ദുബൈ: യാത്രാവിലക്ക് തുടങ്ങിയ ശേഷം കേരളത്തിൽ നിന്നുള്ള ആദ്യ സ്വകാര്യ ജെറ്റിൽ യാത്രക്കാർ യു.എ.ഇയിലെത്തി. പാലക്കാട് സ്വദേശിയും ബിസിനസുകാരനുമായ പി.ഡി. ശ്യാമളെൻറ കുടുംബവും ഓഫിസ് ജീവനക്കാരും അടങ്ങിയ 13 അംഗ സംഘമാണ് ദുബൈ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്. രണ്ട് ലക്ഷം ദിർഹം (40 ലക്ഷം രൂപ) മുടക്കിയാണ് ഇവർ സ്വകാര്യ ജെറ്റിൽ യാത്ര ചെയ്തത്.
യാത്രാ വിലക്കുണ്ടെങ്കിലും ബിസിനസുകാർക്ക് ചെറുവിമാനങ്ങളിൽ യു.എ.ഇയിൽ എത്തുന്നതിന് തടസമില്ല. എന്നാൽ, ദുബൈ സിവിൽ ഏവിയേഷെൻറയും ഇന്ത്യൻ അധികൃതരുടെയും അനുമതി വേണമെന്ന് മാത്രം. ഈ സൗകര്യം ഉപയോഗിച്ചാണ് കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഇവർ പുറപ്പെട്ടത്. ദുബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്മാർട് ട്രാവൽസാണ് വിമാനം ചാർട്ടർ ചെയ്തത്.
മാർച്ച് 15നാണ് മകൾ അഞ്ജുെൻറ വിവാഹത്തിനായി ശ്യാമളനും കുടുംബവും ജീവനക്കാരും നാട്ടിലെതിയത്. ഏപ്രിൽ 25ന് മടങ്ങിവരാനായിരുന്നു പദ്ധതി. എന്നാൽ, ഇതിന് തൊട്ടുമുൻപ് യാത്ര വിലക്കേർപെടുത്തി. ഇതോടെ നാട്ടിൽ കുടുങ്ങിയ ഇവർ എങ്ങിനെ മടങ്ങിയെത്തണമെന്ന ചിന്തയിലായി. ഇതിനിടയിലാണ് സ്വകാര്യ ജെറ്റുകൾക്ക് അനുമതി നൽകുന്ന വിവരം അറിഞ്ഞത്. യു.എ.ഇ കേന്ദ്രീകരിച്ചുള്ള ബിസിനസായതിനാൽ എങ്ങിനെയും മടങ്ങിയെത്തണമെന്ന ആഗ്രഹത്തെ തുടർന്നാണ് ജെറ്റിനായി ശ്രമിച്ചത്. ഇത് വിജയിക്കുകയായിരുന്നു. ശ്യാമളൻ, ഭാര്യ, കഴിഞ്ഞ ദിവസം വിവാഹം കഴിഞ്ഞ മകൾ അഞ്ജു, മരുമകൻ ശിവ പ്രസാദ്, മാതാപിതാക്കൾ, ഭാര്യയുടെ മാതാപിതാക്കൾ, സഹോദരി, നാല് ജീവനക്കാർ എന്നിവരടങ്ങിയ സംഘമാണ് ദുബൈയിൽ എത്തിയത്. ഷാർജ ആസ്ഥാനമായ അൽ റാസ് ഗ്രൂപ്പിെൻറ എം.ഡിയാണ് ശ്യാമളൻ. നാല് പതിറ്റാണ്ടായി യു.എ.ഇയിലുണ്ട്.
നാട്ടിൽ നിന്ന് 48 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് ടെസ്റ്റ് നിർബന്ധമാണ്. ഇവിടെ എത്തിയ ശേഷം വിമാനത്താവളത്തിലും നാലാം ദിവസവും എട്ടാം ദിവസവും പരിശോധന നടത്തണം. പത്ത് ദിവസം ഹോം ക്വാറൻറീനും നിർബന്ധമാണ്. ഇന്ത്യയിൽ കുടുങ്ങിയ നിരവധിയാളുകളാണ് സ്വകാര്യ ജെറ്റിൽ യു.എ.ഇയിൽ എത്താൻ കാത്തിരിക്കുന്നതെന്നും കഴിയുന്നത്ര വിമാനങ്ങൾ ഒരുക്കാൻ ശ്രമിക്കുമെന്നും സ്മാർട് ട്രാവൽസ് എം.ഡി അഫി അഹ്മദ് പറഞ്ഞു. സുരക്ഷിതത്വം കണക്കിലെടുത്ത് പ്രായമായ രക്ഷിതാക്കളെ യു.എ.ഇയിൽ എത്തിക്കാൻ ആഗ്രഹിക്കുന്നവരുണ്ട്. ഇത്തരം ആവശ്യവുമായി നിരവധിപേർ വിളിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.