റാസൽഖൈമ പൊലീസ് ആസ്ഥാനം
റാസല്‍ഖൈമ: നിലവിലെ സാഹചര്യം അവലോകനം ചെയ്യാന്‍ പ്രത്യേക യോഗം ചേര്‍ന്ന് റാക് എമര്‍ജന്‍സി ക്രൈസിസ് ആൻഡ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ടീം. ദുരന്ത നിവാരണ സമിതി ചെയര്‍മാനും റാക് പൊലീസ് മേധാവിയുമായ മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുഐമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അസാധാരണ സാഹചര്യങ്ങളെ കാര്യക്ഷമമായി നേരിടുന്നതിന് ജാഗ്രത പുലര്‍ത്തുകയും സന്നദ്ധത ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി.
വിവിധ വകുപ്പുകളുടെ ഫീല്‍ഡ് റിപ്പോര്‍ട്ടുകള്‍, മനുഷ്യ വിഭവ ശേഷി, സാങ്കേതിക വിഭവങ്ങള്‍, ഓപ്പറേഷന്‍ റൂമുകള്‍, ആശയവിനിമയ സംവിധാനങ്ങള്‍, ഏകോപന സംവിധാനം തുടങ്ങിയവയെക്കുറിച്ച് വിലയിരുത്തിയ സംഘാംഗങ്ങള്‍ സമയോചിതവും ദ്രുതവേഗത്തില്‍ ഫലപ്രദമായ ഇടപെടലുകള്‍ക്കുള്ള സംവിധാനങ്ങളും പരിശോധിച്ചു. വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം ശക്തമാക്കുകയും കാര്യക്ഷമമായ ആശയവിനിമയ മാര്‍ഗങ്ങള്‍ ഉറപ്പാക്കുകയും വിവരങ്ങള്‍ തുടര്‍ച്ചയായി പങ്കുവെക്കേണ്ടത് അനിവാര്യമാണെന്നും ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.
മുന്‍കരുതല്‍ നടപടികള്‍ക്ക് തുടര്‍ച്ചയുണ്ടാകണമെന്നും ബന്ധപ്പെട്ടവര്‍ പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങളില്‍ കാര്യക്ഷമമായി പ്രചരിപ്പിക്കേണ്ടതിന്‍റെ പ്രാധാന്യവും യോഗത്തില്‍ വിഷയമായി. ജീവനും സ്വത്തും സംരക്ഷിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും അത്യാവശ്യ സേവനങ്ങള്‍ തടസമില്ലാതെ തുടരുന്നതിനും മുഴുസമയം നിരീക്ഷണം തുടരുമെന്നും ആവശ്യം വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ദുരന്ത നിവാരണ സമിതി അറിയിച്ചു. അടിയന്തര സാഹചര്യങ്ങളെ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന് എമിറേറ്റിലെ സമഗ്രമായ സംവിധാനം പൂര്‍ണ സജ്ജമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.