ദുബൈ: ദുബൈ മെട്രോയിൽ കയറാൻ സ്റ്റേഷനിലെത്തുന്നവരെ കുറച്ച് ദിവസങ്ങളായി സ്വീകരിക്കുന്നത് സംഗീത മഴയാണ്. യാത്രക്കാരെ കൈയിലെടുത്ത്, കൈയടിപ്പിച്ച്, നൃത്തം ചെയ്യിച്ച് യാത്രാമംഗളങ്ങൾ നേരുകയാണ് ഇവിടെയുള്ള സംഗീതജ്ഞർ. അഞ്ചുദിവസമായി നടക്കുന്ന ദുബൈ മെട്രോ മ്യൂസിക് ഫെസ്റ്റിവൽ ചൊവ്വാഴ്ച അവസാനിക്കും. യൂനിയൻ, ബുർജുമാൻ, മാൾ ഓഫ് ദി എമിറേറ്റ്സ്, ജബൽഅലി, എക്സ്പോ 2020 എന്നീ സ്റ്റേഷനുകളിലാണ് സംഗീത പരിപാടി. നൃത്തവും പാട്ടുമായി യാത്രക്കാരും ഒപ്പം ചേരുന്നതോടെ ഈ സ്റ്റേഷനുകളിലെല്ലാം അഞ്ചുദിവസമായി ആഘോഷമാണ്.
മെട്രോ മ്യൂസിക് ഫെസ്റ്റിവലിന്റെ രണ്ടാം എഡിഷനാണ് ഇപ്പോൾ നടക്കുന്നത്. 17 രാജ്യങ്ങളിലെ 20 സംഗീതജ്ഞരാണുള്ളത്. കൊളംബിയ, കോസ്റ്റീക, ക്യൂബ, ഇക്വഡോർ, ഈജിപ്ത്, ഇന്ത്യ, യുക്രെയ്ൻ, കസാഖ്സ്ഥാൻ, ഫ്രാൻസ്, ഇന്തോനേഷ്യ, മെക്സികോ, ഫിലിപ്പീൻസ്, പോർചുഗൽ, ദക്ഷിണാഫ്രിക്ക, ട്രിനിഡാഡ് - ടുബേഗോ, സിറിയ, യു.എ.ഇ എന്നീ രാജ്യങ്ങളിലെ സംഗീതജ്ഞർ ഇവിടെയുണ്ട്. മാർച്ച് 16നാണ് പരിപാടി തുടങ്ങിയത്. പാട്ട് എന്നതിലുപരി വയലിൻ, ഗിത്താർ, ഡ്രംസ്, സൈലോ, സാക്സോഫോൺ, ഫ്ലൂട്ട് എന്നിവ ഉപയോഗിച്ചുള്ള സംഗീതമാണ് ഒഴുക്കുന്നത്. തബല (ഇന്ത്യ), സ്റ്റീപ്ലാൻ ഡ്രം (ട്രിനിഡാഡ് - ടുബേഗോ), ആങ്ഗ്ലങ് (ഇന്തോനേഷ്യ) തുടങ്ങിയ വിവിധ രാജ്യങ്ങളിലെ പരമ്പരാഗത സംഗീതോപകരണങ്ങളും ഉപയോഗിക്കുന്നു. മലയാളികൾ അടക്കം സംഘത്തിലുണ്ട്. പുനഃചംക്രമണം ചെയ്ത വസ്തുക്കളിൽനിന്ന് ഉണ്ടാക്കിയെടുത്ത സംഗീതോപകരണങ്ങളും കാണാം. യാത്രക്കാർ ഇവരോടൊപ്പം നിന്ന് ചിത്രങ്ങളുമെടുത്താണ് മടങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.