ഷാര്‍ജ: ടെലിവിഷന്‍ വാര്‍ത്താ അവതരണരംഗത്തെ പുതിയ വാഗ്ദാനങ്ങളെ കണ്ടെത്താന്‍ ‘മീഡിയവണ്‍’ഒരുക്കുന്ന ‘യു ആര്‍ ഓണ്‍ എയര്‍’ മല്‍സരത്തിന് ഇന്ന് തുടക്കമാകും. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയിലെ ഇൻറര്‍നാഷണല്‍ വിഭാഗത്തിലെ Z1 സ്റ്റാളില്‍ ഇതിനായി താല്‍കാലിക ന്യൂസ് സ്റ്റുഡിയോ ഒരുങ്ങി കഴിഞ്ഞു. വാര്‍ത്താ വായനയില്‍ മാത്രമല്ല ലൈവ് റിപ്പോര്‍ട്ടിങിലും മല്‍സരമുണ്ട് എന്നതാണ് ഇത്തവണത്തെ പ്രത്യേകത. മലയാളം വായിക്കാന്‍ അറിയാവുന്ന അഞ്ച് മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് മല്‍സരിക്കാം. ഇതിനായി അന്താരാഷ്ട്ര പുസ്തകമേളയിലെ മീഡിയവണ്‍ പവലിയനിലെത്തി പേര് രജിസ്റ്റര്‍ ചെയ്യാം. പേര് നല്‍കുന്നവര്‍ വാര്‍ത്താവായനയിലും ലൈവ് റിപ്പോര്‍ട്ടിങിലും മല്‍സരിക്കണം.
രണ്ടിനങ്ങളിലെ മികച്ച പ്രകടനത്തിനും വെവ്വേറെ സമ്മാനങ്ങളുണ്ടാകും. ഈമാസം ഒന്ന് മുതല്‍ 11 വരെ നീളുന്ന മല്‍സരത്തില്‍ ഓരോ ദിവസവും രണ്ടിനത്തിലും രണ്ട് ജേതാക്കളെ വീതമാണ് തെരഞ്ഞെടുക്കുക. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തര്‍ ഉള്‍പ്പെടുന്ന സമിതിയാണ് ജേതാക്കളെ നിശ്ചയിക്കുന്നത്, ജേതാക്കളെ മല്‍സരദിവസം മീഡിയവണ്‍ മീഡിലീസ്റ്റ് അവറിലൂടെയും അടുത്ത ദിവസത്തെ ഗള്‍ഫ് മാധ്യമം ദിനപത്രത്തിലൂടെയും പ്രഖ്യാപിക്കും. നൂറുകണക്കിന് വിദ്യാര്‍ഥികളാണ് കഴിഞ്ഞവര്‍ഷം യൂ ആര്‍ ഓണ്‍ എയര്‍ മല്‍സരത്തില്‍ മാറ്റുരച്ചത്. കോസ്മോ സ്പോര്‍ട്സ്, ഷാര്‍ജ ബുക്ക് അതോറിറ്റി, ബൈജുസ്, ഹൈപ്പര്‍ഫോണ്‍ എന്നിവയുടെ സഹകരണത്തോടെയാണ് ‘യൂ ആര്‍ ഓണ്‍ എയര്‍’ മല്‍സരം സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.