ദുബൈ: യു.എ.ഇ സാമൂഹിക വികസന മന്ത്രാലയം മനുഷ്യാവകാശ സംഘടന പ്രഖ്യാപിച്ചു. യൂനിയൻ ഫോർ ഹ്യൂമൻറൈറ്റ്സ് അസോസിയേഷൻ എന്ന സംഘടനക്കാണ് മന്ത്രാലയം അംഗീകാരം നൽകിയത്. അബൂദബി ആസ്ഥാനമായ സംഘടനക്ക് യു.എ.ഇയിൽ എല്ലായിടത്തും പ്രവർത്തിക്കാൻ അനുമതിയുണ്ടാകും. പൊതുതാൽപര്യത്തിനായി പ്രവർത്തിക്കുന്ന സംഘടന എന്ന നിലക്കാണ് അസോസിയേഷന് അബൂദബി സി.ഡി.എ രജിസ്ട്രേഷനും ലൈസൻസും നൽകിയിരിക്കുന്നത്. സംഘടനയിൽ മനുഷ്യാവകാശ രംഗത്ത് വിദഗ്ധരായ 16 പേരുണ്ടാകും.
അന്താരാഷ്ട്ര മനുഷ്യാവകാശ പ്രസ്ഥാനങ്ങൾക്ക് രാജ്യം സമർപ്പിക്കേണ്ട റിപ്പോർട്ടുകളിൽ അഭിപ്രായം പറയാൻ സംഘടനക്ക് കഴിയും. ഇക്കാര്യത്തിൽ നിർദേശം സമർപ്പിക്കാനും സംഘടന ലക്ഷ്യമിടുന്നു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, പരിസ്ഥിതി മനുഷ്യാവകാശങ്ങൾ ഉറപ്പാക്കലും സംഘടനയുടെ ഉത്തരവാദിത്തമാണ്.
യു.എ.ഇയിലെ മനുഷ്യാവകാശ മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാനും പഠനം നടത്താനും റിപ്പോർട്ട് തയാറാക്കാനും സംഘടനക്ക് ചുമതലയുണ്ടാകും.
അന്താരാഷ്ട്ര നിയമം, പ്രധാന മനുഷ്യാവകാശ കൺവെൻഷനുകൾ, അന്തർദേശീയ മാനുഷിക നിയമം എന്നിവയിൽ പറഞ്ഞിരിക്കുന്ന അടിസ്ഥാന മൂല്യങ്ങളെയും തത്ത്വങ്ങളെയും പിന്തുണക്കുന്നതായിരിക്കും അസോസിയേഷന്റെ പ്രവർത്തനം. അധികാരികളുമായി ഏകോപിപ്പിച്ച് മനുഷ്യാവകാശ സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമുള്ള നിയമനിർമാണത്തിന് സംഭാവന ചെയ്യുക, ദേശീയ മനുഷ്യാവകാശ കേഡറുകളുടെ കഴിവുകൾ ശക്തിപ്പെടുത്തുന്നതിന് പ്രവർത്തിക്കുക, മനുഷ്യാവകാശ സംസ്കാരം പ്രോത്സാഹിപ്പിക്കുക, മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട പരിശീലന പരിപാടികൾ, സെമിനാറുകൾ, വർക്ക്ഷോപ്പുകൾ, കോൺഫറൻസുകൾ, പ്രാദേശിക, ദേശീയ, അന്തർദേശീയ പരിപാടികൾ എന്നിവ സംഘടിപ്പിക്കുക എന്നിവയും കൂട്ടായ്മയുടെ ചുമതലകളിൽ പെട്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.