ഫെലിക്സ് ജെബിയെ കെട്ടിപ്പിടിക്കുന്ന പിതാവ് ജെബി തോമസ്
ഷാർജ: ഒരു ദിനം മുഴുവൻ കുടുംബത്തെയും മലയാളി പ്രവാസികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തി ഇരുട്ടിൽ ഓടിമറഞ്ഞ ഫെലിക്സ് ജെബിയെ ഒടുവിൽ കണ്ടെത്തി. ഷാർജ പൊലീസിനൊപ്പം കുടുംബാംഗങ്ങളും പ്രവാസികളും ഒന്നടങ്കം നടത്തിയ തിരച്ചിലിനൊടുവിൽ തിങ്കളാഴ്ച പുലർച്ചയാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുറപ്പെടൽ ഭാഗത്തുണ്ടെന്ന വിവരം ലഭിച്ചത്.
ശനിയാഴ്ച മാതാവിനും സഹോദരിക്കുമൊപ്പം ഷാർജയിലെ സിറ്റി സെന്ററിൽ ഷോപ്പിങ് നടത്തുന്നതിനിടെ ഓട്ടിസം ബാധിതനായ 18കാരൻ ഇരുട്ടിലേക്ക് ഓടിമറയുകയായിരുന്നു. ആശങ്കയിലായ മാതാവും സഹോദരിയും ഏറെനേരം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഷാർജ പൊലീസിൽ വിവരം അറിയിക്കുകയും കുട്ടിയുടെ ഫോട്ടോ സഹിതം സമൂഹമാധ്യമങ്ങളിൽ സന്ദേശം പങ്കുവെക്കുകയും ചെയ്തിരുന്നു. നിമിഷനേരം കൊണ്ട് ഈ സന്ദേശങ്ങൾ പതിനായിരങ്ങളാണ് പരസ്പരം കൈമാറിയത്. പലരും പല വഴിക്കും അന്വേഷണവും ആരംഭിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ കുവൈത്തിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയ ഇന്ത്യക്കാരനായ യാത്രക്കാരനാണ് ഫെലിക്സ് ജെബിയെ തിരിച്ചറിഞ്ഞതും പിതാവിനെ വിവരം അറിയിക്കുന്നതും. സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റർ ശ്രദ്ധയിൽപ്പെട്ടതാണ് കുട്ടിയെ തിരിച്ചറിയാൻ ഇദ്ദേഹത്തെ സഹായിച്ചത്.
ഇദ്ദേഹം വിവരം അറിയിച്ച പ്രകാരം ഉടൻ വിമാനത്താവളത്തിലെത്തിയ പിതാവ് ജെബി തോമസിന് സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു. മകനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുന്ന പിതാവിന്റെ വിഡിയോ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു. ‘ദൈവത്തിന്റെ സഹായത്താൽ അവൻ ഞങ്ങൾക്കൊപ്പമുണ്ട്. മകനെ കണ്ടെത്താൻ സഹായിച്ച ആ യാത്രക്കാരന് ഒരു പാട് നന്ദി’.- പിതാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.