അബൂദബി: മൂക്കിനുള്ള സൗന്ദര്യവർധക ശസ്ത്രക്രിയക്കിടെ അബോധാവസ്ഥയിലായ 24കാരിക ്ക് വിദേശത്ത് ചികിത്സ ലഭ്യമാക്കാനുള്ള ചെലവ് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ വഹിക്കും. അബൂ ദബി കിരീടാവകാശിയുടെ കാര്യാലയത്തിലെ ഉദ്യോഗസ്ഥർ തന്നെ ബന്ധപ്പെട്ടതായും മകളെ ചികിത്സക്കായി വിേദശത്തേക്ക് കൊണ്ടുപോവുകയാണെന്നും അറിയിച്ചതായി യുവതിയുടെ പിതാവ് പറഞ്ഞു.
ദുബൈ സ്വദേശിയായ ഇദ്ദേഹം ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിന് അടുത്തയാഴ്ച ആദ്യം അബൂദബി ആരോഗ്യ വകുപ്പിലെത്തും. അതിന് ശേഷമാണ് യാത്രാതീയതി നിശ്ചയിക്കുക.ദുബൈയിലെ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയാകവേ ചികിത്സയിലെ പിഴവ് കാരണമാണ് യുവതി ബോധരഹിതയായത്. ശസ്ത്രക്രിയക്കിടെ അനസ്തേഷ്യോളജിസ്റ്റ് സിഗററ്റിനും കാപ്പിക്കുമായി പുറത്തിറങ്ങിയതാണ് അപകടത്തിന് ഇടയാക്കിയതെന്ന് റിപ്പോർട്ടുണ്ട്. രോഗിക്ക് ഹൃദയാഘാതമുണ്ടായത് ശ്രദ്ധിക്കാതെ ഡോക്ടർ ശസ്ത്രക്രിയ തുടർന്നതായും ആരോപണമുണ്ട്. രണ്ട് ഡോക്ടർമാർക്കും ദുബൈ ആരോഗ്യ അതോറിറ്റി വിലക്കേർെപ്പടുത്തുകയും ശസ്ത്രക്രിയ നടത്തിയ ഫസ്റ്റ് മെഡ് ഡേ ശസ്ത്രക്രിയ കേന്ദ്രം അടച്ചുപൂട്ടുകയും ചെയ്തിരുന്നു.
1991ലുണ്ടായ കാറപകടത്തിൽ പരിക്കേറ്റ് അബോധാവസ്ഥയിലായ മുനീറ അബ്ദുല്ല (60) എന്ന ഇമറാത്തി വനിതയുടെ ചികിത്സക്കും അബൂദബി കിരീടാവകാശിയുടെ കാര്യാലയം ഗ്രാൻഡ് അനുവദിച്ചിരുന്നു. തുടർന്ന് 2017ൽ ഇവരെ ജർമനിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കഴിഞ്ഞ വർഷം ബോധം തിരിച്ചുകിട്ടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.