ഓർമയും മലയാളം മിഷൻ ദുബൈ ചാപ്റ്ററും ചേർന്ന് സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിൽ
മുരളി മംഗലത്ത് സംസാരിക്കുന്നു
ദുബൈ: ഇടതു സാംസ്കാരികപ്രവർത്തനം എന്നാൽ ഏറ്റവും സാധാരണക്കാരായ മനുഷ്യരെ കൂടി ചേർത്തുനിർത്തൽ എന്നതാണെന്ന് മുരളി മംഗലത്ത്. ഓർമയും മലയാളം മിഷൻ ദുബൈ ചാപ്റ്ററും ചേർന്നു സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിനുമുന്നോടിയായി എം.ടി അനുസ്മരണ പ്രഭാഷണവും മുരളി മംഗലത്ത് നിർവഹിച്ചു.
39 വർഷത്തെ പ്രവാസജീവിതം മതിയാക്കി, നാട്ടിലേക്ക് മടങ്ങുന്ന അധ്യാപകനും സംസ്കാരിക പ്രവർത്തകനുമായ മുരളി മാഷിന് ഓർമയുടെയും മലയാളം മിഷന്റെയും നേതൃത്വത്തിൽ സംയുക്തമായാണ് യാത്രയയപ്പ് നൽകിയത്.
‘ദല’യുടെ മുൻകാല പ്രവർത്തകനും സഹയാത്രികനും കൂടിയായ മുരളി മാഷിന്റെ യാത്രയയപ്പ് സമ്മേളനത്തിൽ പഴയകാല പ്രവർത്തകരടക്കം നൂറോളം പേർ പങ്കെടുത്തു. ദലയിലെ തന്റെ മുൻകാല പ്രവർത്തനങ്ങളെ കുറിച്ചും അന്നത്തെ സാംസ്കാരിക പശ്ചാത്തലത്തെക്കുറിച്ചും അദ്ദേഹം വിശദമായി സംസാരിച്ചു.
1987ൽ യു.എ.ഇയിൽ പ്രവാസജീവിതം ആരംഭിച്ചതിനുശേഷം ആദ്യമായി ഒരു പൊതുവേദിയിൽ എത്തിയത് ദലയിലൂടെ ആയിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.ഓർമ ജനറൽ സെക്രട്ടറി ഷിജു ബഷീർ സ്വാഗതം പറഞ്ഞു. ഓർമ പ്രസിഡന്റ് നൗഫൽ പട്ടാമ്പി അധ്യക്ഷത വഹിച്ചു.
നാട്ടിലേക്ക് മടങ്ങുന്ന മുരളി മാഷിന് ആശംസകൾ അറിയിച്ചുകൊണ്ട് പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ.കെ. കുഞ്ഞ് അഹമ്മദ്, മലയാളം മിഷൻ ദുബൈ ചാപ്റ്റർ ചെയർമാൻ വിനോദ് നമ്പ്യാർ, ചാപ്റ്റർ സെക്രട്ടറി ദിലീപ് സി.എൻ.എൻ, പ്രസിഡന്റ് ജോജു, ഓർമ വൈസ് പ്രസിഡന്റ് ജിജിത, പ്രവർത്തകർ എന്നിവർ സംസാരിച്ചു. ഓർമ സെക്രട്ടറി അംബുജാക്ഷൻ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.