ഡെലിവറി സൈക്കിൾ പരിശോധിക്കുന്ന ഉദ്യോഗസ്ഥൻ
ദുബൈ: എമിറേറ്റിൽ ഡെലിവറി ബൈക്കുകളും സൈക്കിളുകളും മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധന ശക്തമാക്കി അധികൃതർ. ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ)യും ദുബൈ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ 390ലധികം സൈക്കിളുകൾ പിടിച്ചെടുത്തു.
പൊതുസുരക്ഷയും നഗരത്തിന്റെ സൗന്ദര്യവും നിലനിർത്തുന്നതിനായാണ് നടപടി ശക്തമാക്കിയിരിക്കുന്നത്. ലൈസൻസിങ് നിയമങ്ങളും അംഗീകൃത സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടോ എന്നത് ഉറപ്പാക്കുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം. അൽ മുറഖബാത്ത്, ദുബൈ മറീന, ദുബൈ സിലിക്കൺ ഒയാസിസ്, ഡൗൺടൗൺ ദുബൈ തുടങ്ങിയ ഡെലിവറി റൈഡർമാർ കൂടുതലായി സഞ്ചരിക്കുന്ന പ്രദേശങ്ങളിലാണ്പരിശോധന നടത്തിയത്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ നടത്തിയ ഈ പരിശോധനകളിലാണ് 390ലധികം ഡെലിവറി സൈക്കിളുകൾ പിടിച്ചെടുത്തത്. ദുബൈയിൽ ഡെലിവറി മേഖലയിൽ സൈക്കിളുകളുടെ ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ കൂടുതൽ ഫീൽഡ് മേൽനോട്ടവും സുരക്ഷാ മാനദണ്ഡങ്ങളുടെ കർശന പരിശോധനയും ആവശ്യമാണെന്ന് ആർ.ടി.എ ലൈസൻസിങ് ഏജൻസിയിലെ ലൈസൻസിങ് ആക്റ്റിവിറ്റീസ് മോണിറ്ററിങ് ഡയറക്ടർ സഈദ് അൽ റംസി പറഞ്ഞു. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങൾക്കും മികച്ച നിലവാരത്തിലുള്ള സേവനം ലഭ്യമാക്കുന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡെലിവറി റൈഡർമാർ നിർബന്ധമായും അംഗീകൃത യൂണിഫോം, സുരക്ഷാ ഉപകരണങ്ങൾ എന്നിവ ധരിക്കണം. നിർദ്ദിഷ്ട സൈക്കിൾ ലെയിനുകളും മണിക്കൂറിൽ 60 കിലോമീറ്ററിൽ താഴെ വേഗപരിധിയുള്ള റോഡുകളും മാത്രം ഉപയോഗിക്കണം.
ഡെലിവറി പ്രവർത്തനങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രമേ നിർത്താവൂ എന്നും അധികൃതർ വ്യക്തമാക്കി. ഡെലിവറി സേവന സ്ഥാപനങ്ങൾക്കും റൈഡർമാർക്കും ബാധകമായ നിയമങ്ങൾ, സർക്കുലറുകൾ, മാർഗനിർദേശങ്ങൾ എന്നിവയെക്കുറിച്ച് ബോധവൽക്കരണം നൽകുന്നതിനായി ആർ.ടി.എയും വിവിധ പങ്കാളികളും ചേർന്ന് ബോധവൽക്കരണ ക്യാമ്പയിനുകളും പരിശോധനകളും തുടർച്ചയായി സംഘടിപ്പിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.