ദുബൈ: മീഡിയവൺ ചാനലിന് ഏർപ്പെടുത്തിയ വിലക്കിൽ പ്രവാസലോകത്തും പ്രതിഷേധം പുകയുന്നു. ഏകാധിപ്യത്തിലേക്കാണ് ഇന്ത്യയുടെ പോക്കെന്ന് യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന് പറഞ്ഞു. സ്വേച്ഛാധിപത്യം ഒരു നേട്ടമല്ല, അതൊരു രാജ്യത്തിന്റെ പതനമാണ്. മാധ്യമങ്ങളെ നിരോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യുമ്പോൾ നമ്മുടെ സ്വതന്ത്ര രാജ്യം സ്വേച്ഛാധിപത്യത്തിലേക്ക് ഒരു പടികൂടി അടുക്കുകയാണ്. ഇന്ത്യയിലെ മുസ്ലിം ഉടമസ്ഥതയിലുള്ള ഒരേയൊരു സ്വകാര്യ ഉപഗ്രഹ ചാനലാണ് മീഡിയവൺ ടി.വി. നിരോധിക്കപ്പെടാനുള്ള കാരണം അതാവാം. ജനാധിപത്യത്തിൽ മാധ്യമങ്ങളും അഭിപ്രായങ്ങളും സ്വതന്ത്രമായിരിക്കണം. മീഡിയവണിന്റെ നിരോധനം കേവലം മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കേന്ദ്രസർക്കാറിന്റെ കടന്നുകയറ്റം മാത്രമല്ല, ഇന്ത്യൻ ജനാധിപത്യത്തിനും ഭരണഘടനക്കും മേലുള്ള അധികാര ദുർവിനിയോഗമാണ്. നാളെ മറ്റു ചാനലുകളെയും അവർ തിരഞ്ഞുപിടിച്ചു കൂച്ചുവിലങ്ങിടും. എതിരഭിപ്രായങ്ങൾക്ക് ശബ്ദമില്ലാത്ത ഒരിന്ത്യയാണ് ലക്ഷ്യം. അതിനെതിരെ എല്ലാ ഭാഗത്തു നിന്നും പ്രതിഷേധമുയരണമെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യ മൂല്യങ്ങളുടെയും മാധ്യമ സ്വാതന്ത്രത്തിന്റെയും കടക്കൽ കത്തിവെച്ചുകൊണ്ട് മീഡിയവണിനെതിരെ കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തിയത് പ്രതിഷേധാർഹമാണെന്ന് ഐ.എം.സി.സി ആരോപിച്ചു. ജനാധിപത്യത്തിനുനേരെ ഫാഷിസ്റ്റുകൾ നടത്തുന്ന ഇത്തരം വെല്ലുവിളികൾ ജനധിപത്യ ഇന്ത്യ ഒറ്റക്കെട്ടായി നേരിടണമെന്ന് യു.എ.ഇ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞാവുട്ടി ഖാദർ, ജനറൽ സെക്രട്ടറി പി.എം. ഫാറൂഖ് അതിഞ്ഞാൽ, ട്രഷറർ അനീഷ് നീർവേലി എന്നിവർ ആവശ്യപ്പെട്ടു. മീഡിയവൺ സംപ്രേഷണവിലക്ക് ഹൈകോടതി ശരിവെച്ച നടപടി അപലപനീയമാണെന്നും ഈ വിഷയത്തിൽ മീഡിയവണിന് പരിപൂർണ പിന്തുണ നൽകുമെന്നും പി.സി.എഫ് ദുബൈ കമ്മിറ്റി പ്രസിഡന്റ് ഹക്കീം വാഴക്കാലയും സെക്രട്ടറി അമീർ കോഴിക്കരയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.