ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഷാർജ ഒരുക്കിയ ഗണിതശാസ്ത്ര പ്രദർശനം
ഷാർജ: ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഷാർജ, വിദ്യാർഥികളുടെ ക്രിയാത്മകത വർധിപ്പിക്കാനും ഗണിത ശാസ്ത്രത്തെ അടുത്തറിയാനും സഹായകമാവുംവിധം ശാസ്ത്രപ്രദർശനം സംഘടിപ്പിച്ചു. ‘മാത്തോസ് പിയർ’ എന്ന് നാമകരണം ചെയ്ത പ്രദർശന പരിപാടിയിൽ രാമാനുജൻ, ഇബ്നുസീന, അൽഖുവാരിസ്മി, പൈതഗോറസ് തുടങ്ങി ഗണിതശാസ്ത്ര രംഗത്തെ ശാസ്ത്രജ്ഞരുടെ ജീവിതവും കണ്ടുപിടിത്തങ്ങളും പരിചയപ്പെടുത്തുന്ന വൈവിധ്യമാർന്ന പ്രദർശനങ്ങളും പരിപാടികളും ഒരുക്കി.
നിർമിത ബുദ്ധിയുടെ സാങ്കേതിക സഹായങ്ങൾ ഗണിതശാസ്ത്രത്തിന്റെ പഠന പ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ച ആവിഷ്കാരങ്ങൾ ഗണിതമേളയുടെ പ്രത്യേകതയായിരുന്നു. ഗണിതവുമായി ബന്ധപ്പെട്ട പ്രവർത്തന മാതൃകകൾ, നിശ്ചല മാതൃകകൾ, എസ്കേപ് റൂം, സ്ക്വയർ പിരമിഡ്, ഗണിത ഗോപുരം, ഗണിത ബസാർ തുടങ്ങിയ പ്രദർശനങ്ങൾ, ഗണിത ശാസ്ത്രത്തെ ഏറ്റവും ലളിത മാർഗേന ഉൾക്കൊള്ളാൻ സഹായകമായ വഴികൾ വിദ്യാർഥികൾക്ക് പകർന്ന് നൽകി.
ഇന്ത്യ ഇൻറർനാഷനൽ സ്കൂൾ ഗണിതശാസ്ത്രം വിഭാഗം സംഘടിപ്പിച്ച മേള സ്കൂൾ പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി ഉദ്ഘാടനം ചെയ്തു. പെയ്സ് ഗ്രൂപ് സീനിയർ ഡയറക്ടർ അസീഫ് മുഹമ്മദ്, അസി. ഡയറക്ടർ സഫാ ആസാദ്, വൈസ് പ്രിൻസിപ്പൽമാരായ ഷിഫാന മുഈസ്, സുനാജ് അബ്ദുൽ മജീദ് തുടങ്ങിയവർ ആശംസ നേർന്നു. പ്രധാനാധ്യാപകൻ ധിധേന്ദർ പാണ്ഡേ, ഗണിതാധ്യാപകരായ സതീശൻ, ഫർഹാൻ, റംലത്ത്, റൈബിൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശാസ്ത്രമേള സജ്ജമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.