ദുബൈ: ജീവെൻറ നല്ലപാതിക്ക് അമൂല്യമായൊരു സമ്മാനവും കരുതിവെച്ചാണ് മലപ്പുറം കുറ്റിപ്പുറം പേരശ്ശന്നൂർ ആവക്കാട്ടിൽ ഹസൻകുട്ടി എന്ന മാനുപ്പ രണ്ടുമാസം മുമ്പ് നാട്ടിലേക്കുള്ള യാത്രക്കൊരുങ്ങിയത്. പുത്തനുടുപ്പും കളിക്കോപ്പുമായെത്തുന്ന ഉപ്പയെ കുഞ്ഞുമക്കൾ കാത്തിരിക്കുന്നതുപോലെ ജീവെൻറ പാതിയുമായെത്തുന്ന ഭർത്താവിനായി കാത്തിരിപ്പിലായിരുന്നു പ്രിയപ്പെട്ടവൾ ലൈല. ജോലി ചെയ്ത സ്ഥാപനത്തിെൻറ ചതിയും കോവിഡും ചേർന്ന് ഹസൻകുട്ടിയുടെ ജീവൻ തട്ടിയെടുത്തപ്പോൾ ലൈലക്ക് നഷ്ടമായത് ഭർത്താവിനെ മാത്രമല്ല, ജീവിതകാലം മുഴുവൻ തെൻറ ശരീരത്തിൽ അവശേഷിക്കുമായിരുന്ന പ്രിയപ്പെട്ടവെൻറ ജീവെൻറ തുടിപ്പുകൂടിയായിരുന്നു.
രണ്ട് കിഡ്നിയും തകരാറിലായി ആശുപത്രിയിൽ കഴിയുന്ന ഭാര്യക്ക് വൃക്ക പകുത്തുനൽകാനുള്ള യാത്രക്കൊരുങ്ങവെയാണ് ഹസൻകുട്ടി കോവിഡ് ബാധിച്ച് മരിച്ചത്. ജീവൻ നഷ്ടമായിട്ടും ഹസൻകുട്ടിയുടെ കുടുംബത്തോടുള്ള ക്രൂരത തുടരുന്ന മലയാളി വ്യവസായിയുെട സ്ഥാപനത്തിെൻറ നെറികേടിനെതിരെ പ്രവാസിമണ്ണിൽ രോഷം പുകയുകയാണ്. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തടഞ്ഞുവെച്ചതിന് പുറമെ, കോവിഡ് ബാധിച്ച് വെൻറിലേറ്ററിലായിരുന്ന മനുഷ്യനെതിരെ കള്ളക്കേസ് കൊടുത്ത് മാനസികമായി പീഡിപ്പിച്ചാണ് അദ്ദേഹത്തെ മരണത്തിലേക്ക് തള്ളിവിട്ടത്. ഉപ്പയുടെ വിയർപ്പിെൻറ കൂലി കിട്ടിയാൽ ഉമ്മയുടെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്താമെന്ന പ്രതീക്ഷയിൽ മകൻ ഫായിസ് ദുബൈയിൽ തങ്ങുകയാണ്. വൃക്കരോഗം ബാധിച്ച് ആറുവർഷം മുമ്പ് മരിച്ച രണ്ടാമത്തെ മകൻ ഫായികിെൻറ അവസ്ഥ ഭാര്യക്കും വരാതിരിക്കാനാണ് ഹസൻകുട്ടി വൃക്ക പകുത്തുനൽകാൻ തീരുമാനിച്ചത്. ഒരേ രക്തഗ്രൂപ്പിലുള്ള ഇരുവരുടെയും വൃക്ക യോജിക്കുമെന്ന അധികൃതരുടെ നിർദേശത്തെ തുടർന്ന് രണ്ട് മാസം മുമ്പ് നാട്ടിലേക്ക് തിരിക്കാനിരുന്നതായിരുന്നു അദ്ദേഹം. എന്നാൽ, ഒരു വർഷമായി ശമ്പളം തടഞ്ഞുവെച്ച കമ്പനിയുമായുള്ള കേസുകൾ യാത്ര നീട്ടി. പോകാൻ വഴി തെളിഞ്ഞപ്പോഴാവെട്ട, വിമാനവിലക്കുമെത്തി.
ആകാശമാർഗം തുറക്കുന്നതും കാത്തിരിക്കുേമ്പാഴാണ് കഴിഞ്ഞമാസം 26ന് കോവിഡ് പരിേശാധനയിൽ പോസിറ്റിവാണെന്ന് തെളിയുന്നത്. ആശുപത്രിയിൽ പോകാൻ വാഹനം ചോദിച്ചപ്പോൾ അതുപോലും വിട്ടുനൽകാൻ കമ്പനി തയാറായില്ലെന്ന് മകൻ പറയുന്നു. ന്യുമോണിയ കൂടിപ്പോയതിനാൽ 20 ദിവസം വെൻറിലേറ്ററിലായിരുന്നു. ഇതിനിടെയാണ് ഹസൻകുട്ടിക്കെതിരെ കമ്പനി കേസ് നൽകിയത്. സ്ഥാപനത്തിനെതിരെ പരാതി കൊടുത്തതിെൻറ പ്രതികാരമായിരുന്നു ഇതെന്ന് ബന്ധുക്കൾ പറയുന്നു. കേരളത്തിൽ നിരവധി ഫിനാൻഷ്യൽ സ്ഥാപനങ്ങളുള്ള പ്രമുഖ മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണിത്.
നാലുദിവസം മുമ്പ് ഹസൻകുട്ടി മരിച്ചപ്പോൾ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മോർച്ചറിയുടെ മുന്നിൽനിന്ന് മകൻ കമ്പനിയിലേക്ക് വിളിച്ചിരുന്നു. കമ്പനിക്കെതിരായ പിതാവിെൻറ കേസ് പിൻവലിച്ചാൽ തങ്ങളും പിന്മാറാമെന്നായിരുന്നു മറുപടി. എന്നാൽ, സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് കേസ് പിൻവലിക്കാതെ തന്നെ മൃതദേഹം ലഭിക്കുകയും ഖബറടക്കുകയും ചെയ്തു. ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമുൾപ്പെടെ ലക്ഷക്കണക്കിന് രൂപയാണ് ഹസൻകുട്ടിക്ക് ലഭിക്കാനുള്ളത്.
ആഴ്ചയിൽ മൂന്നുദിവസം ഡയാലിസിസ് ചെയ്ത് ജീവൻ നിലനിർത്തുന്ന ലൈലയുടെ ചികിത്സക്ക് ഇൗ തുക മാത്രമാണ് കുടുംബത്തിെൻറ പ്രതീക്ഷ.
ഇതൊരു ഹസൻകൂട്ടിയുടെ മാത്രം അവസ്ഥയല്ല. ഇതുപോലുള്ള നിരവധി പേർ ശമ്പളമില്ലാത്തതിനെ തുടർന്ന് സ്ഥാപനത്തിനെതിരെ കേസ് കൊടുത്ത് ലേബർ ക്യാമ്പിൽ കഴിയുന്നുണ്ട്. അവരെയും മരണത്തിലേക്ക് തള്ളിവിടുന്നതിന് മുമ്പ് അധികാരികളുടെ ഇടപെടലാണ് ഉണ്ടാവേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.