ദുബൈ: കേസിലുൾപ്പെട്ട് ജയിലിലടയ്ക്കപ്പെട്ട വിധവയുടെ മൂന്നു കുട്ടികൾക്ക് സംരക്ഷണമൊരുക്കി ദുബൈ പൊലീസ്. കോടതിയുടെ പരിഗണനയിലുള്ള കേസിൽ ഉൾപ്പെട്ട് ജയിലിലായ സ്ത്രീ ആദ്യ ഘട്ടത്തിൽ കുട്ടികൾ അപാർട്ട്മെൻറിൽ തനിച്ചാണെന്ന കാര്യം പൊലീസിനോട് വെളിപ്പെടുത്തിയിരുന്നില്ല. സാമൂഹിക പരിചരണ കേന്ദ്രങ്ങളിലേക്ക് മാറ്റിയാൽ കുട്ടികൾ വേർപെട്ടുപോകുമെന്ന് ഭയന്നതാണ് ഇക്കാര്യം മറച്ചുവെക്കാനുണ്ടായ സാഹചര്യമെന്ന് ഇവർ പറയുന്നു.
ജയിലിൽ നിന്ന് വൈകാതെ മോചിതയാകുമെന്നും സ്ത്രീ കരുതിയിരുന്നു. എന്നാൽ, ദിവസങ്ങൾ പിന്നിട്ടതോടെ മക്കൾ തനിച്ചാണെന്ന കാര്യം ഇവർ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തുകയായിരുന്നു. സാമ്പത്തിക പ്രയാസം കാരണം പണമടക്കാത്തതിനാൽ ഇവർ താമസിച്ച അപാർട്ട്മെന്റിന്റെ കുടിവെള്ള, വൈദ്യൂതി വിതരണം നിലച്ച നിലയിലായിരുന്നു. ജയിലിലേക്ക് പോകുന്നതിന് മുമ്പായി സ്ത്രീ ഒരു സുഹൃത്തിനെ കുട്ടികളെ ശ്രദ്ധിക്കാൻ ഏൽപിച്ചിരുന്നു.
എന്നാൽ, കുട്ടികളുടെ കാര്യം അറിഞ്ഞതോടെ പൊലീസ് അതിവേഗം വിഷയത്തിൽ ഇടപെട്ടു. ഒമ്പതും 12ഉം 15ഉം വയസ്സുള്ള മൂന്ന് കുട്ടികളെയാണ് പൊലീസ് അപാർട്ട്മെന്റിൽ കണ്ടെത്തിയത്. ഷാർജ സാമൂഹിക സേവന വകുപ്പിന്റെ ബാലാവകാശ സംരക്ഷണ വകുപ്പ് അധികൃതരുടെ സഹകരണത്തോടെയാണ് കുട്ടികളുടെ കാര്യത്തിൽ പൊലീസ് ഇടപെട്ടത്.
മാതാവിന്റെ ആഗ്രഹംപോലെ കുട്ടികളെ വേർപെടുത്താതെ സംരക്ഷിക്കാനാണ് പൊലീസ് തീരുമാനിച്ചത്. ജയിൽ മോചിതയാകുന്നതു വരെ കുട്ടികളുടെ സംരക്ഷണത്തിന് മറ്റു ബന്ധുക്കളില്ലാത്തതിനാൽ വനിത പൊലീസ് ഉദ്യോഗസ്ഥ തന്നെ സേവനത്തിനായി രംഗത്തെത്തി.
ഹ്യൂമാനിറ്റേറിയൻ കെയർ ഡിപ്പാർട്ട്മെന്റ് മൂന്ന് കുട്ടികൾക്കും പ്രതിമാസ ചെലവിനുള്ള സാമ്പത്തിക സഹായം ലഭ്യമാക്കുകയും എല്ലാ വാടക, യൂട്ടിലിറ്റി ബില്ലുകളും അടച്ചുതീർക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ മൂന്നു കുട്ടികളും ആരോഗ്യത്തോടെ ഒരുമിച്ചു കഴിയുകയാണെന്നും മാതാവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ദുബൈ വനിത ജയിൽ ഡയറക്ടർ കേണൽ ജാമില അൽ സആബി പറഞ്ഞു.
കുട്ടികളെ ഏെറ്റടുത്ത ഉദ്യോഗസ്ഥ മാതാവ് ജയിൽ മോചിതയാകുന്നതുവരെ കുട്ടികളെ സംരക്ഷിക്കുമെന്നും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.