ദുബൈ: ‘‘അമ്മമാരെ രണ്ടു പേരെയും എങ്ങനെ നാട്ടിലെത്തിക്കുമെന്ന ചിന്തയിലായിരുന്നു ഞാൻ. അനുമതി മാത്രമല്ല, മടക്കടിക്കറ്റിനുള്ള പണവും പ്രശ്നമായിരുന്നു. എന്നാൽ, ദൈവാനുഗ്രഹംപോലെ എല്ലാം നടന്നിരിക്കുന്നു. ആശങ്കകളില്ലാതെ അമ്മയെയും വല്യമ്മച്ചിയെയും നാട്ടിലെത്തിക്കാനായി. ഗൾഫ് മാധ്യമത്തിെൻറ പിന്തുണയാണ് എല്ലാത്തിനും വഴിയൊരുക്കിയത്. നന്ദിയുണ്ട് എല്ലാവരോടും, ഇങ്ങനെയൊരു ആശ്വാസം ലഭിക്കുമെന്ന് പ്രതീക്ഷിച്ചതല്ല’’ -ഷാർജയിൽ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശി സന്തോഷം മറച്ചുവെക്കാതെ പറഞ്ഞ വാക്കുകളാണിത്. കഴിഞ്ഞ 27ാം തീയതിയാണ് ദുബൈയിൽനിന്നു കൊച്ചിയിലേക്കുള്ള വിമാനത്തിലേറി ഇരുവരും യാത്രയായത്. ദുരിതകാലത്ത് ഒരുകൈ സഹായത്തിനുപോലും ആരുമല്ലാതായിപ്പോയവരെ നാട്ടിലെത്തിക്കാൻ ഗൾഫ് മാധ്യമവും മീഡിയവണും ഒരുക്കിയ മിഷൻ വിങ്സ് ഒാഫ് കംപാഷൻ പദ്ധതിയിലൂടെ നിരവധി പേരാണ് ഇതുപോലെ നാട്ടിലേക്ക് മടങ്ങിക്കൊണ്ടിരിക്കുന്നത്.
അർഹരായവർക്കെല്ലാം വിമാന ടിക്കറ്റ് ഇതിനകം കൈമാറിക്കഴിഞ്ഞു. പ്രവാസലോകത്തെ പ്രമുഖരുടെയും സുമനസ്സുകളുടെയും വ്യാപാര പ്രമുഖരുടെയും കനിവ് വറ്റാത്ത പ്രവാസിസഹോദരങ്ങളുടെയും സഹായത്തോടെ ഗൾഫ് മാധ്യമവും മീഡിയവണും രൂപകൽപന ചെയ്ത പദ്ധതിയിലൂടെ 86 ഓളം പേരാണ് ഇതിനകം നാട്ടിലെത്തിയത്.
വിവിധ ജി.സി.സി രാജ്യങ്ങളിലായി ആയിരങ്ങളാണ് യാത്രക്കായി എല്ലാ തയാറെടുപ്പുകളും നടത്തി കാത്തിരിക്കുന്നത്. നാടിനും കുടുംബത്തിനുമായി നല്ലൊരു ജീവിതം സമർപ്പിച്ചുകഴിഞ്ഞിട്ടും പ്രവാസലോകത്ത് ആരുമല്ലാതായിത്തീർന്നവരെ വിധിക്ക് വിട്ടുകൊടുക്കാനാവില്ലെന്ന ഉറച്ച പ്രഖ്യാപനമായിരുന്നു മിഷൻ വിങ്സ് ഒാഫ് കംപാഷൻ. കരളു കത്തുന്ന കാലത്തും കനിവോടെ സഹജീവികളെ ചേർത്തുപിടിക്കുന്ന ഇൗ ഉദ്യമത്തെ പ്രവാസലോകം രണ്ടു കൈയും നീണ്ടി സ്വീകരിച്ചതോടെയാണ് പലർക്കും നാടിെൻറ നനുത്ത സ്നേഹത്തിലേക്ക് ചേക്കേറാനായത്. ശേഷിക്കുന്നവർ എംബസിയിൽനിന്നുള്ള വിളിയും