റാക് ബിഗ്ഗസ്റ്റ് വെയ്റ്റ് ലോസ് ചലഞ്ചിലെ വനിതാ ജേതാക്കളായ മുഹ്സിന, ഷഹാന, അമില എന്നിവര്‍ റാക് ഹോസ്പിറ്റല്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. റാസ സിദ്ദീഖിയോടൊപ്പം
റാസൽഖൈമ: ആരോഗ്യസംരക്ഷണ രംഗത്ത് നിശ്ചയദാർഢ്യത്തിന്റെ പുതുവഴികൾ കാണിച്ചുതരുകയാണ് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ വനിത പ്രവാസികൾ. റാക് ഹോസ്പിറ്റല്‍ നടത്തിയ ബിഗ്ഗസ്റ്റ് വെയ്റ്റ് ലോസ് ചലഞ്ചില്‍ തദ്ദേശീയരും വിദേശികളുമായ നൂറുകണക്കിന് വനിതകളെ പിന്നിലാക്കി ശരീരഭാരം കുറച്ച് ജേതാക്കളായിരിക്കുകയാണിവർ.
ദുബൈയിൽ താമസിക്കുന്ന മലപ്പുറം കുറ്റിപ്പുറം സ്വദേശിയുടെ ഭാരം 94.3 കിലോഗ്രാമായിരുന്നു. ചലഞ്ചിലൂടെ 23.3 കിലോ ഗ്രാം കുറച്ചാണ് 71 കിലോയിൽ എത്തിച്ചത്. വെയ്റ്റ് ലോസ് ചലഞ്ചിനൊപ്പം ചേരാനായതാണ് തനിക്ക് നേട്ടമായതെന്ന് മുഹ്സിന പറയുന്നു.
ഭക്ഷണശീലങ്ങളില്‍ മാറ്റം വരുത്തി വ്യായാമങ്ങളിലേര്പ്പെട്ട ആദ്യ ദിവസങ്ങളില്‍ പ്രയാസം തോന്നിയെങ്കിലും മനസ്സിനെ പാകപ്പെടുത്തി റാക് ഹോസ്പിറ്റൽ ടീം നല്കുന്ന നിർദേശങ്ങള്‍ പിന്തുടര്ന്നു. ചെറുപ്പം മുതല്‍ താന്‍ ബോഡി ഷെയ്മിങ്ങിന് വിധേയമായിട്ടുണ്ട്. കുടുംബത്തിന്റെയും ഭര്‍ത്താവ് ഷഹീനിന്റെയും പൂര്‍ണ പിന്തുണയാണ് വിജയ കിരീടത്തിനര്ഹയാക്കിയതെന്ന് മുഹ്സിന പറഞ്ഞു.
71.7 കിലോ ഗ്രാം 52.3 കിലോയിലെത്തിച്ചാണ് ദുബൈയിലുള്ള തമിഴ്നാട് സ്വദേശിനി ഷഹാന റുക്സാന യസീര്‍ ചലഞ്ചില്‍ രണ്ടാമതെത്തിയത്. ഷാര്‍ജയിലുള്ള തൃശൂര്‍ തൃപ്രയാര്‍ സ്വദേശിനി അമില അബ്ബാസ് മങ്ങാട്ട് 12 ആഴ്ച കൊണ്ട് 18.3 കിലോ ഗ്രാം ഭാരം കുറച്ചാണ് മൂന്നാം സ്ഥാനത്തിനര്‍ഹയായത്. 99 കിലോഗ്രാം ഭാരം ചലഞ്ചിലൂടെ 80.7 കിലോഗ്രാമിലെത്തിക്കാൻ ഈ വീട്ടമ്മക്ക് സാധിച്ചു.
റാക് വെയ്റ്റ് ലോസ് സംഘാടകരുടെ നിർദേശങ്ങള്‍ പൂര്‍ണമായി പിന്തുടര്‍ന്നതാണ് തങ്ങള്‍ക്ക് നേട്ടമായതെന്നും ഷഹാനയും അമിലയും പറയുന്നു. നല്ലൊരു അനുഭവമായിരുന്നു അത്. ആരോഗ്യമെന്ന സമ്പത്തിനെ മുറുകെ പിടിക്കേണ്ടത് അത്യാവശ്യമാണ്. തദ്ദേശീയര്‍ക്കും വ്യത്യസ്ത രാജ്യക്കാര്ക്കുമൊപ്പം മത്സരിച്ച് മുന്നിലെത്തൊന് കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും ഇവര്‍ പറയുന്നു. 18,000ത്തോളം പേര് റാക് ബിഗ്ഗസ്റ്റ് വെയ്റ്റ് ലോസ് ചലഞ്ചില്‍ പങ്കാളികളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.