ദുബൈ: രോഗലക്ഷണങ്ങൾ പ്രകടമാകുന്ന പക്ഷം വേഗത്തിൽ കോവിഡ് പരിശോധന നടത്തുന്നതിനായി അൽഐനിൽ രണ്ട് മൊബൈൽ കോവിഡ്19 സ്ക്രീനിങ് ക്ലിനിക്കുകൾ പ്രവർത്തനം തുടങ്ങി. അൽ ഐനിലെ തവാം ഹോസ്പിറ്റൽ അധികൃതരാണ് ഇതുസംബന്ധിച്ച് പുതിയ വിവരങ്ങൾ പങ്കുവെച്ചത്.
അബൂദബി ഹെൽത്ത് സർവിസസ് കമ്പനിയായ സേഹയുടെ കീഴിൽ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായാണ് മൊബൈൽ സ്ക്രീനിങ് സെൻറർ പ്രവർത്തിക്കുന്നത്. ആദ്യത്തെ ക്ലിനിക് അൽ ജിമി മല്ലയുടെ എതിർവശത്താണ് പ്രവർത്തിക്കുന്നത്.
അൽ ഐൻ ഹിലി ഇൻഡസ്ട്രിയൽ സോണിൽ മറ്റൊരു സ്ക്രീനിങ് ക്ലിനിക്കും പ്രവർത്തിക്കും. കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനായി സേഹ നടപ്പാക്കുന്ന മുൻകരുതൽ-പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഈ രണ്ട് ക്ലിനിക്കുകൾ ആരംഭിക്കുന്നതെന്ന് തവം ഹോസ്പിറ്റൽ ഓപറേഷന്‍സ് എക്സിക്യൂട്ടിവ് ഡയറക്ടർ യൂസഫ് അൽ കെത്ത്ബി പറഞ്ഞു.അൽ ജിമി മാളിന് എതിർവശത്തുള്ള ക്ലിനിക്ക് ആഴ്ചയിൽ ഏഴു ദിവസവും ഉച്ചക്ക് 12 മുതൽ മുതൽ വൈകീട്ട് ഏഴ് വരെ പരിശോധനക്കായി തുറന്നിരിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.
രണ്ടാമത്തെ ക്ലിനിക്കിെൻറ പ്രവർത്തന സമയം രാവിലെ 10 മുതൽ വൈകീട്ട് ഏഴ് വരെയാണ്. ഓരോ ക്ലിനിക്കിലും പത്ത് ഡോക്ടർമാർ, നഴ്സുമാർ, സഹായികൾ എന്നിവരടങ്ങുന്ന മെഡിക്കൽ പ്രഫഷനലുകളുടെ സംഘമാണ് കോവിഡ് 19 പരിശോധനക്ക് നേതൃത്വം നൽകുന്നത്. ശരീര താപനില, ഏതെങ്കിലും ലക്ഷണങ്ങൾ എന്നിവ പരിശോധിക്കുന്നതോടൊപ്പം മെഡിക്കൽ സർവേ, സ്വാബ് സാമ്പിൾ എടുക്കൽ എന്നിവയും ക്ലിനിക്കുകളുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെടും. പരിശോധനക്ക് വിധേയമാവരെ 48 മണിക്കൂറിനുള്ളിൽ പരിശോധനാ ഫലങ്ങൾ അറിയിക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങളാണ് സ്ക്രീനിങ് ക്ലിനിക്കുകളിൽ ഏർപ്പെടുത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.