെയ്തു. തന്‍റെ വിസ തീരുകയും കമ്പനിയിലെ ജോലി നിന്ന് പോവുകയും ചെയ്തതോടെ അലി അജ്മാന്‍ ഫ്രീസോണില്‍ ലൈസന്‍സ് എടുത്ത് ചെറിയ രീതിയില്‍ കച്ചവടം ആരംഭിച്ചു. ആറുമാസം കഴിഞ്ഞപ്പോഴാണ് അലിക്ക് ഒരു നോട്ടീസ് വരുന്നത്. സിവില്‍ കേസിനുള്ള നോട്ടീസായിരുന്നു അത്. തന്നെ കൊണ്ട് ഒപ്പ് വെപ്പിച്ച കടലാസില്‍ അന്‍പതിനായിരം ദിര്‍ഹം നല്‍കാനുണ്ടെന്ന് അവര്‍ എഴുതി പിടിപ്പിച്ച വിവരം അന്വേഷിച്ചപ്പോഴാണ് അറിയുന്നത്. ഇറാഖിയുമായി ബന്ധപ്പെട്ടാപ്പോള്‍ മറ്റേയാളെ കൊണ്ട് വന്നാല്‍ തന്നെ ഒഴിവാക്കാം എന്ന് അവര്‍ പറഞ്ഞത്രേ. എന്നാല്‍ തൊഴിലുടമ മുങ്ങിയതിനാല്‍ നിരാശയോടെ അലി അവിടെ നിന്നും മടങ്ങി. കാര്യങ്ങള്‍ വരുന്നിടത്ത് വെച്ച് കാണാം എന്ന നിഗമനത്തില്‍. ഒരിക്കല്‍ നാട്ടില്‍ പോകാനായി വസ്ത്രം തയ്ക്കാന്‍ നല്‍കിയ കടയില്‍ പോയി നില്‍ക്കുമ്പോഴാണ് ഷാര്‍ജയില്‍ നിന്ന്​ പൊലീസ്​ പിടികൂടി അജ്മാന്‍ പോലീസില്‍ ഏല്‍പ്പിക്കുന്നത്.


അന്‍പതിനായിരം ദിര്‍ഹം നല്‍കാനുള്ള വഞ്ചനാ കുറ്റമായിരുന്നു കേസ്​. പിടികൂടിയ രണ്ടാം ദിവസം പൊലീസ് കോടതിയില്‍ ഹാജരാക്കി. താന്‍ പണം നല്‍കാന്‍ ബാധ്യസ്ഥനാണെന്ന് കോടതി പറഞ്ഞു. പലരില്‍ നിന്നുമായി സംഘടിപ്പിച്ച് പതിനായിരം ദിര്‍ഹവും പാസ്പോര്‍ട്ടും ജാമ്യം നല്‍കി പുറത്തിറങ്ങി. സുഹൃത്തുക്കളുടെ സഹായത്തോടെ തൊഴിലുടമയെ പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഇതിനിടയില്‍ പിന്നെയും ഹൃദയാഘാതം വന്ന്​ ആശുപത്രിയിലായി. സ്വന്തം സ്ഥാപനം അവതാളത്തിലായതോടെ മറ്റൊരാള്‍ക്ക് വിട്ട് നല്‍കി. എങ്ങിനെയെങ്കിലും പ്രശ്നം പരിഹരിച്ച് നാട്ടിലെത്തിയാല്‍ മതിയെന്ന ലക്ഷ്യത്തില്‍ വീണ്ടും പോലീസില്‍ എത്തി ആവശ്യം ഉന്നയിച്ചു. അവര്‍ വീണ്ടും കോടതിയില്‍ ഹാജരാക്കി. ബാക്കി പണം അടക്കാന്‍ യാതൊരു ഗതിയുമില്ലെന്ന് പറഞ്ഞപ്പോള്‍ ധര്‍മ്മ കേന്ദ്രങ്ങളില്‍ നിന്ന്​ സഹായം ലഭിക്കുന്നതിന് പരിശ്രമിക്കാന്‍ സഹായകമായ കത്ത് കോടതി ലഭ്യമാക്കി. എന്നാല്‍ ധര്‍മ്മ കേന്ദ്രങ്ങളില്‍ നിന്നും സഹായങ്ങള്‍ ലഭ്യമായില്ല. ഇപ്പോള്‍ നിരവധി രോഗങ്ങള്‍ ഇദ്ദേഹത്തെ അലട്ടുന്നുണ്ട്. വയര്‍ സംബന്ധമായ അസുഖത്തിന് ആശുപത്രിയില്‍ നിന്ന്​ ഓപ്പറേഷന് നിര്‍ദേശിച്ചെങ്കിലും ഇതുവരെ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അസുഖങ്ങള്‍ വര്‍ദ്ധിച്ചതോടെ ജോലിയൊന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലുമായി. പരിചയക്കാരനായ തിരുവനന്തപുരം സ്വദേശിയുടെ സഹായത്തിലാണ് ഭക്ഷണം കഴിച്ച് പോകുന്നത്. ഇപ്പോള്‍ കൊല്ലം ജില്ലയില്‍ താമസിക്കുന്ന അലി മൊയ്ദീന് എങ്ങിനെയെങ്കിലും നാട്ടിലെത്തിയാല്‍ മതി. അതിനുള്ള പരിശ്രമങ്ങള്‍ക്കായി കാണുന്ന വാതിലുകളെല്ലാം മുട്ടുകയാണ് ഈ അന്‍പത്തി അഞ്ചുകാരന്‍.

Tags:    
News Summary - nadanayanakathe ali-uaer-uae news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.