കാത്തിരിക്കുകയാണ്. റീബയും അമ്മ റജീനയും ഷാർജയിൽ ജോലി ചെയ്യുന്നതിനിടെയാണ് വല്യമ്മച്ചി കുഞ്ഞൂഞ്ഞാമ്മയെ വിസിറ്റ് വിസയിലെത്തിക്കുന്നത്. മൂന്നുമാസം കഴിഞ്ഞ് തിരിച്ചുപോകാനൊരുങ്ങുമ്പോഴാണ് കോവിഡിനെ തുടർന്ന് സർവം നിശ്ചലമായത്. ലോക്ഡൗണിലായതോടെ റജീനയുടെ ജോലിയും നഷ്ടമായി. ഇതിനിടെ കുഞ്ഞൂഞ്ഞാമ്മയുടെ മരുന്നുകളും കഴിഞ്ഞതോടെ പ്രതിസന്ധി രൂക്ഷമായി. ഇരുവരെയും സുരക്ഷിതമായി എങ്ങനെ നാട്ടിലെത്തിക്കുമെന്ന ചിന്തയിലായിരുന്നു റീബയുടെ പിന്നീടുള്ള ദിവസങ്ങൾ. എംബസിയിലും നോർക്കയിലും രജിസ്റ്റർ ചെയ്തെങ്കിലും പോകാൻ അനുമതി ലഭിച്ചാൽ എങ്ങനെ വിമാനടിക്കറ്റ് എടുക്കും എന്നതും ആശങ്ക പരത്തി. ഇതിനിടെ യാദൃച്ഛികമായാണ് മിഷൻ വിങ്സ് ഒാഫ് കംപാഷൻ സംബന്ധിച്ച വാർത്ത വായിക്കുന്നത്. ഒരു പ്രതീക്ഷയുമുണ്ടായിരുന്നില്ലെങ്കിലും അപേക്ഷ അയക്കുകയായിരുന്നു. ‘‘അപ്രതീക്ഷിതമായാണ് അവർ വിളിച്ചത്.
രണ്ടുപേർക്കും ടിക്കറ്റ് ലഭിക്കുമെന്ന് കേട്ടപ്പോഴുള്ള സന്തോഷവും ആശ്വാസവും പറഞ്ഞറിയിക്കാനാവാത്തതാണ്. നന്ദിയുണ്ട് എല്ലാരോടും, വലിയൊരു പുണ്യപ്രവൃത്തിയാണ് നിങ്ങൾ ചെയ്തത്’’ -നിറകണ്ണുകളോടെ റീബ പറഞ്ഞു പൂർത്തിയാക്കി. നാടണയാനാവാതെ നൊമ്പരപ്പെട്ടവരുടെ ആശങ്കക്ക് മുന്നിൽ അനുഗ്രഹംപോലെ തിരികെ യാത്രക്കുള്ള ടിക്കറ്റ് ലഭിച്ചപ്പോഴുള്ള സന്തോഷം കണ്ണുനിറഞ്ഞും വാക്കുകളിടറിയുമാണ് പലരും ഫോൺ വിളിച്ചു പങ്കുവെച്ചുകൊണ്ടിരിക്കുന്നത്. കണ്ണീരണിഞ്ഞ നിരവധി പേരുടെ വിളികളാണ് ഓരോ ദിവസവും മിഷൻ വിങ്സ് ഒാഫ് കംപാഷൻ പ്രവർത്തകരെയും തേടിയെത്തുന്നത്. നിരവധി വ്യവസായ പ്രമുഖരും കമ്പനികളും സ്ഥാപനങ്ങളും നൂറുകണക്കിന് ടിക്കറ്റുകളാണ് പദ്ധതിയിലേക്ക് സംഭാവന ചെയ്തത്. നൂറുകണക്കിന് സുമനസ്സുകളും പ്രവാസി പ്രമുഖരും മുതൽ വീട്ടമ്മമാരും കുരുന്നുകളും വരെ സഹായഹസ്തവുമായി മുന്നോട്ടുവന്നതോടെ ശരിക്കും പ്രവാസിലോകം ഒന്നിച്ച് ഒറ്റക്കെട്ടായാണ് കാരുണ്യത്തിെൻറ ചിറകുകളൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.