അജ്മാന്: ലോകത്തെ ഏറ്റവും മികച്ച ടൂറിസ്റ്റ് ഗ്രാമമായി അജ്മാനിലെ മസ്ഫൂത്തിന് ഐക്യരാഷ്ട്രസഭ അംഗീകാരം. ലോകമെമ്പാടുമുള്ള 65 രാജ്യങ്ങളിൽനിന്നുള്ള 270 ഗ്രാമങ്ങൾ ഉൾപ്പെട്ട ശക്തമായ മത്സരത്തിലാണ് അജ്മാനിലെ മസ്ഫൂത്ത് ഗ്രാമം ഐക്യരാഷ്ട്രസഭ ടൂറിസം ഓർഗനൈസേഷന്റെ (യു.എൻ.ടി.ഒ) 2025ലെ ‘ലോകത്തിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് ഗ്രാമം’ അവാർഡ് നേടിയത്.
മനോഹരമായ പ്രകൃതിയും അതുല്യമായ ഭൂമിശാസ്ത്രപരമായ സ്ഥാനവുമാണ് മസ്ഫൂത്തിനെ പ്രശസ്തമാക്കുന്നത്. വേനൽക്കാലത്ത് മിതമായ കാലാവസ്ഥ, കുറഞ്ഞ ഈർപ്പം, ശൈത്യകാലത്ത് താരതമ്യേന തണുത്ത കാലാവസ്ഥ എന്നിവയും പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന ഫലഭൂയിഷ്ഠവും ഉയർന്ന നിലവാരമുള്ളതുമായ കാർഷിക ഭൂമികളും ഇവിടത്തെ പ്രത്യേകതകളാണ്.
കൃഷിപോലുള്ള പരമ്പരാഗത ജോലികൾ നിർവഹിക്കുന്ന 15000ൽ കൂടുതൽ ആളുകളില്ലാത്ത കുറഞ്ഞ ജനസാന്ദ്രതയുള്ള ഗ്രാമം എന്നതും അവാർഡിന്റെ മാനദണ്ഡമായി പരിഗണിക്കപ്പെട്ടു. 2021ൽ ഐക്യരാഷ്ട്രസഭ ടൂറിസം ഓർഗനൈസേഷൻ ആരംഭിച്ച ഏറ്റവും പ്രധാനപ്പെട്ട ആഗോള സംരംഭങ്ങളിലൊന്നാണ് ‘ലോകത്തിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് വില്ലേജ്’ അവാർഡ്.
2021ൽ ഹത്ത വില്ലേജ്, മുൻ വർഷങ്ങളിൽ ഷിസ്, ക്വിദ്ഫ ഗ്രാമങ്ങൾ എന്നിവയടക്കം മുൻ പതിപ്പുകളിൽ യു.എ.ഇയിലെ വിവിധ ഗ്രാമങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ യു.എ.ഇയിലെ സാമ്പത്തിക, ടൂറിസം മന്ത്രാലയം മസ്ഫൂത്തിലാണ് ‘ലോകത്തിലെ ഏറ്റവും തണുപ്പുള്ള ശൈത്യകാലം’ എന്ന കാമ്പയ്ൻ ആരംഭിച്ചത്.
വൈവിധ്യമാർന്നതും നൂതനവുമായ ടൂറിസം പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിലൂടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും കുടുംബ സ്ഥിരത വർധിപ്പിക്കുന്നതിലും മസ്ഫൂത്തിലെ ടൂറിസം പങ്കുവഹിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആഗ്രഹിക്കുന്നതായി യു.എ.ഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി പറഞ്ഞു.
ചൈനയിലെ ഷിജിയാങ് പ്രവിശ്യയിലെ ഹുഷൗവിൽ നടന്ന ചടങ്ങിൽ അജ്മാൻ ടൂറിസം വികസന വകുപ്പിന്റെ ഡയറക്ടർ ജനറൽ മഹ്മൂദ് ഖലീൽ അൽ ഹാഷിമിയും സാമ്പത്തിക, ടൂറിസം മന്ത്രാലയത്തിലെ ടൂറിസം വികസന വകുപ്പ് ഡയറക്ടർ മുഹമ്മദ് അൽ അഹ്ബാബിയും അടക്കമുള്ള പ്രതിനിധി സംഘം അവാർഡ് സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.