റാസല്‍ഖൈമയില്‍ സേവനങ്ങള്‍ സാധാരണ നിലയില്‍

റാസല്‍ഖൈമ: ജബല്‍ ജെയ്സ് ഉള്‍പ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനവും, പൊതുപരിപാടികളും താല്‍ക്കാലികമായി നിര്‍ത്തിയെങ്കിലും റാസല്‍ഖൈമയില്‍ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട അവശ്യ സേവനങ്ങള്‍ സാധാരണ നിലയില്‍.

യു.എ.ഇ വ്യോമപാത അടച്ചതിനെത്തുടര്‍ന്ന് ഫെബ്രുവരി 28 മുതല്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ച റാക് വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യന്‍ എക്സ്പ്രസിന്‍റെ പുതിയ സര്‍വീസ് പ്രഖ്യാപനവും എയര്‍ അറേബ്യയുടെ ചില സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന അറിയിപ്പും വന്നിട്ടുണ്ട്. യാത്ര പുറപ്പെടുന്നതിന് മുമ്പ് എയര്‍ലൈനുമായി ബന്ധപ്പെട്ട് നിജസ്ഥിതി ഉറപ്പുവരുത്തണമെന്നാണ് നിർദേശം.

ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഫാര്‍മസികള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പെട്രോള്‍ പമ്പുകള്‍, അടിയന്തര സേവനങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം എമിറേറ്റിൽ എല്ലായിടത്തും സാധാരണ നിലയിലാണ്.

പ്രധാന ഹോട്ടലുകളായ വാള്‍ഡോര്‍ഫ് അസ്റ്റോറിയ, ഇന്‍റര്‍ കോണ്ടിനെന്‍റല്‍, ദി റിറ്റ്സ് കാള്‍ടന്‍, അല്‍വാദി ഡിസര്‍ട്ട്, സോഫിറ്റെല്‍ അല്‍ ഹം ബീച്ച് റിസോര്‍ട്ട് തുടങ്ങിയവയും മറ്റു ഹോട്ടലുകളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്​.

ചില ഔട്ട് ഡോര്‍ ഈവന്‍റുകളും പൂള്‍ സൗകര്യങ്ങളുമാണ് താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിയിട്ടുള്ളത്. ലോകത്തിലെ ഏറ്റവും നീളം കൂടിയ സിപ്​ലൈനായ ജെയ്സ് ഫ്ലൈറ്റ്, ജെയ്സ് സ്കൈ ടൂര്‍, ജെയ്സ് സ്ളെഡര്‍, വിയ ഫെറാറ്റ ക്ലബിങ്​ റൂട്ട്, ബിയര്‍ ഗ്രില്‍സ് എക്സ്പ്ളോറേഴ്സ് ക്യാമ്പ്, 1484 ബൈ പ്യുറോ റസ്റ്ററന്‍റ്, റെഡ് റോക്ക് ബി.ബി.ക്യു, എല്ലാ ഹൈക്കിങ്​ ട്രെയിലുകളും വ്യൂ പോയന്‍റുകളും ഉള്‍പ്പെടുന്ന യു.എ.ഇയുടെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ജബല്‍ ജെയ്സ് പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. ഈ കേന്ദ്രങ്ങളിലേക്ക് നടത്തിയ എല്ലാ ബുക്കിങുകളും റദ്ദാക്കിയിട്ടുണ്ട്.

ഹോളി ആഘോഷ ഭാഗമായി ജസീറ അല്‍ ഹംറയിലെ വൈറ്റ് ബീച്ച് കേന്ദ്രമായി നിശ്ചയിച്ച കളര്‍ സ്പ്ളാഷ് 3.0 സംഘാടകര്‍ മാറ്റിവെക്കുകയും ബിന്‍ മാജിദ് ബീച്ച് ഹോട്ടലില്‍ നിശ്ചയിച്ചിരുന്ന ഹോളി വാട്ടര്‍ ആന്‍റ് കളര്‍ ഫെസ്റ്റ് റദ്ദാക്കുകയും ചെയ്തിരുന്നു. സാധ്യമാകുന്ന വ്യാപാര-വാണിജ്യ സ്ഥാപനങ്ങളില്‍ തൊഴില്‍ മന്ത്രാലയം വര്‍ക്ക് ഫ്രം ഹോം നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിദ്യാലയങ്ങളില്‍ വെള്ളിയാഴ്ച വരെ ഓണ്‍ലൈന്‍ അധ്യയനം തുടരും. വസന്തകാല അവധി നേരത്തെയാക്കി പുന$ക്രമീകരിച്ച വിദ്യാലയങ്ങൾ തുറക്കുക മാര്‍ച്ച് 23നാണ്​.

വാര്‍ത്തകളും വിവരങ്ങളും ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് മാത്രം സ്വീകരിക്കണമെന്നും സ്ഥിരീകരിക്കാത്ത വീഡിയോകളും ചിത്രങ്ങളും കിംവദന്തികളും പ്രചരിപ്പിക്കരുതെന്നും അധികൃതര്‍ ഓര്‍മപ്പെടുത്തിയിട്ടുണ്ട്. യാത്രകള്‍ക്ക് മുമ്പ് വിവരങ്ങള്‍ സ്ഥിരീകരിക്കണമെന്നും വലിയ ശബ്ദങ്ങളില്‍ പരിഭ്രാന്തി വേണ്ടെന്നും അവ വിജയകരമായ വ്യോമ പ്രതിരോധ ഇടപെടലിന്‍റെ ഭാഗമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Tags:    
News Summary - Services are back to normal in Ras Al Khaimah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.