ദുബൈ: നെസ്ലെ ബേബി ഫോർമുലയുടെ അധിക ബാച്ചുകൾ പിൻവലിച്ച് എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ്(ഇ.ഡി.ഇ). മെഡിക്കൽ മേൽനോട്ടത്തിൽ മാത്രം ഉപയോഗിക്കാൻ നിർദേശിച്ചിട്ടുള്ള ഉൽപന്നമായ എസ്26 എ.ആർ ആണ് പുതുതായി പിൻവലിച്ചിട്ടുള്ളത്. പൊതുജനാരോഗ്യവും ഉപഭോക്തൃ സുരക്ഷയും സംരക്ഷിക്കുന്നതിനായി ഉൽപന്നത്തിന്റെ 5185080661, 5271080661, 5125080661 എന്നീ ബാച്ചുകളെയാണ് പിൻവലിച്ചതെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച നെസ്ലെയുടെ ചില ഇൻഫന്റ് ഫോർമുല ഉൽപന്നങ്ങൾ പിൻവലിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് വീണ്ടും ചില ഉൽപന്നങ്ങൾ പിൻവലിച്ചത്. നെസ്ലെയുമായി ഏകോപിപ്പിച്ചാണ് നടപടിയെന്നും സ്വയംസന്നദ്ധമായും മുൻകരുതൽ നടപടികളുടെ അടിസ്ഥാനത്തിലുമാണ് പിൻവലിക്കലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എൻ.എ.എൻ കംഫേർട്ട് 1, എൻ.എ.എൻ ഒപ്റ്റിപ്രോ 1, എൻ.എ.എൻ സുപ്രീം പ്രോ 1, 2, 3, എസ്-26 അൾട്ടിമ 1, 2, 3, അൽഫാമിനോ എന്നിവയാണ് ആദ്യഘട്ടത്തിൽ പിൻവലിച്ചത്.
ഉൽപാദനത്തിൽ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളിൽ ഒന്നിൽ ബാസിലസ് സെറിയസ് ബാക്ടീരിയയുടെ അംശം അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി ആരംഭിച്ചത്. സെറൂലൈഡ് എന്ന വിഷവസ്തു ഉൽപാദിപ്പിക്കാൻ ഇതിന് കഴിയും. ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള നടപടികളിലേക്ക് നയിച്ചത് ഇതുകാരണമാണെന്നും ഇ.ഡി.ഇ വ്യക്തമാക്കിയിരുന്നു. കുട്ടികളിൽ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾക്ക് കാരണമായേക്കാവുന്ന വിഷവസ്തു ഉൾപ്പെടുന്ന മലിനീകരണ സാധ്യത തിരിച്ചറിഞ്ഞതിനെത്തുടർന്ന് നെസ്ലെയുടെ ബേബി ഫോർമുല ഉൽപന്നങ്ങൾ ആഗോളതലത്തിൽ തിരിച്ചുവിളിച്ചിട്ടുണ്ട്.
കുട്ടികളുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ ഉൽപ്പന്നങ്ങളുടെ സുരക്ഷയും ഗുണനിലവാരവും ഇ.ഡി.ഇയുടെ ഏറ്റവും ഉയർന്ന മുൻഗണനയാണെന്ന് എസ്റ്റാബ്ലിഷ്മെന്റ് വ്യക്തമാക്കിയിടുണ്ട്. പിൻവലിച്ച ബാച്ചുകൾ കമ്പനിയുടെയും വിതരണക്കാരുടെയും വെയർഹൗസുകളിൽ ക്വാറന്റൈൻ ചെയ്തിട്ടുണ്ടെന്നുംഅധികൃതർ വെളിപ്പെടുത്തി. പിൻവലിക്കൽ സംബന്ധിച്ച് വിശദമായ പ്രസ്താവന ‘നെസ്ലെ മെന’ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഇ.ഡി.ഇ വ്യക്തമാക്കി. കൂടാതെ, യു.എ.ഇയിലെ ഉപഭോക്താക്കൾക്ക് ഉൽപന്ന ബാച്ചുകൾ എളുപ്പത്തിൽ പരിശോധിക്കാനും റീഫണ്ട് ലഭിക്കാനോ പകരം ലഭിക്കാനോ അപേക്ഷിക്കാനും ഉപയോക്തൃ-സൗഹൃദ ഡിജിറ്റൽ സംവിധാനങ്ങൾ നെസ്ലെ നടപ്പിലാക്കിയിട്ടുണ്ടെന്നും പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.