അബൂദബി: എമര്‍ജന്‍സി, ആംബുലന്‍സ്, പൊലീസ് തുടങ്ങിയ വാഹനങ്ങള്‍ക്ക് വഴി നല്‍കണമെന്ന് ഡ്രൈവർമാരെ വീണ്ടും ഓർമിപ്പിച്ച് അബൂദബി പൊലീസ്. ഇത്തരം വാഹനങ്ങള്‍ക്ക് വഴി നല്‍കുന്നതിന് വീഴ്ച വരുത്തിയാല്‍ 3000 ദിര്‍ഹം പിഴയും വാഹനം 30 ദിവസത്തേക്ക് പിടിച്ചെടുക്കുകയും ഡ്രൈവിങ് ലൈസന്‍സില്‍ ആറ് ബ്ലാക്ക് പോയന്റുകള്‍ ചുമത്തുകയും ചെയ്യുമെന്നും പൊലീസ് മുന്നറിയിപ്പ് നല്കി.
‘മടിക്കേണ്ട, ഉടനെ വഴിമാറൂ’ എന്ന പേരില്‍ അബൂദബി സിവില്‍ ഡിഫന്‍സ് അതോറിറ്റി, ആരോഗ്യവകുപ്പ്, അബൂദബി നഗര ഗതാഗത വകുപ്പ് എന്നിവയുമായി സഹകരിച്ച് അബൂദബി പൊലീസ് നടത്തുന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് ഇത്തരമൊരു ഓര്‍മപ്പെടുത്തല്‍. അടിയന്തര വാഹനങ്ങള്‍ വരുമ്പോള്‍ ഉടന്‍തന്നെ ഉത്തരവാദിത്തത്തോടെ ഇതിനു വഴിയൊരുക്കുന്ന സംസ്കാരം ഡ്രൈവര്‍മാര്‍ക്കിടയില്‍ വളര്‍ത്തിയെടുക്കുകയാണ് കാമ്പയിനിന്റെ ലക്ഷ്യം.
ജീവൻ രക്ഷിക്കുന്നതിലും അപകടങ്ങള്‍ കുറക്കുന്നതിലും ലോകത്തിലെ സുരക്ഷിത നഗരമെന്ന അബൂദബിയുടെ പദവി ഊട്ടിയുറപ്പിക്കുന്നതിലും സത്വര പ്രതികരണങ്ങള്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്.
അടിയന്തര സാഹചര്യങ്ങളില്‍ ഓരോ സെക്കന്‍ഡും വിലപ്പെട്ടതാണ്. അപകടമോ തീപിടിത്തമോ, ജീവനപകടത്തിലാക്കുന്ന ആരോഗ്യ പ്രശ്നമോ ഉണ്ടാകുന്ന സാഹചര്യങ്ങളിലെ സൈറണുകള്‍ പ്രതിനിധാനം ചെയ്യുന്നത് പ്രതീക്ഷയാണെന്നും അധികൃതര്‍ പറഞ്ഞു.
സഹായത്തിനായി കാത്തിരിക്കുന്ന ആളുകള്‍ ജീവിതത്തിനും മരണത്തിനുമിടയിലാണെന്നും അധികൃതര്‍ ഡ്രൈവര്‍മാരെ ഓർമിക്കുന്നു. നിരത്തിലെ വാഹനങ്ങള്‍ മൂലമുണ്ടാവുന്ന ചെറിയ കാലതാമസം നിര്‍ണായക സാഹചര്യങ്ങളില്‍ സ്ഥിതി വഷളാക്കുമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.
1. പ്രധാനപാതകളില്‍ ഇടത്തേയറ്റത്തെ ലെയിനാണ് എമര്‍ജന്‍സി വാഹനങ്ങള്‍ക്കുള്ളത്. പിന്നില്‍ വരുന്ന വാഹനം സൈറണ്‍ മുഴക്കുകയോ ലൈറ്റുകള്‍ മിന്നിക്കുകയോ ചെയ്താല്‍ ഡ്രൈവര്‍മാര്‍ ഉടന്‍തന്നെ വാഹനം വലത്തേ ലെയിനിലേക്ക് മാറ്റിക്കൊടുക്കണം.
2. ഗതാഗതക്കുരുക്കുണ്ടായാല്‍ എമര്‍ജന്‍സി വാഹനങ്ങള്‍ക്കായി നീക്കിവെച്ചിട്ടുള്ള ലെയിനില്‍ ഒരു കാരണവശാലും മറ്റു വാഹനങ്ങള്‍ ഇറക്കരുത്.
3. ഇടറോഡുകളില്‍ ഡ്രൈവര്‍മാര്‍ ഇടത്തേതോ അല്ലെങ്കില്‍ വലത്തേതോ ലെയിനിലേക്ക് വാഹനം മാറ്റി അടിയന്തര വാഹനങ്ങള്‍ക്ക് വഴിയൊരുക്കണം.
4. കവലകളില്‍ ഗ്രീന്‍ സിഗ്നല്‍ ആണെങ്കിലും സൈഡ് റോഡുകളിലുള്ള വാഹനങ്ങള്‍ നിര്‍ത്തിയിടുകയും റെഡ് സിഗ്നല്‍ മറികടന്നുപോവാന്‍ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കുകയും വേണം.
5. റൗണ്ട് എബൗട്ടുകളില്‍ എമര്‍ജന്‍സി വാഹനങ്ങള്‍ക്കാണ് മുന്‍ഗണന. അടിയന്തര വാഹനങ്ങള്‍ റൗണ്ട് എബൗട്ടുകളിലൂടെ കടന്നുപോവുമ്പോള്‍ മറ്റു വാഹനങ്ങള്‍ ഇവിടേക്ക് പോവരുത്. റൗണ്ട് എബൗട്ടില്‍ ഉള്ള വാഹനങ്ങള്‍ ഈ സമയം വലത്തേക്ക് മാറ്റിനല്‍കുകയും വേണം.
6. ഇരുവശങ്ങളിലേക്കും ഗതാഗതമുള്ള ഒറ്റ ലെയിന്‍ പാതകളില്‍ എമര്‍ജന്‍സി വാഹനങ്ങള്‍ നടുവിലൂടെ പോകും. എതിരെ വരുന്ന വാഹനങ്ങള്‍ പരമാവധി വലത്തേക്ക് മാറ്റി നല്‍കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.