അഞ്ചര ലക്ഷത്തിലധികം പുതിയ ഡ്രൈവർമാർ കൂടി നിരത്തിലേക്ക്​

ദുബൈ: യു.എ.ഇയിൽ പോയ വർഷം പുതുതായി ഡ്രൈവിങ്​ ലൈസൻസ്​ നേടിയത്​ അഞ്ചര ലക്ഷത്തിലധികം പേർ. ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്കുകൾ അനുസരിച്ച്​ 2025ൽ 5,58,191 പേരാണ്​ ലൈസൻസ്​ നേടിയത്​. തൊട്ടു മുമ്പുള്ള വർഷത്തെ അപേക്ഷിച്ച്​ 10.7 ശതമാനമാണ്​ വർധന. 2024ൽ ഡ്രൈവിങ്​ ലൈസൻസ്​ ​ലഭിച്ചത്​​​ 5,04,377 പേർക്കാണ്​. സ്ത്രീകളേക്കാൾ ലൈസൻസ്​ നേടിയവരിൽ മുന്നിലുള്ളത്​ പുരുഷൻമാരാണ്​. 4,43,988 ലൈസൻസുകളാണ്​ പുരുഷൻമാർക്ക്​ ലഭിച്ചത്​. 2024ൽ ഇത്​ 3,96,371 ആയിരുന്നു.

2025ൽ 12 ശതമാനമാണ്​ വർധന. കഴിഞ്ഞ വർഷം ആകെ അനുവദിച്ച ലൈസൻസുകളിൽ 79.5 ശതമാനവും നേടിയത്​ പുരുഷൻമാരാണ്​. 2024ൽ ഇത്​ 78.6 ശതമാനമായിരുന്നുവെന്നും കണക്കുകൾ വ്യക്​തമാക്കുന്നു. അതേസമയം, ലൈസൻസ്​ ലഭിക്കുന്ന സ്ത്രീകളുടെ എണ്ണത്തിലും വർധനവ്​ പ്രകടമാണ്​. 2025ൽ 1,14,203 സ്ത്രീകൾക്ക്​ ഡ്രൈവിങ്​ ലൈസൻസ്​ ലഭിച്ചു. തൊട്ടു മുമ്പുള്ള വർഷം ഇത്​ 1,08,006 ആയിരുന്നു.5.7 ശതമാനം വർധനവാണ്​ രേഖപ്പെടുത്തിയത്​​. അതായത്​ മൊത്തം അനുവദിച്ച ലൈസൻസിൽ 20.5 ശതമാനമാണ്​ സ്ത്രീകളുടെ പങ്ക്​.

യു.എ.ഇയിൽ തുടരുന്ന ജനസംഖ്യ വളർച്ച, സാമ്പത്തിക വികാസം, പ്രവാസികൾക്കും പ്രഫഷനലുകൾക്കും ഒരു ആഗോള കേന്ദ്രമെന്ന നിലയിൽ നിലനിൽക്കുന്ന ആകർഷണീയത എന്നിവയുടെ സൂചനയാണ്​ ലൈസൻസുകളിലെ ഇരട്ട അക്ക വളർച്ച നൽകുന്നതെന്ന്​​ അധികൃതർ വിലയിരുത്തി.

യു.എ.ഇയിൽ ഓരോ വർഷവും ലക്ഷക്കണക്കിന്​ പേരാണ്​ ഡ്രൈവിങ്​ ലൈസൻസ്​ നേടുന്നത്​. വളർച്ചയുടെ ഈ വേഗതക്ക്​ അനുസരിച്ചുള്ള അടിസ്ഥാന സൗകര്യ വികസനവും അതിവേഗത്തിൽ പുരോഗമിക്കുകയാണ്​. അബൂദബി, ദുബൈ, ഷാർജ തുടങ്ങിയ അഞ്ച്​ എമിറേറ്റുകളെ ബന്ധിപ്പിച്ച്​ 120 കിലോമീറ്റർ നീളത്തിൽ 12 ലൈനുകളുള്ള നാലാം ഫെഡറൽ കോറിഡോറി​ന്‍റെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്​.

600 കോടി ദിർഹമാണ്​ ഇതിന്‍റെ ചെലവ്​. പദ്ധതി പൂർത്തിയാകുന്നതോടെ ഫെഡറൽ റോഡുകളുടെ കാര്യക്ഷമത 73 ശതമാനം വർധിക്കുകയും ​പ്രതിദിനം കടന്നുപോകാൻ കഴിയുന്ന വാഹനങ്ങളുടെ എണ്ണം 3.6 ലക്ഷമാവുകയും ചെയ്യും. ദുബൈയിൽ റോഡ്​ ഗതാഗത അതോറിറ്റി ആരംഭിച്ച 72 അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ 2027 അവസാനത്തോടെ പൂർത്തിയാകും.

226 കിലോമീറ്റ നീളം വരുന്ന പദ്ധതിയിൽ 115 പാലങ്ങളും തുരങ്ക പാതകളും ഉൾപ്പെടും. ഇത്​ കൂടാതെ 2005 കോടി ദിർഹം ചെലവ്​ വരുന്ന മെട്രോ ബ്ലൂലൈൻ 2029ലും ഏതാണ്ട്​ ഒമ്പത്​ ശതകോടി ഡോളർ ചെലവ്​ വരുന്ന ഗോൾഡ്​ ലൈൻ പദ്ധതി 2032ലും പൂർത്തിയാകും.

Tags:    
News Summary - More than 5.5 lakh new drivers join the road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.