ദുബൈ പൊലീസ് പിടിച്ചെടുത്ത കാർ
ദുബൈ: അനധികൃതമായി മോടിപിടിപ്പിക്കുകയും അമിതവേഗത്തിൽ ഓടിക്കുകയും ചെയ്ത സൂപ്പർകാർ പിടിച്ചെടുത്ത് ദുബൈ പൊലീസ്. കാറിന്‍റെ എക്സ്ഹോസ്റ്റിൽ നിന്ന് തീപാറുന്ന രീതിയിലാണ് നിയമവിരുദ്ധമായ പരിഷ്കരണം വരുത്തിയത്. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ട്രാഫിക് പൊലീസ് വാഹനം പിടിച്ചെടുക്കാൻ ടപടി സ്വീകരിച്ചത്. വാഹനം വിട്ടുനൽകുന്നതിന് 10,000 ദിർഹമാണ് പിഴ ചുമത്തിയിരിക്കുന്നത്. വാഹനമോടിക്കുമ്പോൾ കനത്ത ശബ്ദുമുണ്ടാക്കുകയും മറ്റും റോഡ് ഉപയോക്താക്കൾക്ക് പ്രയാസം സൃഷ്ടിക്കുകയും ചെയ്തിരുന്നു.
റോഡ് ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകുന്ന പരീക്ഷണങ്ങൾക്കുള്ള സ്ഥലമല്ലെന്നും ദുബൈ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. വിഡിയോ ശ്രദ്ധയിൽപെട്ട ഉടൻ തന്നെ വാഹനം തിരിച്ചറിഞ്ഞ പൊലീസ് ഡ്രൈവറെ പിടികൂടുകയും ചെയ്തിരുന്നു. ട്രാഫിക് നിയമവും മാർഗനിർദേശങ്ങളും അനുസരിച്ച നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
ഏറ്റവും പുതിയ സാങ്കേതികവിദ്യയും ഡിജിറ്റൽ മോണിറ്റിങ് സംവിധാനങ്ങളുമാണ് നിയമലംഘകരെ കണ്ടെത്താൻ ദുബൈ പൊലീസ് ഉപയോഗിക്കുന്നതെന്ന് ട്രാഫിക് വിഭാഗം ആക്ടിങ് ഡയറക്ടർ ബ്രി. ജുമാ ബിൻ സുവൈദാൻ പറഞ്ഞു. റോഡിൽ അച്ചടക്കം പാലിക്കുന്നതും മികച്ച അന്തരീക്ഷം രൂപപ്പെടുത്തുന്നതും സാമൂഹികമായ കൂട്ടായ ഉത്തരവാദിത്തമാണെന്നും എല്ലാ യാത്രക്കാരും ട്രാഫിക് നിയമങ്ങൾ ശരിയായ രീതിയിൽ പാലിക്കണമെന്നും സമൂഹത്തിന്‍റെ സുരക്ഷയും സമാധാനവും ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.